Sorry, you need to enable JavaScript to visit this website.

കേരള സ്‌റ്റോറി കാണാൻ ആളില്ല, യഥാർഥ കേരള സ്റ്റോറിയായി 2018

കൊച്ചി- കേരളം ഒന്നാണെന്ന് ഉറക്കെ പറയുന്ന ജൂഡ് ആന്റണി ജോസഫിന്റെ 2018 എന്ന സിനിമയെ തീയറ്ററുകളിൽ പ്രേക്ഷകർ നെഞ്ചേറ്റിയപ്പോൾ കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രമേയവുമായെത്തിയ ദി കേരള സ്റ്റോറിക്ക് തണുത്ത പ്രതികരണം. കേരളത്തെ രണ്ടറ്റങ്ങളിൽ നിന്നു കാണുന്ന രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്തപ്പോൾ ദി കേരള സ്റ്റോറിക്കുള്ള മറുപടിയായി മാറി പ്രേക്ഷകർ നെഞ്ചേറ്റുന്ന 2018.  കേരളം ഒറ്റമനസ്സായി നേരിട്ട മഹാപ്രളയവേളയിലെ മലയാളികളുടെ ഐക്യവും പോരാട്ടവും വികാരവായ്പോടെ രേഖപ്പെടുത്തുന്നതാണ് ജൂഡ് ആന്റണിയുടെ ചിത്രം.  കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് കൊണ്ടുപോകുന്ന പെൺകുട്ടികളുടെ അനുഭവങ്ങളാണ് സിനിമയുടെ ദി കേരള സ്റ്റോറിയുടെ പ്രമേയം. ഇത് ഞങ്ങളുടെ കേരളമല്ല സുദീപ്തോ സെൻ ഉത്തരേന്ത്യയിൽ നിന്ന് കാണുന്ന കേരളമാണെന്നാണ് കേരള സ്റ്റോറി കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടത്.

2018നെ കൈയടികളോടെ സ്വീകരിച്ചപ്പോൾ ദി കേരള സ്റ്റോറിക്ക് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. സിനിമ കാണാൻ മതിയായ ആളില്ലാത്തതിനാൽ പല തിയേറ്ററുകളും പ്രദർശനത്തിൽ നിന്ന് പിൻമാറി. കൊച്ചി നഗരത്തിൽ  ആകെ മൂന്ന് തിയേറ്ററുകളിൽ മാത്രമാണ് സിനിമ പ്രദർശിപ്പിച്ചത്.  ഷേണായീസ്, സെന്റർ സ്‌ക്വയർ മാളിലെ സിനിപോളീസ്, ഒബ്രോൺ മാളിലെ  പിവിആർ എന്നീ തിയേറ്ററുകളിൽ ആയിരുന്നു പ്രദർശനം നടന്നത്.  മറ്റു ജില്ലകളിലും പ്രദർശനം വിരലിലെണ്ണാവുന്ന തിയേറ്ററുകളിൽ മാത്രം ഒതുങ്ങി. അതേസമയം സിനിമ കാണാൻ ആളില്ലാത്തതിനെ തുടർന്ന് ലുലു പിവിആറിലെ ഷോ ഒഴിവാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത ചുരുക്കം പേർക്ക് തുക മടക്കിനൽകി. നേരത്തെ അമ്പതോളം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നായിരുന്നു വിതരണക്കാരുടെ അവകാശവാദം. എന്നാൽ നഷ്ടം മുൻകൂട്ടി കണ്ട് തിയേറ്റുകൾ കരാറിലെത്താതെ പിൻമാറി. ഏറ്റവുമൊടുവിൽ 17 സ്‌ക്രീനുകൾ പ്രദർശിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. 

അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഷേണായീസ് തിയേറ്ററിലേക്ക് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ 9.45ന് പ്രതിഷേധവുമായെത്തിയ എൻവൈസി പ്രവർത്തകർ തിയേറ്റർ കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്തുനീക്കി. രാവിലെ 10ന് അറസ്റ്റ് ചെയ്ത ഇവരെ സിനിമ പ്രദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചക്ക് ഒന്നിനാണ് വിട്ടയച്ചത്. മാധവഫാർമസി ജങ്ഷനിൽ നിന്നും ജാഥയയാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ തിയേറ്ററിലേക്ക് എത്തിയത്. അമ്പതോളം വരുന്ന പ്രവർത്തകർ തിയേറ്ററിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഇവരെ തടഞ്ഞു.
 

Latest News