ചോദ്യം: മകളുടെ പാസ്പോർട്ട് പുതുക്കിയ ശേഷം അബ്ശിറിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും പ്രക്രിയ പരിപൂർണമായതായുള്ള റിപ്പോർട്ട് ലഭിച്ചില്ല. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്.?
ഉത്തരം: പാസ്പോർട്ട് അപ്ഡേറ്റ് ചെയ്തുള്ള പ്രക്രിയ അബ്ശിറിൽ വിജയകരമായി പൂർത്തിയായി എന്നുള്ള സൈൻ ലഭിച്ചില്ലായെങ്കിൽ നിങ്ങളുടെ അടുത്തുള്ള ജവാസാത്ത് ഓഫീസിൽ അപ്പോയിന്റ്‌മെന്റ് ബുക് ചെയ്ത് ജവാസാത്ത് ഓഫീസറെ നേരിട്ട് കാണുകയാണ് വേണ്ടത്. ഓഫീസിൽ പോകുന്നതിനു മുൻപ് നിങ്ങൾ അബ്ശിറിൽ ചെയ്തപ്പോൾ ലഭിച്ച റിപ്പോർട്ടിന്റെ കോപ്പി കൂടി കരുതണം. അബ്ശിർ ഏതെങ്കിലും ഒബ്ജക്ഷൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി കൂടി എടുക്കണം. ഒറിജിനൽ പാസ്പോർട്ടും ഇഖാമയും ഇതിന്റെ രണ്ടിന്റെയും കോപ്പികളും ജവസാത്ത് ഓഫീസറെ കാണാൻ പോകുമ്പോൾ കൈയിൽ ഉണ്ടായിരിക്കണം. മുൻകൂട്ടി അനുമതി തേടി വേണം പോകാൻ. എങ്കിൽ പോരായ്മകൾ പരിഹരിച്ച് അപ്ഡേറ്റ് നടപടികൾ പൂർത്തിയാക്കി നൽകും.
റീ എൻട്രിക്കു പകരം ഫൈനൽ എക്‌സിറ്റ് ലഭിച്ചാൽ
ചോദ്യം: ഞാൻ സ്പോൺസറോട് എക്സിറ്റ് റീ എൻട്രിയാണ് ചോദിച്ചത്. എന്നാൽ സ്പോൺസർ എനിക്കു നൽകിയത് ഫൈനൽ എക്സിറ്റ് ആണ്. ആനുകൂല്യങ്ങൾ ഒന്നും നൽകാതെയാണ് ഫൈനൽ എക്സിറ്റ് നൽകിയത്. ഞാൻ സ്പോൺസർഷിപ് മാറിയാണ് നിലവിലെ സ്പോൺസറുടെ അടുത്ത് വന്നത്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: സ്പോൺസർ ഫൈനൽ എക്സിറ്റ് അടിച്ചുവെങ്കിൽ ആദ്യം അതു റദ്ദാക്കുകയാണ് വേണ്ടത്. സമയ പരിധി കഴിയുന്നതിനു മുൻപ് സ്പോൺസറോട് പറഞ്ഞ് വിസ റദ്ദാക്കുക. റദ്ദാക്കപ്പെട്ടില്ലെങ്കിൽ ഫൈനൽ എക്സിറ്റ് അടിച്ച് 60 ദിവസത്തിനകം നിങ്ങൾക്കു രാജ്യം വിടേണ്ടിവരും. ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിൽ ലേബർ ഓഫീസിൽ നിങ്ങൾക്ക് പരാതി നൽകാം. അതിൽ ഫൈനൽ എക്സിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം. താൻ സ്പോൺസർഷിപ് മാറി വന്നതാണെന്നും തന്റെ അനുമതിയില്ലാതെയാണ് ഫൈനൽ എക്്സിറ്റ് അടിച്ചതെന്നുമുള്ള കാര്യവും ലേബർ ഓഫീസറെ ബോധ്യപ്പെടുത്തണം. അവർ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
എക്‌സിറ്റ് റീ എൻട്രിയിൽ പോയി പുതിയ വിസയിലുള്ള വരവ്
ചോദ്യം: 2020ൽ എക്സിറ്റ് റീ എൻട്രിയിൽ നാട്ടിൽ പോയതാണ് ഞാൻ. ഇപ്പോൾ പുതിയ വിസയിൽ വീണ്ടും സൗദിയിൽ വരാൻ ആഗ്രഹിക്കുന്നു. അതിനു കഴിയുമോ?
ഉത്തരം: എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിൽ പോയി അനുവദിക്കപ്പെട്ട ദിവസങ്ങൾക്കുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ പിന്നീട് മൂന്നു വർഷം കഴിഞ്ഞേ സൗദിയിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ. അതിനുള്ളിലായി വരണമെങ്കിൽ നിലവിലെ സ്‌പോൺസറുടെ വിസയിൽ തന്നെ വരാം. പുതിയ വിസയിലാണ് വരുന്നതെങ്കിൽ മൂന്നു വർഷം കഴിഞ്ഞിരിക്കണം. അതിനുള്ളിലായി വന്നാൽ മടക്കി അയക്കും. നാട്ടിലെത്തി മൂന്നു വർഷം പൂർത്തിയായിട്ടുണ്ടെങ്കിൽ നിങ്ങൾക്കു പുതിയ വിസയിൽ വരാം. അതല്ലെങ്കിൽ അതുവരേക്കും കാത്തിരിക്കുന്നതാണ്് ഉചിതം.