വിശ്വാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം യോഗത്തെ വിലയിരുത്തണമെന്നില്ല. പക്ഷേ വിശ്വാസത്തിൽനിന്നും പാരമ്പര്യത്തിൽനിന്നും അതിനെ അടർത്തി മാറ്റണമെന്ന പിടിവാശിയാണ് ഇടതുചിന്തയെ ശ്ലഥമാക്കുന്നത്. മോഡി ഉന്നയിക്കുന്ന ഓരോ പ്രസ്ഥാനത്തെയും ഇടതുപക്ഷം എതിർക്കുന്നതു കാണുമ്പോൾ, അവർ ഏറ്റവും പേടിക്കുന്നത് മോഡിയുടെ രാഷ്ട്രീയത്തെയാണെന്നു സംശയം വരും.
ലോകത്തെ രണ്ടായി തിരിക്കാമെന്നു തോന്നുന്നു. ഒരു തരം നരേന്ദ്ര മോഡിയെ കണ്ണടച്ച് പിന്തുടരുന്നവർ. രണ്ടാമത്തെ തരം നരേന്ദ്ര മോഡിയെ എല്ലാ തിന്മകളുടെയും ഉറവിടമായി കാണുന്നവർ. ദേശീയ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈ തരം തിരിവ് നിലവിൽ വരുന്നതു കാണാം. യോഗദിനാചരണത്തിൽ അതു കൂടുതൽ തെളിഞ്ഞു എന്നു മാത്രം.
പ്രധാനപ്പെട്ട കാര്യങ്ങൾ പറയുന്നതിനു മുമ്പ് യോഗത്തെയും യോഗയെയും ഒന്നു സ്പർശിച്ചു പോകാം. ചേർച്ച എന്നോ ഏകീഭാവം എന്നോ അർഥം പറയാവുന്ന യോഗം ഭാഷയുടെ വേഗത്തിനിടയിൽ എപ്പോഴോ യോഗ ആയി. അർഥവ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല. വ്യത്യാസം ഉണ്ടെന്നു ശഠിക്കുന്നവർക്ക് യോഗ ഒരു വ്യായാമക്രമം മാത്രമാണെന്നും, പതഞ്ജലി മഹർഷിയുടെ അഷ്ടാംഗയോഗമാകട്ടെ, ഒരു ആധ്യാത്മികാനുഭൂതി ആണെന്നും സിദ്ധാന്തിക്കാം. പിന്നീടു വന്ന ഒരു ആദിഗുരു പറഞ്ഞു, കർമ്മങ്ങളിൽ കൗശലമാകുന്നു യോഗം.
അഷ്ടാംഗയോഗത്തിന്റെ തിയറി മാമുനിയായ പതഞ്ജലി അവതരിപ്പിച്ചതിനുശേഷം ആ വഴിയേ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തവരിൽ പ്രമുഖർ രണ്ടുപേർ: ബി കെ എസ് അയ്യങ്കാരും നരേന്ദ്ര ദാമോദർ മോഡിയും. അയ്യങ്കാർക്ക് അതൊരു അഭ്യാസമായിരുന്നു. എല്ലുകളെ വളക്കാനും പേശികളെ പേലവമാക്കാനും അതുകൊണ്ട് കഴിയും. വയസ്സേറെ ചെന്നിട്ടും അയ്യങ്കാർക്ക് ചെറുപ്പം വിടാതിരുന്നതിന്റെ രഹസ്യം എല്ലാവരും യോഗത്തിൽ യോഗയിൽ കണ്ടെത്തി. ജരക്കും നരക്കും അപ്പുറത്തേക്ക് മനുഷ്യശരീരത്തെ എത്തിക്കാൻ യോഗ ഉതകുമെന്ന വിശ്വാസം പരന്നു. മൃത്യുഞ്ജയം എന്ന ലക്ഷ്യം ഒന്നാണെങ്കിലും വഴി, യോഗ പോലെ, പലതാകുന്നു.
നര നീക്കാനും തടയാനും യോഗ മതിയെന്ന വാദത്തെ പൊളിക്കാൻ മോഡിയുടെ രൂപം തന്നെ മതിയായി. പുൽപായ വിരിച്ച് അതിൽ കൈ കുത്തിയും കാൽ വീശിയും നടു മടക്കിയും നമസ്‌ക്കരിച്ചും ഒരു നാഴിക ചെലവാക്കുന്നതിനപ്പുറം പോകുന്നതാണ് യോഗം എന്ന് അദ്ദേഹം ഗൗരവമായി വിശ്വസിക്കുകയും മറ്റു പ്രസ്ഥാനക്കാരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മോഡിയെ ഗുരുവായി കണക്കാക്കാൻ പിണറായി വിജയൻ തയ്യാറാവില്ലെങ്കിലും യോഗത്തിന്റെ സിദ്ധികളെപ്പറ്റി അദ്ദേഹത്തിനും സംശയമുണ്ടാവില്ല. യോഗാഭ്യാസം പ്രചരിപ്പിക്കാൻ പിണറായിയുടെ പാർട്ടി കുറച്ചിടയായി കാണിക്കുന്ന ഉൽസാഹം ശ്രദ്ധിക്കുക.
റോമൻ ശൈലിയിൽ സീസർക്കുള്ളത് സീസർക്കും യേശുവിനുള്ളത് യേശുവിനും പോകണം എന്നത്രേ പ്രമാണം. യോഗത്തിന്റെ കാര്യത്തിലും അതാകണം പ്രമാണം. പക്ഷേ ഭൂമിമലയാളം മുഴുവൻ യോഗം ഒരു ജീവിതചര്യയാക്കാൻ ശ്രമിക്കുന്നവരിൽ ഒന്നാം സ്ഥാനം മോഡിക്ക് കൊടുക്കാൻ വിജയന്റെ കക്ഷി ഇഷ്ടപ്പെടുന്നില്ല. ജരക്കും നരക്കുമെതിരെ മാത്രം യോഗം ഉപയോഗിച്ചാൽ പോരാ എന്ന മോഡി സിദ്ധാന്തത്തോടാവാം വിജയനു വിരോധം. അഭ്യാസത്തിന്റെ മുന്മൊഴിയായി മോഡി പറഞ്ഞു: യോഗം ചേർച്ചയാകുന്നു, സംഗമമാകുന്നു. ഇന്ത്യയുടെ ഭൗമസീമകളെ കടന്നു കേറി യോഗ പ്രചരിക്കാൻ തുടങ്ങുന്നു.
അതിന്റെ പുരുഷസൂക്തം പാടുന്ന ആൾ മോഡി ആകുന്നു. അതാണ് പ്രശ്‌നം. പുതിയ യോഗാധ്യായത്തിന്റെ സംക്രമപുരുഷൻ നരേന്ദ്ര മോഡി ആയതുകൊണ്ടാണ് വിജയനും മറ്റും വീർപ്പുമുട്ട്. യോഗം കൊള്ളാം, പക്ഷേ നരേന്ദ്ര യോഗം തള്ളണം എന്നാണ് വിജയന്റെ വിരുദ്ധവചനം. യോഗത്തെ അധ്യാത്മവാദികൾ തട്ടിക്കൊണ്ടുപോകുന്നതു തടുക്കാനാണ് ഇടതുപക്ഷത്തിന്റെയും ഫാസിസത്തിനെതിരെ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നവരുടെയും ഉദ്യമമെന്നു പറഞ്ഞു കേൾക്കുന്നു. ആഗോളീകരിക്കപ്പെടുന്ന യോഗം പ്രാചീനഭാരതത്തിന്റെ പ്രാണനായി വികസിച്ച അഭ്യാസശൈലി ആണെന്നു സമർഥിക്കുന്നവരാണ് മോഡിയുടെ അനുയായികൾ. പുല്ലിലും പൂവിലും പുഴയിലും അവർ ആധ്യാത്മികത ദർശിക്കുന്നു. ഓരോ തിരിവിലും പിരിവിലും കവിത കാണാവുന്നതുപോലെ, യോഗത്തിന്റെ ഓരോ ചലനത്തിലും അധ്യാത്മഭാവം അവർ കാണുന്നു. ആധ്യാത്മികത, വോട്ടു കിട്ടുന്നിടത്തൊഴിച്ചൊരിടത്തും, അനുവദിക്കാത്ത വിജയന്റെ പാർട്ടിക്ക് അതിനെപ്പറ്റി ആയിരം സംശയങ്ങളാണ്.
മോഡി പ്രചരിപ്പിക്കുന്ന യോഗം വേറെ എന്തിന്റെയെല്ലാമോ മുഖവും മസ്തിഷ്‌ക്കവും ആണെന്നു വിശ്വസിക്കുന്നു ഇടതു പക്ഷം. യോഗം വളരണം, പക്ഷേ അത് മോഡി വഴി വേണ്ട: അതാണ് പൊതുവായ രാഷ്ട്രീയനയം, യോഗത്തിന്റെ രാഷ്ട്രീയനയം എന്നും പറയാം. വ്യായാമക്രമമായാലും ധ്യാനശൈലിയായാലും, അതിനൊരു വൈദേശികത്വം ഉണ്ടായാലേ ഗമയുള്ളു എന്നാകും പലരുടെയും വിചാരം. മരുന്നായാലും മന്ത്രമായാലും, ഗുണഭോക്താവിനു രസിക്കണമെങ്കിൽ ബിലാത്തിയിൽനിന്നു കടം കൊണ്ടതാകണം.
അങ്ങനെ കരുതുന്നവരിൽ ഇടതുപക്ഷത്തെ ഭിഷഗ്വരന്മാരും അർവാചീന ചിന്തകരും ഉൾപ്പെടുന്നു. യോഗത്തെയോ ഇന്ത്യൻ പാരമ്പര്യത്തെയോ അടച്ചെതിർക്കുന്നില്ലെങ്കിലും, ഉദ്ദേശ്യം അതു തന്നെ. യോഗത്തെ മഹത്വവൽക്കരിക്കുകയും ആധ്യാത്മികവൽക്കരിക്കുകയും ചെയ്യുന്നത് ശാസ്ത്രീയമല്ല എന്നാണ് ഒരു വാദം. ശാസ്ത്രീയം എന്ന് ഓരോരോ ഘട്ടത്തിലും കരുതിയിരുന്നതൊക്കെ പിന്നെപ്പിന്നെ അബദ്ധമാണെന്നു വന്നുകൂടിയിട്ടുണ്ടെന്നത് വേറെ കാര്യം. അബദ്ധങ്ങളിൽനിന്നും അസംബന്ധങ്ങളിൽനിന്നും ജീവിതരഹസ്യം തിരിച്ചറിയുന്നതിലും ഒരു ശാസ്ത്രീയതയില്ലേ?
യോഗം സർവരോഗഹരമാണെന്ന പ്രചാരണത്തെയും ശാസ്ത്രചിന്തകർ ഖണ്ഡിക്കുന്നു. അതിനെ ആപൽക്കരമായി കാണുന്നവരും ഇല്ലാതില്ല. ധ്യാനം വഴിയും പ്രാണായാമം വഴിയും ശരീരത്തിലെ ആന്തരചലനങ്ങളെ സ്വാധീനിക്കാമെന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട് ഒഫ് മെഡിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ കുറച്ചു കൊല്ലം മുമ്പ് കണ്ടെത്തിയിരുന്നു. ടിബറ്റൻ ധ്യാനരീതിയിൽ ചില ഗവേഷകർ കുറച്ചിടയായി ഗൗരവമായ താൽപര്യം കാണിച്ചുവരുന്നു. അതിനർഥം യോഗബദ്ധമായ ചികിൽസയും ഉപചാരവും സമ്പൂർണമാണെന്നല്ല. യോഗം ജാടയും അന്ധവിശ്വാസവുമാണെന്നും അതിനർഥമില്ല. മോഡി പ്രചരിപ്പിക്കുന്നതുകൊണ്ട് യോഗം സംശയാസ്പദമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം പൂർണമായും വിപരീതമാകും എന്നും അതിനർഥമാകും.
മതാനുഭവങ്ങളെപ്പറ്റി ഏറെ ആലോചിച്ച ഒരു മനശ്ശാസ്ത്ര ചിന്തകൻ ഉണ്ടായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ അമേരിക്കയിൽ. വില്യം ജെയിംസ്. ശാരീരികമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സത്യം കണ്ടെത്താൻ കഴിയുമെന്ന വാശിയെ എതിർത്ത ആളായിരുന്നു അദ്ദേഹം. ആ വികലചിന്തക്ക് അദ്ദേഹം ഇട്ട പേരായിരുന്നു മെഡിക്കൽ മെറ്റീരിയലിസം. യോഗം ശരീരത്തിലും മനസ്സിലും വരുത്താവുന്ന മാറ്റത്തെ കണ്ടില്ലെന്നു നടിക്കുന്ന ഇടതുപക്ഷ ശാസ്ത്രജ്ഞരും ഈ ചിന്താഗതിക്ക് അടിപ്പെട്ടിരിക്കും. യോഗത്തിന്റെ താളവും വർണവിസ്മയവും ഒരു സംസ്‌കൃതിയുടെ പുരസ്‌കാരമായി എണ്ണി, അതിന്റെ സാധ്യാസാധ്യതകളെ കണ്ടറിയാനുള്ള ശ്രമം എല്ലാവർക്കും ഗുണം ചെയ്യും.
വിശ്വാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം യോഗത്തെ വിലയിരുത്തണമെന്നില്ല. പക്ഷേ വിശ്വാസത്തിൽനിന്നും പാരമ്പര്യത്തിൽനിന്നും അതിനെ അടർത്തി മാറ്റണമെന്ന പിടിവാശിയാണ് ഇടതുചിന്തയെ ശ്ലഥമാക്കുന്നത്. മോഡി ഉന്നയിക്കുന്ന ഓരോ പ്രസ്ഥാനത്തെയും ഇടതുപക്ഷം എതിർക്കുന്നതു കാണുമ്പോൾ, അവർ ഏറ്റവും പേടിക്കുന്നത് മോഡിയുടെ രാഷ്ട്രീയത്തെയാണെന്നു സംശയം വരും. കൃഷ്ണാഘോഷം ബാലഗോകുലത്തിൽനിന്നും യോഗാഭ്യാസം മോഡിയിൽനിന്നും മറ്റും ഇടതുപക്ഷം ശീലിച്ചുവരികയാണല്ലോ. അനുലോമ വിലോമചിന്തകൾ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ കടന്നുകൂടുന്നത് ഇങ്ങനെയാകാം.