- പകരം സൗദികൾക്ക് തൊഴിൽ നൽകാൻ ഉപയോഗിക്കും
ജിദ്ദ - വിദേശികൾ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങൾ ശാശ്വതമായി അടപ്പിക്കുന്നതിന് പകരം സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഇവ പ്രയോജനപ്പെടുത്താൻ നീക്കം. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയാണ് (മുൻശആത്ത്) ഇക്കാര്യം പരിശോധിക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബിനാമി വ്യാപാര സ്ഥാപനങ്ങൾ പൂട്ടുന്നത് പല പ്രതികൂല ഫലങ്ങളുമുണ്ടാക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് സൗദികൾക്ക് തൊഴിൽ നഷ്ടപ്പെടൽ, വിൽപന കുറയൽ, ഉപഭോക്താക്കളുടെ എണ്ണം കുറയൽ, പ്രാദേശിക സമ്പദ്‌വ്യവസ്ഥ ക്ഷയിക്കൽ പോലുള്ള നിരവധി പ്രതികൂല ഫലങ്ങളുണ്ടാക്കുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിൽ മുൻശആത്ത് പറഞ്ഞു. വിദേശികൾ ബിനാമിയായി നടത്തുന്ന പല സ്ഥാപനങ്ങൾക്കും മുപ്പതു മുതൽ നാൽപതു വർഷം വരെ പഴക്കമുണ്ട്. ഇവ അടച്ചുപൂട്ടുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ നഷ്ടമുണ്ടാക്കും. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാതെ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ നിയമ ഭേദഗതികൾക്ക് ശ്രമിക്കുമെന്ന് മുൻശആത്ത് പറഞ്ഞു.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ലൈസൻസുകളും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളും റദ്ദാക്കി ബിനാമി സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിനും അതേ മേഖലകളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നു.
ഇതിനു പകരം ബിനാമിയാണെന്ന് സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങൾ സൗദികൾക്ക് തൊഴിൽ നൽകാൻ പ്രയോജനപ്പെടുത്താനാണ് പദ്ധതി. പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത് സൗദിവൽക്കരണം എട്ടു മുതൽ പത്തു ശതമാനം വരെ വർധിക്കുന്നതിന് സഹായിക്കും.
പരമ്പരാഗത വ്യാപാര സ്ഥാപനങ്ങൾക്കു പകരം ആധുനിക വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് അതോറിറ്റി ശ്രമിച്ചുവരികയാണ്. 2030 ഓടെ 80 ശതമാനം സ്ഥാപനങ്ങളും ആധുനിക സ്ഥാപനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
പെട്രോളിതര മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചില്ലറ വ്യാപാര മേഖലയുടെ പങ്ക് നിലവിൽ പത്തു ശതമാനമാണ്. ആഗോള തലത്തിൽ ഇത് പതിനഞ്ചു ശതമാനമാണ്. ഓൺലൈൻ വ്യാപാര മേഖലയിൽ നിക്ഷേപം നടത്തിയ സൗദി പൗരന്മാരെ ചില ഫീസുകളിൽനിന്ന് ഒഴിവാക്കുന്നതിന് ഫ്രീസോൺ ഇ-പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനെ കുറിച്ച് അതോറിറ്റി പഠിക്കുന്നുണ്ട്. ഓൺലൈൻ വ്യാപാര മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണിത്.
വിദേശങ്ങളിൽനിന്ന് എത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് മുന്നിൽ വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. തീർഥാടകർക്ക് പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്നതിന് അതോറിറ്റി പിന്തുണ നൽകും. നിലവിൽ തീർഥാടകർക്ക് വിൽക്കുന്ന ജപമാലകളും നമസ്‌കാര പടങ്ങളും അടക്കമുള്ള ഉൽപന്നങ്ങൾ പാക്കിസ്ഥാൻ, തുർക്കി, ചൈന എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇത്തരം ഉൽപന്നങ്ങൾ സൗദിയിൽ കാര്യമായി നിർമിക്കുന്നില്ലെന്നും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി പറഞ്ഞു.