കോഴിക്കോട്- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനത്തെ പരസ്യമായി എതിർത്ത് സമസ്ത നേതൃത്വം രംഗത്തെത്തിയതോടെ രൂപപ്പെടുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി. കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) ജനറൽ സെക്രട്ടറിയായി ഹബീബുല്ല ഫൈസിയെ നിയോഗിച്ചതിന് എതിരെയാണ് സമസ്ത നേതൃത്വം തന്നെ പരസ്യമായി രംഗത്തെത്തിയത്. സി.ഐ.സിയുടെ ഭാരവാഹിത്വത്തിൽനിന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചതിന് ശേഷം നിരവധി സഹഭാരവാഹികളും സി.ഐ.സിയിൽനിന്ന് രാജിവെച്ചു.
നേതൃത്വവുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെയാണ് ഹബീബുല്ലയെ ജനറൽ സെക്രട്ടറിയായി നിയോഗിച്ചത് എന്നാണ് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം ആരോപിച്ചത്. സാധാരണ പാണക്കാട് കുടുംബ നേതൃത്വം എടുക്കുന്ന തീരുമാനം വിയോജിപ്പുണ്ടെങ്കിൽ പോലും അംഗീകരിക്കുന്ന രീതിയാണ് സമസ്ത ഇതേവരെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിൽനിന്നും തീർത്തും വ്യത്യസ്തമായ സമീപനമാണ് സി.ഐ.സി വിഷയത്തിൽ സമസ്ത സ്വീകരിച്ചത്. സാദിഖലി തങ്ങളുടെ തീരുമാനത്തെ ഒരു നിലക്കും അംഗീകരിക്കില്ലെന്ന പരസ്യ നിലപാട് സ്വീകരിക്കുന്നത് മുസ്ലിം ലീഗിനെ അടക്കം ഞെട്ടിച്ചിട്ടുണ്ട്. പ്രശ്‌നം സമസ്തയിലാണെങ്കിലും ഇതിന്റെ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിം ലീഗിനെ ആയിരിക്കും. സമസ്തക്ക് പോലും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അംഗീകരിക്കാനാകുന്നില്ലെന്ന പൊതുധാരണയിലേക്കാണ് ഈ വിവാദം ആദ്യസംഭാവന നൽകുന്നത്. അടുത്ത വർഷം ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ ലീഗിനും യു.ഡി.എഫിനും സമസ്ത സ്വീകരിക്കുന്ന നിലപാട് തലവേദന സൃഷ്ടിക്കുകയും ചെയ്യും.
കഴിഞ്ഞ കുറെ വർഷങ്ങളായി സമസ്തയിലെ ഒരു വിഭാഗവും അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി നേതൃത്വം നൽകുന്ന സി.ഐ.സി വാഫി-വഫിയ്യ സംവിധാനവുമായി തർക്കങ്ങൾ നടക്കുകയാണ്. ഇതിന്റെ ഇടയിലാണ് ഹക്കീം ഫൈസിയോട് സി.ഐ.സി നേതൃത്വത്തിൽനിന്ന് രാജിവെക്കാൻ സാദിഖലി ശിഹാബ് തങ്ങൾ നിർദ്ദേശിച്ചത്. ഹക്കീം ഫൈസിക്ക് പകരം ഹബീബുല്ല ഫൈസിയെ സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സാദിഖലി ശിഹാബ് നിയോഗിക്കുകയും ചെയ്തു. ഈ തീരുമാനം പുറത്തുവന്ന ഉടൻ തന്നെ സമസ്ത നേതൃത്വം ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ഹക്കീം ഫൈസിയുടെ അരുമശിഷ്യനാണ് ഹബീബുല്ല ഫൈസിയെന്നും ഇത് ഒത്തുകളിയാണ് എന്ന ആരോപണവുമാണ് ചിലർ ഉയർത്തിയത്. ഒരുപടി കൂടി കടന്ന്, ഹക്കീം ഫൈസി മൂർഖനാണ് എങ്കിൽ ഹബീബുല്ല കരിമൂർഖനാണ് എന്ന പ്രയോഗമാണ് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയത്. സമസ്തയുമായി കൂടിയാലോചിക്കാതെയാണ് തീരുമാനം എടുത്തത് എന്ന ആരോപണവും ഹമീദ് ഫൈസി ഉയർത്തി. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി കൂടി വഹിക്കുന്ന സാദിഖലി ശിഹാബ് തങ്ങൾക്കും അതുവഴി ലീഗിനും പുതിയ പ്രതിസന്ധി ഉണ്ടാക്കുന്ന തലവേദന ചെറുതല്ല.