തിരുവനന്തപുരം-രണ്ടാം പ്രവസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന കേരളത്തിലും നടപ്പാക്കും. മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നതു പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്.
2022 ഏപ്രില്‍ മുതല്‍ ധനസഹായത്തിന് അര്‍ഹതയുണ്ടാകും. 2022 ഏപ്രില്‍ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിക്കു ജന്മം നല്‍കിയ അമ്മയ്ക്ക് ജൂണ്‍ 30വരെ ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും പ്രസവം ആവശ്യമുണ്ടെങ്കില്‍ അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ പ്രസവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ആദ്യ പ്രസവത്തില്‍ ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും 5000 രൂപ നേരത്തെ മുതല്‍ നല്‍കുന്നുണ്ട്.