ജിദ്ദ - അർജന്റീന താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദിയിലെ അൽഹിലാൽ ക്ലബ്ബ് പ്രതിവർഷം 150 കോടി റിയാൽ വാഗ്ദാനം ചെയ്തതായി മെസ്സിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. അടുത്ത സീസണിൽ അൽഹിലാലിൽ ചേരുന്നതിന് മെസ്സിക്ക് ഔദ്യോഗിക ഓഫർ ലഭിച്ചിട്ടുണ്ട്. ഇതുവരെ മെസ്സിക്ക് ലഭിച്ച ഏക ഓഫറാണിത്. പ്രതിവർഷം 40 കോടി ഡോളർ (150 കോടി റിയാൽ) ആണ് അൽഹിലാൽ ക്ലബ്ബ് മെസ്സിക്ക് വാഗ്ദാനം ചെയ്തതെന്ന് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് അൽഹിലാൽ ക്ലബ്ബിന്റെ പ്രതികരണം അറിവായിട്ടില്ല. 35 കാരനായ മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ ഇന്റർമിയാമി ക്ലബ്ബിൽ അർജന്റീന താരം ചേരാൻ സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.
അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര പോയതിന്റെ പേരിൽ പാരീസ് സെന്റ് ജെർമെയ്ൻ ക്ലബ്ബ് മെസ്സിയെ സസ്‌പെൻഡ് ചെയ്തതായി ഫ്രഞ്ച് സ്‌പോർട്‌സ് പത്രം റിപ്പോർട്ട് ചെയ്തു. മൂന്നാം സീസണിലേക്ക് കരാർ പുതുക്കാനുള്ള ഓപ്ഷൻ ഉപയോഗിക്കേണ്ടതില്ലെന്നും പാരീസ് സെന്റ് ജെർമെയ്ൻ തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് മെസ്സി.
കുട്ടിക്കാലം മുതലുള്ള മെസ്സിയുടെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ഡിസംബറിൽ സൗദിയിലെ അന്നസ്ർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചിരുന്നു. പ്രതിവർഷം 22 കോടി ഡോളറിനാണ് റൊണാൾഡോയുമായി അന്നസ്ർ കരാർ ഒപ്പുവെച്ചത്. ഈ സീസണു ശേഷം പാരീസ് സെന്റ് ജെർമെയ്ൻ ക്ലബ്ബിൽ തുടരില്ലെന്ന് ക്ലബ്ബ് അധികൃതരെ മെസ്സി അറിയിച്ചിട്ടുണ്ടെന്ന് അർജന്റീന താരവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യം ക്ലബ്ബുമായി അടുത്ത വൃത്തങ്ങൾ നിഷേധിച്ചു. തിങ്കളാഴ്ച പരിശീലനം നിശ്ചയിച്ചിട്ടും ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസ്സി സൗദിയിലേക്ക് പോവുകയായിരുന്നെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.