പുൽപള്ളി- കടമാൻതോട് ജലസേചന പദ്ധതിക്കായുള്ള ഭൂതല സർവേ വൈകാതെ നടത്തും. ഭൂതല സർവേ നടത്തുന്നതിൽ ജല വിഭവ വകുപ്പുമായി സഹകരിക്കാൻ ഇന്നലെ സഹകരണ ബാങ്ക് ഹാളിൽ ജില്ലാ കലക്ടർ ഡോ.രേണുരാജിന്റെ സാന്നിധ്യത്തിൽ ചേർന്ന പഞ്ചായത്തുതല യോഗം തീരുമാനിച്ചു. സർവേ തുടങ്ങുന്ന തീയതി അടുത്ത ദിവസം പ്രഖ്യാപിക്കും. വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുന്ന മുറയ്ക്കു പഞ്ചായത്തുതലത്തിലും വാർഡുതലങ്ങളിലും ചർച്ചചെയ്തശേഷമായിരിക്കും പദ്ധതി പ്രാവർത്തികമാക്കുന്നതിൽ അന്തിമ തീരുമാനം.
കഴിഞ്ഞമാസം കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചതനുസരിച്ചാണ് ഇന്നലെ പഞ്ചായത്തുതല യോഗം ചേർന്നത്. പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന ജോസ്, ബിന്ദു പ്രകാശ്, എ.എൻ.സുശീല, പുൽപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ, വിവിധ സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ 11 ആരംഭിച്ച യോഗം ഉച്ചയ്ക്കു ഒന്നരയോടെയാണ് സമാപിച്ചത്. ചിലർ പദ്ധതിയെ എതിർത്തു സംസാരിച്ചെങ്കിലും ഭൂതല സർവേ നടപടിയുമായി മുന്നോട്ടുപോകാമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.
ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചതിനുശേഷമേ അണയുടെ നിർമാണം തുടങ്ങൂവെന്ന് ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭൂതല സർവേ നടത്തിയാൽ മാത്രമേ പദ്ധതിയുടെ വൃഷ്ടിപ്രദേശം, അണയിൽ നിശ്ചിത അളവിൽ വെള്ളം കെട്ടിനിർത്തുമ്പോൾ മുങ്ങിപ്പോകുന്ന ഭൂപ്രദേശത്തിന്റെ വിസ്തൃതി
തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയാകൂവെന്ന് അവർ വിശദീകരിച്ചു. ഭൂതല സർവേ നടത്തുന്നതിനെ എതിർക്കില്ലെന്നു രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കി. കുടിയൊഴിയേണ്ടിവരുന്നവർക്കു നൽകേണ്ട സ്ഥലവില, നഷ്ടപരിഹാരം എന്നീ വിഷയങ്ങളിൽ പദ്ധതി നടപ്പാക്കുന്നുവെങ്കിൽ മാത്രം സർക്കാരുമായി ചർച്ച ചെയ്തു തീരുമാനമെടുക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രാഥമികമായി ഡാമിന്റെ അലൈൻമെന്റ് പരിശോധിക്കും.