കോഴിക്കോട് - പുതിയ അധ്യയനവർഷത്തിൽ വാകയാട് ഗവ.എൽ.പി സ്‌കൂളിലേക്ക് പാലക്കാട് വടക്കഞ്ചേരിയിൽനിന്ന് ഒരു സമ്മാനമെത്തി. ഉല്ലു എന്ന ഉമ്മുകുൽസു കാലുകൾ കൊണ്ടു കടലാസിൽ മെനഞ്ഞ 70 വിത്തു പേനകൾ.
ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാൽ മണ്ണിൽ മുളപൊട്ടിയേക്കാവുന്ന വിത്തുകൾ നിറച്ച പേന. പരിസ്ഥിതി സംരക്ഷണത്തിന്റെ, പ്ലാസ്റ്റിക് ദുരുപയോഗത്തിന്റെ, അതിലുമുപരി അതിജീവനത്തിന്റെ മൊഞ്ചുള്ള പാഠങ്ങൾ കുട്ടികളിലേക്ക് പകരാൻ അങ്ങനെ ഉല്ലുവിന്റെ കടലാസുപേനകൾക്ക് കഴിഞ്ഞു. അതു കൊണ്ടു തന്നെ ഈ അധ്യയന വർഷത്തെ ആദ്യദിനം നൽകിയ നല്ലപാഠങ്ങൾ കുരുന്നുമനസ്സുകളിൽ നിന്ന് അത്രവേഗം മായില്ല.
പ്രവേശനോത്സവത്തിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന സ്‌കൂളിലെ അധ്യാപകരുടെ ചിന്തയാണ് വിത്തു പേനകൾ കുട്ടികളിലേക്ക് എത്താൻ കാരണമായത്. സ്‌കൂളിലെ മുൻ പ്രധാനാധ്യാപകൻ പി.നാരായണൻ മാഷ് ഡ്രീം ഓഫ് അസ് എന്ന യുവകൂട്ടായ്മയുമായി ബന്ധപ്പെട്ടപ്പോൾ ഉല്ലുവിനെക്കുറിച്ചും വിത്തുപേനകളെക്കുറിച്ചും അറിയുകയായിരുന്നു. അങ്ങനെ വർണബലൂണുകൾക്കും മധുരപലഹാരങ്ങൾക്കും ഒപ്പം കുട്ടികൾക്ക് നല്ല നാളേയ്ക്കുള്ള കരുതലും പഠിപ്പിക്കാൻ പ്രവേശനോത്സവം കാരണമായി. പേന കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതായി പ്രധാനാധ്യാപിക കെ.വല്ലീദേവി പറയുന്നു. കടലാസു പേന ആയതുകൊണ്ടുള്ള എന്തെങ്കിലും അസൗകര്യം അനുഭവപ്പെട്ടിട്ടില്ല. കടലാസ് പേനയുടെ ഉപയോഗം മറ്റു സ്‌കൂളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാണ് ടീച്ചറുടെ അഭിപ്രായം.
പാലക്കാട് പുതുക്കോട് സ്വദേശിയായ അപ്പക്കാട് പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളായ ഉല്ലു(31)വിന് ജന്മനാ ഇരുകൈകളുമില്ല. കാലുകൾക്കാകട്ടെ വ്യത്യസ്ത നീളവുമാണ്. നടത്തം പ്രയാസമായപ്പോൾ രണ്ടാംക്ലാസിൽ പഠനം നിർത്തേണ്ടിവന്ന ഉല്ലു ഇന്ന് നൂറിലേറെ ചിത്രങ്ങൾക്ക് നിറം പകർന്നു കഴിഞ്ഞു. കരകൗശലനിർമാണത്തിലും വിദഗ്ധയായ ഇവർ ആയിരത്തിലേറെ കടലാസു പേനകൾ ഇതിനകം നിർമിച്ചിട്ടുണ്ട്.
മൂത്ത സഹോദരിയുടെ കല്യാണത്തലേന്ന് മൈലാഞ്ചിയിടാൻ വന്ന സുഹ്‌റയെന്ന കെ.പി.തസ്ലീനയെ പരിചയപ്പെട്ടതോടെയാണ് വിത്തു പേന നിർമാണവും ഇന്റർനെറ്റിന്റെ അനന്തസാധ്യതകളും ഉല്ലുവിനു മുൻപിൽ തുറന്നു കിട്ടിയത്. ഗ്രീൻപാലിയേറ്റീവ് അംഗവും എൻജിനീയറിങ് വിദ്യാർഥിനിയുമായ സുഹ്‌റയാണ് ഇപ്പോൾ ഉല്ലുവിന്റെ ചിത്രങ്ങൾക്കും ഉൽപന്നങ്ങൾക്കും വിപണി കണ്ടെത്തുന്നത്..ഇപ്പോൾ ഉല്ലുവിനെ കുറിച്ചുള്ള അന്വേഷണങ്ങൾക്കെല്ലാം മറുപടി പറയുന്നതും ഈ കൂട്ടുകാരി തന്നെ.
ഒരു പേന നിർമിക്കാൻ ഉല്ലുവിന് പത്തുമിനിറ്റ് മതി. വിവിധ നിറങ്ങളിലുള്ള എ ഫോർ ഷീറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്.10 രൂപ നിരക്കിലാണ് പേന വിൽക്കുന്നത്. എ ഫോർ ഷീറ്റിൽ വേഗത്തിൽ അഴുക്കുപറ്റുമെന്നതാണ് ന്യൂനതയെന്നും മാഗസിനുകൾക്കൊക്കെ ഉപയോഗിക്കുന്ന ഗ്ലൈസിങ് പേപ്പറുകൾ ലഭിച്ചാൽ കൂടുതൽ നന്നാവുമായിരുന്നുവെന്നും സുഹ്‌റ പറഞ്ഞു. അഞ്ചുരൂപയ്ക്കു പോലും ബോൾ പേന ലഭിക്കുന്ന സാഹചര്യത്തിൽ പത്തുരൂപ കൊടുത്തു കടലാസുപേന ആളുകൾ വാങ്ങുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
എങ്കിലും പേനയ്ക്കു ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ഇത്രയും പേനകൾ ഉണ്ടാക്കാൻ ഒറ്റയ്ക്ക് കഴിയില്ല എന്നതാണ് വെല്ലുവിളി. സുമനസുകളുടെ സഹായത്താൽ പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന വീട്ടിൽ ഭിന്നശേഷിക്കാർക്കും വിധവകൾക്കും ഒരു ട്രെയിനിങ് സെന്റർ തുടങ്ങുക എന്നതാണ് ഉല്ലുവിന്റെ അടുത്തലക്ഷ്യം. ഒരു പ്രമുഖ ചാനലിലേക്കുളള പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഉല്ലുവിന്റെ പുതിയ വിശേഷം.