കൊച്ചി-മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന നടൻമാരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പോലീസ് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് കൈമാറിയിട്ടുണ്ടെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരിൽ നിന്നാണ് പോലീസിന് വിവരം ലഭിക്കുന്നത്. അത് 'അമ്മ'യെ അറിയിക്കാറുണ്ട്. ലഹരി ഉപയോഗിക്കുന്ന മുഴുവൻ നടൻമാരുടെയും ലിസ്റ്റ് പോലീസിന്റെയും 'അമ്മ'യുടെയും പക്കലുണ്ടെന്ന് ബാബുരാജ് അവകാശപ്പെട്ടു. ലഹരി ഉപയോഗിക്കുന്നതായി ആരോപണം നേരിടുന്ന നടൻ ശ്രീനാഥ് ഭാസി 'അമ്മ'യിൽ അംഗത്വത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് 'അമ്മ' ഭാരവാഹിയായ ബാബുരാജ് ഒരു ചാനലിനോട് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവർ ഇത് ആർക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പോലീസിനോടു പറയും. അവർ ഞങ്ങൾക്ക് അത് കൃത്യമായി അയച്ചു തരുന്നുമുണ്ട്. മുഴുവൻ ലിസ്റ്റും 1,2,3,4 എന്ന് പറഞ്ഞ് 'അമ്മ'യിലുണ്ട്. ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ടയാൾ മൊഴി കൊടുത്തിട്ട് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പിറകെയാണ്. അന്ന് ആ വണ്ടി നിർത്തി പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി പിന്നെ ഇല്ല. അതൊക്കെ നഗ്‌നമായ സത്യങ്ങളാണ്- ബാബുരാജ് പറയുന്നു.
പണ്ടൊക്കെ കുറച്ച് ഗോപ്യമായിട്ട് ആയിരുന്നു ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറവ് ഉണ്ടായിരുന്നു. ഇപ്പോൾ ആ മറവ് മാറി. പരസ്യമായിട്ട് ചെയ്യാൻ തുടങ്ങി. ഈ സിസ്റ്റം മാറണം, അല്ലാത്തതു കൊണ്ടാണ് 'അമ്മ'യിൽ ഞങ്ങൾക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്. വ്യക്തിപരമായി ഉപയോഗിക്കുമ്പോൾ പ്രശ്മനമില്ല, ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടം പോലെ ചെയ്യൂ- ബാബുരാജ് പറയുന്നു.