റിയാദ്- ഇതാദ്യമായി സൗദിയിലെ ആറു വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നുള്ള ഹാജിമാരെ സ്വീകരിക്കും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവക്ക് പുറമെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം, ദമാം കിംഗ് ഫഹദ് വിമാനത്താവളം, യാംബു പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ വിമാനത്താവളം, തായിഫ് വിമാനത്താവളം എന്നിവ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ സജ്ജമായതായി സൗദി എയര്‍ലൈന്‍സ് ഹജ്ജ് ഉംറ വിഭാഗം സിഇഒ ആമിര്‍ ആല്‍ഖശീല്‍ അറിയിച്ചു. ഇതാദ്യമായാണ് ജിദ്ദ, മദീന എന്നിവക്ക് പുറമെ നാലു വിമാനത്താവളങ്ങള്‍ ഹാജിമാര്‍ക്കായി തയ്യാറാക്കുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി.
ഈ മാസം മലേഷ്യയില്‍ നിന്നുള്ള ഹാജിമാര്‍ മദീന പ്രിന്‍സ് മുഹമ്മദ് വിമാനത്താവളത്തില്‍ എത്തുന്നതോടെയാണ് ഹജ്ജ് യാത്രകള്‍ ആരംഭിക്കുക. സൗദി എയര്‍ലൈന്‍സ് 12 ലക്ഷം സീറ്റുകള്‍ വിദേശത്ത് നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 176 ലധികം വിമാനങ്ങളാണ് ആഭ്യന്തര ഹാജിമാര്‍ക്കുള്ളത്. 100 ഡെസ്റ്റിനേഷനുകളില്‍ നിന്നാണ് സൗദി എയര്‍ലൈന്‍സ് ഈ വര്‍ഷം ഹജ് സര്‍വീസ് നടത്തുന്നത്. 14 ഭാഷകളില്‍ ഹാജിമാര്‍ക്ക് വിമാനത്തിലെ സ്‌ക്രീനുകളില്‍ ബോധവത്കരണം നടത്തും. അ്‌ദേഹം പറഞ്ഞു.