നെടുമ്പാശ്ശേരി- മനുഷ്യക്കടത്തിനായി തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഏജന്റ് അറസ്റ്റിൽ. തമിഴ്‌നാട് ചെങ്കം കുപ്പാനത്തം ബാഷ (33)യെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഫസലുള്ള എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ജൂലൈ 17 ന് ആണ് വിദേശത്തേക്ക് കടത്താൻ ഏഴ് യുവതികളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. ഇതിന്റെ അന്വേഷണം ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽ നോട്ടത്തിൽ നടന്നുവരികെയാണ് ഒളിവിൽ കഴിയുകയായിരുന്ന ഏജന്റിനെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്. ചെങ്കത്ത് ഖലീഫ എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുകയാണ് ബാഷ. ഉൾഗ്രാമങ്ങളിൽനിന്ന് നിരക്ഷരരും, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നതുമായ സ്ത്രീകളെ കണ്ടെത്തി അവർക്ക് സൗജന്യമായി പാസ്‌പോർട്ട്, വിസ, ടിക്കറ്റ്, മെഡിക്കൽ സൗകര്യം എന്നിവ ശരിയാക്കിക്കൊടുക്കും. ദുബൈയിലേക്കുള്ള വിസിറ്റ് വിസയയുമാണ് വിമാനത്താവളത്തിലെത്തിയത്. ദുബായിലെത്തിയ ശേഷം കുവൈറ്റ് വിസയടിച്ച പേജ് പാസ്‌പോർട്ടിൽ തുന്നിച്ചേർത്ത് കുവൈറ്റിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് കുവൈറ്റിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെന്ന് ഏജന്റ് പറഞ്ഞു. കുവൈറ്റിൽ എത്തിച്ച ശേഷം അവിടത്തെ ഏജന്റിന് കൈമാറുകയായിരുന്നു ലക്ഷ്യം. മുപ്പതിനും നാൽപ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. ഡിവൈ.എസ്.പി വി.രാജീവ്, എസ്.ഐമാരായ സന്തോഷ് ബേബി, എൻ.സാബു, എ.എസ്.ഐ ഇ.ബി.സുനിൽ കുമാർ, എസ്.സി.പി. ഒമാരായ പി.ആർ.ശ്രീരാജ്, എൻ.എസ്.സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.