ജിദ്ദ - സൗദി അറേബ്യയുടെ മാനവികത പ്രതിഫലിപ്പിക്കുന്ന, ലോകമെങ്ങും വൈറലായ ഫോട്ടോയെടുത്ത സൗദി പ്രസ് ഏജൻസി ഫോട്ടോഗ്രാഫർ നിസാർ മഅ്തൂഖ് ഹസനൈന് മീഡിയ മന്ത്രി സൽമാൻ അൽദോസരിയുടെ ആദരം. സുഡാനിൽ നിന്ന് സൗദി നാവിക സേനാ കപ്പലിൽ ഒഴിപ്പിച്ച കുടുംബത്തിന്റെ പിഞ്ചുകുഞ്ഞിനെ മാതൃസ്‌നേഹത്തോടെ മാറോടണച്ചുപിടിച്ച് സൗദി സൈനിക ഉദ്യോഗസ്ഥ താലോലിക്കുന്നതിന്റെ ദൃശ്യമാണ് നിസാർ മഅ്തൂഖ് ഹസനൈൻ ക്യാമറക്കണ്ണിലാക്കിയത്. കപ്പലിൽ നിന്ന് ലഗേജുമായി പുറത്തിറങ്ങുന്നതിനിടെയാണ് യുവതിയുടെ കുഞ്ഞിനെ സൈനിക ഉദ്യോഗസ്ഥ കൈയിലെടുത്ത് സഹായിച്ചത്. കുഞ്ഞിനെ ഒരു കൈയിൽ മാറോടണച്ചു പിടിച്ച ഉദ്യോഗസ്ഥ മറുകൈ ഉപയോഗിച്ച് കുഞ്ഞിന്റെ ശിരസ്സിൽ തലോടുകയായിരുന്നു.
സൗദികളുടെ മാനവികത പ്രതിഫലിപ്പിക്കുകയും ആഗോള പ്രചാരം നേടുകയും ചെയ്ത, പിഞ്ചുകുഞ്ഞിനെ മാറോടണച്ചുപിടിച്ച സൈനിക ഉദ്യോഗസ്ഥയുടെ ഫോട്ടോയെടുത്ത സൗദി പ്രസ് ഏജൻസിയിൽ നിന്നുള്ള സൃഷ്ടി വൈഭവമുള്ള സഹപ്രവർത്തകൻ നിസാർ മഅ്തൂഖ് ഹസനൈനെ സ്വീകരിക്കാനും ആദരിക്കാനും സാധിച്ചതിൽ സന്തോഷിക്കുന്നതായി മീഡിയ മന്ത്രി സൽമാൻ അൽദോസരി ട്വീറ്റ് ചെയ്തു. സൃഷ്ടി വൈഭവമുള്ള യുവാക്കളും യുവതികളും സൗദിയിലുണ്ട്. അവരുടെ കഴിവുകളിൽ ഞങ്ങൾ വിശ്വാസിക്കുകയും ശുഭാപ്തി വിശ്വാസം പുലർത്തുകയും ചെയ്യുന്നു. അവരിൽ നിന്ന് കൂടുതൽ സംഭാവനകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു - മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും മികച്ച ചിത്രമായി ബ്രിട്ടനിലെ ഗാർഡിയൻ പത്രം ഈ ഫോട്ടോ തെരഞ്ഞെടുത്തിരുന്നു. സുഡാൻ സൈന്യവും പാരാമിലിട്ടറി വിഭാഗവും ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം സുഡാനിൽ കുടുങ്ങിയ സൗദി പൗരന്മാരും മറ്റു രാജ്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ സൗദി അറേബ്യ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഒഴിപ്പിക്കൽ ഓപ്പറേഷന് നാവിക സേനാ കപ്പലുകളും യാത്രാ കപ്പലുകളും ഉപയോഗിക്കുന്നു. സുഡാനിൽ നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിക്കുന്നവർക്ക് തൽക്ഷണം സൗദി വിസ അനുവദിച്ച് വിദേശ മന്ത്രാലയം ഏർപ്പെടുത്തിയ ഹോട്ടലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പിന്നീട് അവരവരുടെ രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് ഇവരുടെ സ്വദേശങ്ങളിലേക്കുള്ള മടക്കയാത്രക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. സൗദി സൈനിക, യാത്രാ കപ്പലുകളിൽ ഒഴിപ്പിക്കുന്നവർക്കു പുറമെ വിദേശ രാജ്യങ്ങളുടെ സൈനിക കപ്പലുകളിലും വിമാനങ്ങളിലെയും ഒഴിപ്പിക്കുന്നവരെയും സൗദി അറേബ്യ സ്വീകരിക്കുന്നുണ്ട്.