Sorry, you need to enable JavaScript to visit this website.

സുരക്ഷാ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യുവാവിൽനിന്ന് സ്വർണം പിടികൂടി

നെടുമ്പാശ്ശേരി- ശരീരത്തിലൊളിപ്പിച്ച സ്വർണ്ണവുമായി സുരക്ഷ പരിശോധനകൾ എല്ലാം പൂർത്തീകരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കടന്ന വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരനായ യുവാവും ഇയാളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ആളും പോലീസ് പിടിയിൽ. ഇരിങ്ങാലക്കുട മുരിയാക്കാട്ടിൽ വീട്ടിൽ സൂരജ് (28), കൂട്ടിക്കൊണ്ടുപോകാനെത്തിയ മലപ്പുറം പൊന്നാനി കുട്ടിയമാക്കാനകത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ റഹ്മാൻ (25) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്താലൊളിപ്പിച്ച നിലയിൽ 634 ഗ്രാമോളം തൂക്കം വരുന്ന സ്വർണ്ണം സൂരജിൽനിന്ന് പിടികൂടി. നാല് ക്യാപ്‌സൂളുകളാക്കിയാണ് സ്വർണ്ണം കൊണ്ടു വന്നത്. ദുബൈയിൽ നിന്ന് ശനിയാഴ്ച പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഇയാൾ എത്തിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക പോലീസ് ടീമിനെ എയർപോർട്ടിലും പരിസരത്തും നിരീക്ഷണത്തിനായി നിയോഗിച്ചിരുന്നു. സംശയം തോന്നിയ ഇവരെ പരിശോധനക്കായി എയ്ഡ് പോസ്റ്റിൽ തടഞ്ഞു നിർത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ 30 ന് വിദേശത്ത് നിന്ന് അനധികൃതമായി കടത്തികൊണ്ടുവന്ന 20 പവൻ സ്വർണ്ണം വിമാനത്താവള പാർക്കിംഗ് ഏരിയക്ക് സമീപം പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി അജ്മൽ അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ സോണി മത്തായി, സബ് ഇൻസ്‌പെക്ടർ എസ്.ശിവപ്രസാദ്, എ.എസ്.ഐ ഷിജു, ബൈജു കുര്യൻ, എസ്.സി.പി.ഒ ബിന്ദു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സ്വർണ്ണ കള്ളക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നതിന് പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
 

Latest News