ജിദ്ദ - ജിദ്ദയിൽ നിന്ന് സുഡാനിലെ പോർട്ട്‌സുഡാൻ എയർപോർട്ടിലേക്കുള്ള വിമാന സർവീസുകൾ ഇന്ന്(ശനി) മുതൽ പുനരാരംഭിച്ചു. ഏപ്രിൽ മധ്യം മുതൽ സൗദിയിൽ നിന്ന് സുഡാനിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. സുഡാൻ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസം തന്നെ ഖാർത്തൂം വിമാനത്താവളത്തിൽ സൗദിയ വിമാനത്തിനു നേരെ വെടിവെപ്പുണ്ടായിരുന്നു.
യാത്രക്കാരുമായി റിയാദിലേക്ക് പറന്നുയരാൻ ഒരുങ്ങുന്നതിനിടെയാണ് സൗദിയ വിമാനത്തിനു നേരെ ആക്രമണമുണ്ടായത്. വിമാന ജീവനക്കാരെയും വിമാനത്തിലുണ്ടായിരുന്ന സൗദി പൗരന്മാരെയും പിന്നീട് സുരക്ഷിതമായി ഒഴിപ്പിച്ച് ഖാർത്തൂം സൗദി എംബസിയിലെത്തിച്ചു. ഇവരെ പിന്നീട് സൗദി നാവിക സേനാ കപ്പലിൽ ജിദ്ദയിലെത്തിക്കുകയായിരുന്നു.
ഇന്നലെ ജിദ്ദയിൽ നിന്ന് പോർട്ട്‌സുഡാനിലേക്ക് പുറപ്പെട്ട വിമാനത്തിൽ 120 യാത്രക്കാരാണുണ്ടായിരുന്നത്. സുഡാൻ വിമാന കമ്പനിയായ ടാർകോ ആണ് ജിദ്ദക്കും പോർട്ട്‌സുഡാനുമിടയിൽ സർവീസുകൾ നടത്തുന്നത്. ഈ മാസാവസാനം വരെ പ്രതിദിനം നാലു സർവീസുകൾ വീതം ജിദ്ദക്കും പോർട്ട്‌സുഡാനുമിടയിൽ ടാർകോ നടത്തും. മക്കയിലും മദീനയിലും കുടുങ്ങിയ സുഡാനി ഉംറ തീർഥാടകരുടെ മടക്കയാത്രക്കു വേണ്ടിയുള്ള സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്. പോർട്ട്‌സുഡാനിൽ നിന്ന് ജിദ്ദയിലേക്കുള്ള സർവീസുകളിൽ സൗദിയിൽ നിന്ന് റീ-എൻട്രിയിൽ സ്വദേശത്തേക്ക് പോയ സുഡാനികൾക്കും വിസിറ്റ് വിസക്കാർക്കും സീറ്റുകൾ അനുവദിക്കും.
സുഡാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതോടെ മക്കയിലും മദീനയിലും ജിദ്ദയിലും കുടുങ്ങിയ സുഡാനി തീർഥാടകർക്ക് സൗദി ഹജ്, ഉംറ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് സൗദിയിൽ സൗജന്യ താമസവും ഭക്ഷണവും മറ്റും ഏർപ്പെടുത്തുകയായിരുന്നു. സംഘർഷം ഉടലെടുത്തതു മുതൽ തങ്ങൾക്ക് ഏറ്റവും മികച്ച നിലയിൽ ആതിഥേയത്വം നൽകിയ സൗദി അറേബ്യക്കും സൗദി ജനതക്കും സുഡാനി തീർഥാടകർ നന്ദി പറഞ്ഞു.