ജിദ്ദ- ലോക ഫുട്‌ബോളിലെ സൂപ്പർ താരം ലിയണൽ മെസ്സി സൗദി ക്ലബിൽ ചേരുന്നത് സംബന്ധിച്ച് വീണ്ടും ചർച്ചകളും വാർത്തകളും സജീവമാകുന്നു. പി.എസ്.ജിയുമായി കരാർ അവസാനിപ്പിക്കുന്ന മെസ്സി തന്റെ ആദ്യ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന വാർത്തകൾക്കിടെയാണ് സൗദി അറേബ്യയിലെ ഹിലാലിക്ക് താരം എത്തുമെന്ന വാർത്തക്ക് വേഗം കൂടുന്നത്. 600 മില്യൺ ഡോളറിന്റെ ഡീലാണ് മെസ്സിയുമായി ഹിലാൽ ചർച്ച നടത്തിയത്. ജൂൺ 30-ന് പി.എസ്.ജിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും. ക്ലബ്ബുമായുള്ള കരാർ മെസ്സി പുതുക്കില്ല. പി.എസ്.ജിയിൽ തുടരില്ലെന്ന് മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സി ഇതിനകം തന്നെ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ട്. ബാഴ്‌സയിൽ ഒരു വർഷം ചെലവഴിച്ചതിന് ശേഷം മെസ്സി സൗദി അറേബ്യയിലെ അൽഹിലാലിലേക്ക് പോകുമെന്ന് ഓൻഡ സെറോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഫിഫയുടെ ഔദ്യോഗിക ഏജന്റായ കിർഡെമിറിന്റെ അഭിപ്രായത്തിൽ ഇത് ശരിയല്ല എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. നേരെ സൗദി അറേബ്യൻ ക്ലബ്ബിലേക്ക് പോകുമെന്നാണ് കിൻഡെമിർ വ്യക്തമാക്കുന്നത്. അൽഹിലാലിൽ നിന്ന് 600 മില്യൺ ഡോളർ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കിർദെമിർ പറഞ്ഞു. മെസ്സി അംഗീകരിച്ചാൽ 2024ൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായിക താരമായി മെസ്സി മാറുമെന്നും അദ്ദേഹം പറഞ്ഞു. മെസ്സി കുടുംബവുമായി ഇപ്പോൾ സൗദിയിലുണ്ട്. സൗദി ക്ലബ്ബിൽ കളിക്കാൻ കുടുംബം കൂടി അനുവദിക്കുകയാണെങ്കിൽ മെസ്സി അതിന് തയ്യാറാകുമെന്നും കിർദെമിർ പറയുന്നു.