Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വി.എസ് വീണ്ടും പിണറായിയെ തോൽപ്പിക്കുകയാണ്

പിയൂഷ് ഗോയൽ,  വി.എസ്.അച്യുതാനന്ദൻ 

ഏതായാലും കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ എന്ന 54 വയസ് മാത്രമുള്ള  സംഘപരിവാറുകാരൻ   വി.എസ് എന്ന 94 കഴിഞ്ഞ കമ്യൂണിസ്റ്റ് വ്യക്തിത്വത്തെ  ആദരപൂർവ്വം സ്വീകരിച്ചിരുത്തി. ആ വിളിച്ചിരുത്തലിന് പിന്നിലൊക്കെ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുമെന്ന് മനസ്സിലാകാത്തയാളൊന്നുമല്ല അച്യുതാനന്ദൻ. എന്നിട്ടും ആ നല്ല വാക്കുകൾ കേൾക്കാൻ മാത്രമായി അദ്ദേഹം കേന്ദ്രമന്ത്രിയെ പോയി കണ്ടത്  കഞ്ചിക്കോട് റെയിൽ ഫാക്ടറിയുടെ  കാര്യം പറയാൻ മാത്രമാണെന്ന് ആരു വിശ്വസിക്കും ?


വി.എസ് അച്യുതാനന്ദൻ എന്ന മഹാതന്ത്രശാലിക്ക് മുന്നിൽ കേരള രാഷ്ട്രീയത്തിലെ അതിശക്തർ പോലും ഒരു ദിവസമെങ്കിൽ ഒരു ദിവസം തോറ്റുപോവുന്നു.  ആ വിജയം ശാശ്വതമാക്കാൻ അദ്ദേഹത്തിന് കഴിയാത്തതിന് നൂറിനോടടുക്കുന്ന പ്രായം മാത്രമല്ല കാരണം. സ്വന്തം പാർട്ടിയുടെ പിന്തുണയില്ലായ്മയുമാണ്. പാർട്ടിയില്ലെങ്കിലും  അദ്ദേഹം എതിരാളിയെ  വെറുതെയാണെങ്കിലും തോൽപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇനിയെന്ത് പാർട്ടി, ഏത് പാർട്ടി.  നോക്കിലൂടെ, വാക്കിലൂടെ, മൗനത്തിലൂടെ, അങ്ങിനെയങ്ങിനെ പലവഴികളിലുള്ള ഇടപെലുകളിൽ വി.എസും അദ്ദേഹത്തെ പിന്തുണക്കുന്നവരും ജയിച്ചു നിൽക്കുമ്പോൾ പാർട്ടി സംവിധാനം വല്ലാതെ തോറ്റു പോകുന്നു.   ഇക്കഴിഞ്ഞ ദിവസം അദ്ദേഹം കേന്ദ്ര റെയിൽവെമന്ത്രി പിയൂഷ് ഗോയലിനെ കണ്ടതോടെ തുറന്നത് മറ്റൊരു സാധ്യതയായണ്. 
കോച്ചു ഫാക്ടറി പ്രശ്‌നത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾക്കായി സി.പി.എം എം.പിമാർ ദൽഹിയിൽ പ്രക്ഷോഭം നടത്തി വാർത്തകളിൽ നിറയുമ്പോൾ  വി.എസ് അച്യുതാനന്ദനും ദൽഹിയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് വേണം കരുതാൻ. സി.പി.എം കേന്ദ്രകമ്മിറ്റിയായിരുന്നു ഇരുവരുടെയും യാത്രാ ലക്ഷ്യം. 
സി.പി.ഐ അംഗങ്ങളെ ദൽഹിയിലെ സമരത്തിന് കൂട്ടു വിളിച്ചപ്പോൾ ഏതോ പാർട്ടി കമ്മിറ്റി കാര്യം പറഞ്ഞ് അവർ മാറി നിന്നു. 
ഒടുവിൽ പ്രധാനമന്ത്രി മോഡിയെ കാണാൻ കഴിയാതിരുന്നതും , രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അവഗണനയാണെന്നുമൊക്കെയുള്ള വിവാദങ്ങളിൽ കേരള മനസ്സും മുഖ്യമന്ത്രിക്ക്  ചേർന്ന് നിൽക്കവേ അതാ ഇടിത്തീപോലൊരു സന്ദർശന വാർത്ത! കോച്ചു ഫാക്ടറി ആവശ്യവുമായി വി.എസ് അച്യുതാനന്ദൻ കേന്ദ്രറെയിൽവെ മന്ത്രി പിയൂഷ് ഗോയലിനെ ചെന്നു കണ്ടിരിക്കുന്നു. ഒറ്റയടിക്ക് നോക്കിയാൽ ഒരു കുഴപ്പവുമില്ലാത്ത നടപടി. കഞ്ചിക്കോട് വി.എസിന്റെ മത്സര തട്ടകത്തിലാണ്. അദ്ദേഹമാണെങ്കിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രി. 
ഇന്ത്യയിലെ ഒരു രാഷ്ട്രീയ വാതിലും വി.എസിന് മുന്നിൽ ഇനി തുറക്കാതിരിക്കില്ലെന്ന് നന്നായി അറിയാവുന്നയാളാണ് വി.എസ്. അതൊരിക്കലും അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഗുണമല്ല. പരമ്പരാഗതമായി മനുഷ്യർ വെച്ചു പുലർത്തുന്ന സഹജഗുണം- മുതിർന്നവർക്ക് കിട്ടുന്ന പ്രത്യേക ആദരവ്.  
ഏതായാലും കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ എന്ന 54 വയസ് മാത്രമുള്ള  സംഘപരിവാറുകാരൻ   വി.എസ് എന്ന 94 കഴിഞ്ഞ കമ്യൂണിസ്റ്റ് വ്യക്തിത്വത്തെ  ആദര പൂർവ്വം സ്വീകരിച്ചിരുത്തി. ആ വിളിച്ചിരുത്തലിന് പിന്നിലൊക്കെ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുമെന്ന് മനസ്സിലാകാത്തയാളൊന്നുമല്ല വി.എസ് അച്യുതാനന്ദൻ. എന്നിട്ടും ആ നല്ല വാക്കുകൾ കേൾക്കാൻ മാത്രമായി അദ്ദേഹം കേന്ദ്രമന്ത്രിയെ പോയി കണ്ടത്  കഞ്ചിക്കോട് റെയിൽ ഫാക്ടറിയുടെ  കാര്യം പറയാൻ മാത്രമാണെന്ന് ആരു വിശ്വസിക്കും ? ഇതാ കണ്ടോ മുഖ്യമന്ത്രി പിണറായി വിജയന് കഴിയാത്തത് തനിക്ക് സാധിക്കും  എന്ന തോന്നൽ അര ദിവസമെങ്കിൽ  അരദിവസം അന്തരീക്ഷത്തിൽ നിർത്താൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അത്ര തന്നെ.
പിയൂഷ് ഗോയലിനെ കാണാൻ താൻ ശ്രമിച്ചിട്ടില്ലെന്നും എം.പിമാരുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി  പിണറായി വിജയൻ വ്യക്തമാക്കിയത് പിയൂഷ് ഗോയലിന് മാത്രമുള്ള മറുപടിയല്ലെന്നോർക്കുക. 
സമീപകാലത്തായി സി.പി.എം പാർട്ടി സംവിധാനത്തിന്റെ പക്ഷം ചേർന്ന് മാത്രം സംസാരിക്കുന്ന പാർട്ടിക്കാരനായ മന്ത്രി സുധാകരന്റെ വാക്കുകൾ  പുതിയ വിവാദം ചെന്നെത്തി നിൽക്കുന്ന അത്ര ചെറുതല്ലാത്ത പ്രയാസങ്ങൾ വിളിച്ചറിയിക്കുന്നതാണ്. വി.എസ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ടത് വിവാദമാക്കേണ്ടതില്ലെന്നാണ് മന്ത്രി സുധാകരൻ  വിഷയം ലളിതവൽക്കരിക്കാൻ നോക്കുന്നത്.  'മുഖ്യമന്ത്രിക്ക് പകരമല്ല വി.എസ്, വി.എസിന് പകരമല്ല മുഖ്യമന്ത്രി.' ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിലാണെന്ന് തോന്നുമെങ്കിലും മന്ത്രി സുധാകരൻ പ്രയോഗിച്ച ഈ വാക്കുകളിൽ എല്ലാം ഉണ്ട്- വി.എസ് മുഖ്യമന്ത്രി ചമയാൻ നേക്കേണ്ടെന്ന്. 
പദവികളിലിരിക്കുന്നവർ ഇങ്ങിനെയൊക്കെ ഒളിച്ചു കളിക്കുമ്പോഴും സി.പി.എം കാഡറിന്റെ മനസ്സ് അതല്ലെന്ന് അവരുടെ നവ മാധ്യമ പ്രതികരണം വ്യക്തമാക്കുന്നു. ജെ.എൻ.യുവിൽ പഠിച്ചിറങ്ങിയ സൈബർ സഖാക്കളിൽ ഒരാളായ കണ്ണൂർ സ്വദേശി അശ്വിൻ ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ വന്നെഴുതുന്നത് വായിക്കുക; ഏത് പദവിയിൽ ഇരുന്നാലും, ഗോയലും, തള്ള് മാമനുമൊക്കെ സംഘി നിലവാരമല്ലേ കാണിക്കൂ?
ഇങ്ങിനെയൊന്നും പറയാൻ ഒരു കാരണവശാലും, മുഖ്യമന്ത്രിക്കോ അദ്ദേഹത്തെ പോലെ പദവികളിലിരിക്കുന്നവർക്കോ കഴിയാതിരിക്കുമ്പോഴും മറ്റെവിടെ നിന്നൊക്കെയോ ഇതുപോലുള്ള ശബ്ദങ്ങൾ ഉയർന്നു കൊണ്ടേയിരിക്കുന്നു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാക്കുകൾ കാപട്യമാണെന്ന എം.ബി രാജേഷ് എം.പിയുടെ വാക്കുകളും ഒരേസമയം എല്ലാവർക്കുമുള്ള മറുപടി തന്നെ.  സമാശ്വാസ വാക്കുകളല്ല, സമയബന്ധിതമായ നടപടികളാണ് ആവശ്യം. പ്രതിഷേധം കാരണമാണ് റയിൽവേ മന്ത്രി നിലപാട് മയപ്പെടുത്തിയതെന്നും സ്ഥലം എം.പി കൂട്ടിച്ചേർത്തിട്ടുണ്ട്- സി.പി.എം സമരമാണ് ജയിച്ചത് , അല്ലാതെ വി.എസും ഗോയലുമല്ലെന്ന്. 
പിണറായി മോഡി വിരുദ്ധ പ്രസ്താവന നടത്തുമ്പോൾ വി.എസ് കേന്ദ്ര റയിൽമന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തി പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നുവെന്നാണ് ഈ വിഷയത്തിൽ ഒ.രാജഗോപാൽ എം.എൽ.എ  വി.എസിന് പക്ഷം ചേർന്ന് പ്രതികരിച്ചത്. ഇങ്ങിനെയൊരു പ്രതികരണം വി.എസ് ആവശ്യപ്പെട്ട് നേടിയതാണെന്ന് ആരും പറയില്ല.  ഒ.രാജഗോപാലിന്റെ പാർട്ടിയുടെയും  മനസ്സ് ഇവിടെ  വി.എസ് അനുകൂലമാകുന്നു.  ദൽഹിയിൽ ഇല്ലായിരുന്ന കേന്ദ്ര മന്ത്രി വി.എസിനെ കാണാൻ മാത്രം എത്തി എന്നത് കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിരോധമാണോ സ്‌നേഹമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാജഗോപാൽ  കിട്ടിയ വടിയെടുത്ത്  മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തിൽ അടുത്ത ദിവസങ്ങളിൽ വിവാദമാകാനിടയുള്ള രാഷ്ട്രീയമാണ് റെയിൽവേ വഴി ഇങ്ങെത്തിയിരിക്കുന്നത്. സി.പി.എമ്മിന്റെ കടുത്ത മോഡി വിരുദ്ധ രാഷ്ട്രീയത്തേയുമാണ് താൽക്കാലികമായെങ്കിലും വി.എസ് റദ്ദാക്കി  കളഞ്ഞത്. ഇനിയെന്ത് എന്ന് വരും ദിവസങ്ങളിലറിയാം. 
 

Latest News