തിരുവനന്തപുരം - സര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഇല്ലാക്കഥകളും ദുരാരോപണങ്ങളുമൊന്നും ജനങ്ങള്‍ക്കിടയില്‍ ഏല്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടി പൊക്കുന്ന ആരോപണങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് ആരും കരുതണ്ട . ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉത്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇരുമെയ്യാണെങ്കിലും ഒരു കരളായാണ് യു.ഡി.എഫും ബി.ജെ.പിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് ഭരണത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയല്‍ നീക്ക രീതികള്‍ മാറി വരികയാണ്. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. എന്നാല്‍ അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ അതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. ജനങ്ങളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.