മോസ്‌കോ- ക്രൊയേഷ്യയോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ മുൻ ലോക ജേതാക്കളായ അർജന്റീന ടീമിൽ കലാപം പുകയുന്നതായി റിപ്പോർട്ട്. ചിലി മുൻ ക്യാപ്റ്റനായ ടീം പരിശീലകൻ സാംപോളിയെ കോച്ച് പദവിയിൽ നിന്ന് തുരത്തണമെന്ന് മെസ്സിയും സഹതാരങ്ങളും ആവശ്യപ്പെട്ടതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു. പകരം ടീമിന്റെ ഇപ്പോഴത്തെ ജനറൽ മാനേജരും 1986ലെ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ ഹോർഹെ ബർറുചാഗയെ കോച്ചാക്കണമെന്നാണ് ടീമിന്റെ ആവശ്യം.
ടീമിലെ ഇപ്പോഴത്തെ അവസ്ഥ കലുഷിതമാണെന്ന് മുൻ താരവും ബർറുചാഗെയുടെ അടുത്ത സുഹൃത്തും ലോക കിരീടം നേടിയ ടീമിലെ അംഗവുമായ റികാർദോ ഗിയുസ്തി പറയുന്നു. ടീം എങ്ങനെ ആയിരിക്കണമെന്ന് നിശ്ചിയിക്കാൻ അനുവദിക്കണമെന്ന് കളിക്കാർ ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. ആരൊക്കെ കളിക്കണമെന്ന് തങ്ങൾ നിശ്ചയിക്കുമെന്ന് താരങ്ങൾ സാംപോളിയെ അറിയിച്ചിട്ടുണ്ടെന്ന് ഗിയുസ്തി പറയുന്നു. 'സാംപോളിക്ക് ബെഞ്ചിലിരിക്കാം. പക്ഷെ കാര്യമില്ല. അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ല,' അദ്ദേഹം പറഞ്ഞു.
ഐസ്‌ലാൻഡിനെതിരെ കളിച്ച പ്രതിരോധ നിരയെ സാംപോളി പൊളിച്ചു പണിതതാണ് ക്രൊയേഷ്യയ്‌ക്കെതിരെ നാണം കെട്ട തോൽവിക്ക് കാരണമായതെന്ന ആക്ഷേപം ശക്തമാണ്. ഗോൾകീപ്പർ വിയ്യി കാബയെറോക്ക് പറ്റിയ ഭീമാബദ്ധം ചൂണ്ടിക്കാട്ടി തെറിവിളിച്ച മസ്‌ചെരാനോയും സ്‌െ്രെടക്കർ ക്രിസ്റ്റ്യൻ പാവോനും തമ്മിൽ ഡ്രസിങ് റൂമിൽ കലഹമുണ്ടായെന്നും റിപ്പോർട്ടുണ്ട്. ഈ ലോകകപ്പ് തീരുന്നതു വരെ തുടർന്നാൽ മതിയെന്ന് സാപോളിയെ അറിയിച്ചിട്ടുണ്ട്. ലോകകപ്പോടെ അദ്ദേഹത്തെ നീക്കം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.