Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നാല് വര്‍ഷത്തിനിടെ റദ്ദായത് 1.6 കോടി പ്രീപെയ്ഡ് നമ്പര്‍

റിയാദ് - കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ മൂന്നു കോടി പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളുള്ളതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് ആകെയുള്ള മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ 74.8 ശതമാനവും പ്രീപെയ്ഡ് കണക്ഷനുകളാണ്. സൗദിയില്‍ ആകെ നാലു കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണുള്ളത്. സൗദി ജനസംഖ്യയില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ വ്യാപനം 127 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം പോസ്റ്റ് പെയ്ഡ് കണക്ഷനുകളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവുണ്ടായി.
പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണത്തില്‍ നാലു വര്‍ഷത്തിനിടെ 1.6 കോടിയുടെ കുറവുണ്ടായിട്ടുണ്ട്. 2014 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 2014 ല്‍ രാജ്യത്ത് 4.6 കോടി പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളുണ്ടായിരുന്നു. 2015 ല്‍ ഇത് 3.9 കോടിയായും 2016 ല്‍ 3.6 കോടിയായും കഴിഞ്ഞ കൊല്ലം മൂന്നു കോടിയായും കുറഞ്ഞു. നിയമ വിരുദ്ധ മാര്‍ഗത്തില്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത് തടയുന്നതിനും അനധികൃത സിം കാര്‍ഡുകള്‍ വിലക്കുന്നതിനും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതാണ് പ്രീപെയ്ഡ് കണക്ഷനുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയത്.
യഥാര്‍ഥ ഉപയോക്താക്കളുടെ പേരിലാണ് സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിന് പ്രീപെയ്ഡ് സിം കാര്‍ഡ് റീചാര്‍ജിനെ ഇഖാമയുമായി ബന്ധിപ്പിക്കുകയാണ് ആദ്യം ചെയ്തത്. റീചാര്‍ജ് ചെയ്യുന്നതിനും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഇഖാമ നമ്പര്‍ നല്‍കല്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ മറികടക്കുന്നതിന് ഇഖാമ നമ്പര്‍ സഹിതം സിം കാര്‍ഡുകള്‍ വില്‍പന നടത്തുന്ന പ്രവണത ഉടലെടുത്തു. ഇതോടെ സിം കാര്‍ഡുകളെ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ നടപ്പാക്കുകയായിരുന്നു. ദശലക്ഷക്കണക്കിന് സിം കാര്‍ഡുകള്‍ റദ്ദാക്കപ്പെടുന്നതിന് ഇത് ഇടയാക്കി.

Latest News