വോൾഗോഗ്രാഡ്- ലിവർപൂൾ സൂപ്പർസ്റ്റാർ മുഹമ്മദ് സലാഹ് രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി. ലോകകപ്പിനിടയിൽ തന്നെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചതിൽ സലാഹിന് കടുത്ത ദേഷ്യമുണ്ടെന്നും ഇതാണ് വിരമിക്കാൻ ആലോചിക്കുന്നതിനെക്കുറിച്ച് പ്രേരകമായതെന്നും കളിക്കാരനോടടുപ്പമുള്ള ചിലർ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈജിപ്ത് ടീം ചെച്‌നിയയിലെ ഗ്രോസ്‌നിയിലാണ് ലോകകപ്പിനായി തമ്പടിച്ചത്. ചെച്‌നിയയുടെ ഭരണത്തലവൻ റമദാൻ ഖാദിറോവ് സ്‌പോർട്‌സ് വസ്ത്രത്തിൽ ഈജിപ്ത് ക്യാമ്പ് സന്ദർശിക്കുകയും കളിക്കാർക്ക് വിരുന്നൊരുക്കുകയും ചെയ്തിരുന്നു. വിരുന്നിനിടയിൽ സലാഹിന് ചെച്‌നിയയുടെ ഓണററി പൗരത്വം പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് സലാഹിനെ പ്രകോപിപ്പിച്ചതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞത്.
എന്നാൽ സലാഹ് ഇതു സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് ഈജിപ്ത് സോക്കർ ഫെഡറേഷൻ വക്താവ് ഒസാമ ഇസ്മായിൽ അറിയിച്ചു. സലാഹ് ട്വിറ്ററിൽ പ്രഖ്യാപിക്കുന്നതാണ് താരത്തിന്റെ നിലപാടെന്നും അവർ വിശദീകരിച്ചു.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചെച്‌നിയയിൽ റഷ്യൻ ഗവൺമെന്റും വിമതന്മാരും തമ്മിൽ രക്തരൂഷിതമായ ഏറ്റുമുട്ടൽ അരങ്ങേറിയിരുന്നു. വിമതസഖ്യത്തോടൊപ്പമുണ്ടായിരുന്ന ഖാദിറോവ് പിന്നീട് റഷ്യൻ സർക്കാർ പക്ഷത്തേക്ക് കൂറുമാറുകയായിരുന്നു. ചെച്‌നിയയിൽ കനത്ത മനുഷ്യാവകാശലംഘനങ്ങൾ നടത്തിയതായി റഷ്യക്കെതിരെ പരാതിയുണ്ട്.
പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഖാദിറോവ് തന്നെയാണ് സലാഹിന്റെ മാറിൽ ബഹുമതി തുന്നിച്ചേർത്തത്. ഖാദിറോവിന് ഇരുവശത്തുമായി സലാഹും ഈജിപ്ത് ഫുട്‌ബോൾ ഫെഡറേഷൻ ചെയർമാൻ ഹാനി അബൂരിദയും ഇരിക്കുന്ന വീഡിയൊ പ്രചരിക്കുന്നുണ്ട്. ഖാദിറോവുമൊത്ത് സലാഹ് ഫോട്ടോക്ക് പോസ് ചെയ്തതിനെ ബ്രിട്ടിഷ് മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ അതിനോടും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. സലാഹിന്റെ വിശ്വാസത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ലിവർപൂൾ ആരാധകർ മിക്കപ്പോഴും ഗാലറിയിൽ ആലപിക്കാറുണ്ടായിരുന്നു.
ചെച്‌നിയയിലെ ക്യാമ്പ് വിട്ട ശേഷമാണ് സലാഹ് പരാതി അറിയിച്ചതെന്നാണ് എ.പി വാർത്താ ഏജൻസി പറയുന്നത്. ഈജിപ്ത് ടീം ഇപ്പോൾ വോൾഗോഗ്രാഡിലാണ്. ഈജിപ്തിൽ സലാഹ് തരംഗം അലയടിക്കുകയാണ്. സലാഹാണ് 38 വർഷത്തിനു ശേഷം അവർക്ക് ലോകകപ്പിന് യോഗ്യത നേടിക്കൊടുത്തത്.
വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ ഈജിപ്ത് കോച്ച് ഹെക്ടർ കൂപ്പർ വിമ്മതിച്ചു. ഗ്രോസ്‌നിയെ ലോകകപ്പ് താവളങ്ങളിലൊന്നായി അംഗീകരിച്ചത് ഫിഫ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.