Sorry, you need to enable JavaScript to visit this website.

യെമനില്‍ ആറുലക്ഷം കുഴിബോംബുകള്‍; ത്വരിത നടപടിയുമായി സൗദി

റിയാദ് - യെമനില്‍ ലക്ഷക്കണക്കിനാളുകളുടെ ജീവന് ഭീഷണിയായി ഹൂത്തി മിലീഷ്യകള്‍ കുഴിച്ചിട്ട മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള ബൃഹത് പദ്ധതിക്ക് സൗദി അറേബ്യ തുടക്കമിട്ടു. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും നയതതന്ത്രജ്ഞരുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ഏജന്‍സികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് 'മസാം' എന്ന് പേരിട്ട പദ്ധതിക്ക് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ തുടക്കമിട്ടത്.
ഹൂത്തി മിലീഷ്യകളില്‍നിന്ന് സ്വതന്ത്രമാക്കിയ പ്രദേശങ്ങളില്‍ ആറു ലക്ഷത്തിലേറെ മൈനുകളുടെ കണക്കുകള്‍ ശേഖരിച്ചതായി കിംഗ് സല്‍മാന്‍ സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി അഞ്ചു ഘട്ടങ്ങളായാണ് നടപ്പാക്കുക. ഇതിന് നാലു കോടി ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്.
കപ്പലുകളും ബോട്ടുകളും തകര്‍ക്കുന്നതിന് ഹൂത്തികള്‍ സ്ഥാപിച്ച 1,30,000 സമുദ്ര മൈനുകള്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം മൈനുകള്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ടതാണ്. കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ ഇതിനകം 160 കോടിയിലേറെ ഡോളര്‍ ചെലവഴിച്ച് 262 ലേറെ ജീവകാരുണ്യ പദ്ധതികള്‍ യെമനില്‍ നടപ്പാക്കിയിട്ടുണ്ട്. മൈന്‍ സ്‌ഫോടനങ്ങളില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട 195 പേര്‍ക്ക് മാരിബില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ സ്ഥാപിച്ച കൃത്രിമ അവയവ കേന്ദ്രം വഴി 305 കൃത്രിമ അവയവങ്ങള്‍ ലഭ്യമാക്കി. മൈന്‍ സ്‌ഫോടനങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്. ഇന്നു മുതല്‍ റിയാദില്‍ നിന്ന് യെമനിലേക്ക് വിമാന മാര്‍ഗം റിലീഫ് വസ്തുക്കള്‍ എത്തിക്കുമെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
മൈന്‍ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ നിരവധി പേര്‍ക്ക് സെന്റര്‍ വഴി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ 11 സ്ത്രീകള്‍ക്കും 12 കുട്ടികള്‍ക്കും 346 പുരുഷന്മാര്‍ക്കും സെന്റര്‍ വഴി ഇതിനകം ചികിത്സ നല്‍കിയിട്ടുണ്ട്. മൂന്നു കൊല്ലത്തിനിടെ യെമന് സൗദി അറേബ്യ 1,100 കോടിയിലേറെ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്.
മഹ്‌റ മുതല്‍ സഅ്ദ വരെയും സുഖുത്‌റ മുതല്‍ അല്‍ഹുദൈദ വരെയും യെമനിലെ എല്ലാ പ്രദേശങ്ങളിലും കിംഗ് സല്‍മാന്‍ റിലീഫ് സെന്ററില്‍നിന്നുള്ള ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന് യെമന്‍ വിദേശ മന്ത്രി ഖാലിദ് അല്‍യെമാനി പറഞ്ഞു. യെമനില്‍ മാനുഷിക ദുരന്തത്തിന് ഹൂത്തികള്‍ കാരണക്കാരായി. മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി ഫലപ്രദമായ മാനുഷിക പദ്ധതിയാണ്. മൈനുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ നിന്ന് യെമനെ മോചിപ്പിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
 
 

Latest News