- സൗദി 2 -ഈജിപ്ത് 1
വോൾഗോഗ്രാഡ്- ഒരു ഗോളിന് പിന്നിലായ ശേഷം വീരോചിതം തിരിച്ചടിച്ച് ഈജിപ്തിനെ 2-1 ന് തോൽപിച്ച സൗദി അറേബ്യ ലോകകപ്പ് ഫുട്‌ബോളിൽ നിന്ന് തലയുയർത്തി മടങ്ങി. രണ്ട് പകുതിയിലും അവസാന കിക്കുകളിലായിരുന്നു സൗദിയുടെ ഗോളുകൾ. ഉദ്ഘാടന മത്സരത്തിലെ 0-5 തോൽവിക്കു ശേഷം ഉറുഗ്വായ്‌ക്കെതിരെ പൊരുതി വീണ സൗദി കരുത്തരായ എതിരാളികൾക്കെതിരെ ഉജ്വല പ്രകടനമാണ് കാഴ്ചവെച്ചത്.
മുഹമ്മദ് സലാഹിലൂടെ ഈജിപ്ത് തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും സൗദി തളർന്നില്ല. ഒന്നാം പകുതിയിൽ കിട്ടിയ രണ്ട് പെനാൽട്ടികളിലൊന്ന് ഫഹദ് അൽമുവല്ലദ് പാഴാക്കിയപ്പോൾ ഇത് സൗദിയുടെ ദിനമല്ലെന്നാണ് തോന്നിയത്.
എന്നാൽ സൽമാൻ ഫറജിന്റെ പെനാൽട്ടി ഗോളിലൂടെ സൗദി ഒപ്പമെത്തി. പിന്നീട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നാൽപത്തഞ്ചുകാരനായ ഗോളി ഇസ്സാം അൽഹദരി ഉരുക്കുകോട്ടയായി ഈജിപ്ത് ഗോൾമുഖത്ത് നിന്നു.
മത്സരത്തിലെ അവസാനത്തെ കിക്കിൽ സാലിം അൽദോസരിയാണ് വെറ്ററൻ ഗോൾകീപ്പറുടെ റെക്കോർഡ് അരങ്ങേറ്റത്തെ അലങ്കോലമാക്കി സൗദിയുടെ വിജയ ഗോളടിച്ചത്.
1994 ലെ അരങ്ങേറ്റത്തിൽ പ്രി ക്വാർട്ടറിലെത്തിയ ശേഷം ലോകകപ്പിൽ സൗദിയുടെ ആദ്യ വിജയമാണ് ഇത്. 1998, 2002, 2006 ലോകകപ്പുകളിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്തായിരുന്ന സൗദി ഇത്തവണ അതും മെച്ചപ്പെടുത്തി. അതേസമയം, ഉറുഗ്വായ്‌ക്കൊപ്പം ഗ്രൂപ്പ് എ-യിൽനിന്ന് നോക്കൗട്ടിലേക്ക് മുന്നേറുമെന്ന് കരുതപ്പെട്ട ഈജിപ്തിന് ഇത്തവണയും ആദ്യ ലോകകപ്പ് വിജയം നേടാനായില്ല. 1934 ലും 1990 ലും വെറുംകൈയുമായി മടങ്ങിയ അവർക്ക് സലാഹ് ഉൾപ്പെടെ വൻ താരനിരയുമായി വന്നിട്ടും തലവിധി തിരുത്താനായില്ല.
ഈജിപ്തുകാർക്ക് ആധിപത്യമുണ്ടായിരുന്ന ഗാലറിയെ ഇളക്കിമറിച്ച് ഇരുപത്തിരണ്ടാം മിനിറ്റിലായിരുന്നു സലാഹിന്റെ മനോഹരമായ ഗോൾ. അബ്ദല്ല സയ്ദിന്റെ ലോംഗ്‌ബോൾ ബോക്‌സിൽ തന്റെ ഇടതു ബൂട്ടിന്റെ തലപ്പ് കൊണ്ട് നിയന്ത്രിച്ച സലാഹ് അതേ ആക്ഷനിൽ അതേ കാലു കൊണ്ട് സമർഥമായി ഗോളി യാസർ അൽമുസൈലിമിന്റെ തലക്കു മുകളിലൂടെ പന്ത് വലയിലേക്കുയർത്തി. 1934 നു ശേഷം ഓപൺ പ്ലേയിൽ നിന്ന് ഈജിപ്തിന്റെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്.
മുപ്പത്തൊമ്പതാം മിനിറ്റിൽ ഗോൾ മടക്കാൻ കിട്ടിയ സുവർണാവസരം ഫഹദ് പാഴാക്കി. ഹാന്റ്‌ബോളിന് കിട്ടിയ പെനാൽട്ടി കിക്ക് അൽഹദരി പറന്നു തടുത്തു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ഫഹദിനെ അലി ഗബർ വീഴ്ത്തിയതിന് സൗദിക്ക് വീണ്ടും പെനാൽട്ടി കിട്ടി. വീഴും മുമ്പെ ജബറിന്റെ കുപ്പായം ഗബർ വലിച്ചുവോയെന്ന സംശയത്തിൽ അഞ്ചു മിനിറ്റോളം വീഡിയൊ പരിശോധിച്ചാണ് റഫറി പെനാൽട്ടി ഉറപ്പുവരുത്തിയത്. സൽമാന് ഇത്തവണ പിഴച്ചില്ല.
ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു സൗദിയുടെ വിജയ ഗോൾ. വലതു വിംഗിലൂടെ ബോക്‌സിലേക്ക് കുതിച്ചുകയറിയ സാലിമിന്റെ ഷോട്ട് മുന്നോട്ടുകയറിയ അൽഹദരിയെ നിസ്സഹായനാക്കി.