വാഷിംഗ്ടണ്‍ - ബോയിംഗും സൗദി അറേബ്യയും ഈ വര്‍ഷം ആദ്യം ഒപ്പുവച്ച സുപ്രധാന കരാര്‍ 'വാണിജ്യ ഇടപാടിന്റെ പുതിയ യുഗത്തെ' പ്രതിനിധീകരിക്കുന്നതായി അംബാസഡര്‍ റീമ രാജുകുമാരി.
37 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച ബോയിംഗ് ടീമുമായി കൂടിക്കാഴ്ച നടത്താന്‍ യു.എസിന്റെയും സൗദിയുടെയും ഉദ്യോഗസ്ഥരും യു.എസ് വിമാനനിര്‍മ്മാതാവിന്റെ പ്രതിനിധികളും സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ ഒത്തുകൂടി.
'ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, നിങ്ങളുടെ വിമാനങ്ങള്‍ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ രാജ്യത്തേക്ക് കൊണ്ടുപോകും. നമ്മുടെ രാജ്യങ്ങളെയും നമ്മുടെ സംസ്‌കാരങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്ന പ്രത്യേക ബന്ധങ്ങള്‍ ഇത് സൃഷ്ടിക്കും- യുഎസിലെ സൗദി അംബാസഡര്‍ റീമ രാജകുമാരി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ 78 ഉം പിന്നീട് 43 ഉം വിമാനങ്ങള്‍ അടക്കം 121 ഡ്രീംലൈനറുകള്‍ സൗദി അറേബ്യ സ്വന്തമാക്കും. എല്ലാ വിമാനങ്ങളും വാങ്ങുകയാണെങ്കില്‍, 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ജോലി ലഭിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
റീമ രാജകുമാരി കരാറിനെ പ്രശംസിച്ചു. 'ഇത് രാജ്യത്തെപ ഒരു ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറ്റുകയും നിരവധി തൊഴിലവസരങ്ങളും വ്യാപാരം, ടൂറിസം എന്നിവയില്‍ എണ്ണമറ്റ അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ബോയിംഗ് വിമാനങ്ങളുടെ ഒരു ഭാഗം സൗദി അറേബ്യ പുതുതായി ആരംഭിച്ച എയര്‍ലൈനായ റിയാദ് എയറിലേക്കും ബാക്കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലേക്കും പോകും.