Sorry, you need to enable JavaScript to visit this website.

പതിനഞ്ചുകാരൻ സ്‌കൂട്ടർ റോഡിലിറക്കി; പിതൃസഹോദരനു ലഭിച്ചത് തടവും പിഴയും

മഞ്ചേരി-സഹോദര പുത്രനോട് സ്‌കൂട്ടർ കഴുകി വൃത്തിയാക്കാനേൽപ്പിച്ചതായിരുന്നു യുവാവ്.   കഴുകി കഴിഞ്ഞപ്പോൾ സ്‌കൂട്ടർ വളപ്പിനു പുറത്ത് റോഡിലേക്കിറക്കാൻ പതിനഞ്ചുകാരനു മോഹം. അതോടെ സ്‌കൂട്ടർ വീടിന്റെ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങിയത് പോലീസിന്റെ മുന്നിലേക്ക്. തിരൂർ എസ്‌ഐ  സി.വി ഹരിദാസൻ നടത്തിയ പരിശോധനയിൽ കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നു കണ്ടെത്തി. ഉടൻ ആർസി ഉടമയും കുട്ടിയുടെ പിതൃസഹോദരനുമായ തിരൂർ അന്നാര അമ്മിയങ്കര സന്തോഷി(38)നെ അറസ്റ്റ് ചെയ്തു. 2023 മാർച്ച് 23ന് വൈകീട്ട് അഞ്ചര മണിക്കാണ് സംഭവം. ഈ കേസിൽ ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സന്തോഷിനെ 30,250 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവനുഭവിക്കാനും ശിക്ഷിച്ചു.  ഇന്ത്യൻ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ പിഴ, മോട്ടോർ ആക്ടിലെ 180 പ്രകാരം 5000 രൂപ പിഴ, 199എ പ്രകാരം 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നതിനാൽ സന്തോഷ് കോടതിയിൽ പണം കെട്ടി ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങി.
 

Latest News