കോഴിക്കോട് - സമസ്ത-സി.ഐ.സി പ്രശ്‌നത്തിന് ഇനിയും അറുതിയായില്ല. സി.ഐ.സി സമിതികളിൽ നിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും രാജി സന്നദ്ധത അറിയിച്ചു. സി.ഐ.സി ഉപദേശക സമിതിയിൽ നിന്നടക്കമാണ് രാജി
സി.ഐ.സി വിഷയത്തിൽ സമസ്തയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരു നേതാക്കളുടെയും രാജി പ്രഖ്യാപനം. സി.ഐ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതിപ്പെട്ടു. എന്നാൽ പുതിയ നിയമനവും രാജി സ്വീകരിച്ചതുമടക്കമുള്ള കാര്യങ്ങൾ സമസ്ത-സി.ഐ.സി നേതാക്കളുടെ കൂടി അറിവോടെയും ആലോചിച്ചുമാണെന്നാണ് സി.ഐ.സി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
സമസ്തയുടെ കണ്ണിലെ കരടായി മാറിയ സി.ഐ.സിയുടെ സ്ഥാപക ജനറൽസെക്രട്ടറി പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി ആദൃശേരി രാജിവെച്ച ശേഷവും സി.ഐ.സിയും സമസ്തയും രണ്ട് തട്ടിലാണ് നീങ്ങുന്നതെന്ന കൃത്യമായ സൂചനയാണ് നേതാക്കളുടെ രാജിയോടെ കൂടുതൽ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഹബീബുല്ല ഫൈസി പള്ളിപ്പുറത്തെ സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് സമസ്തയോട് കൂടിയാലോചിച്ചില്ലെന്നാണ് പറയുന്നത്. എ.കെ അബ്ദുൽഹക്കീം ഫൈസിക്കു പകരക്കാരനായെത്തിയ ഹബീബുല്ല ഫൈസി, തൂത ദാറുൽ ഉലൂം ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളജ് പ്രിൻസിപ്പലും സമസ്ത ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ മരുമകനുമാണ്.
നേതാക്കളുടെ രാജി പ്രഖ്യാപനത്തിലൂടെ പാണക്കാട് കുടുംബത്തെയും പ്രത്യേകിച്ച് സാദിഖലി തങ്ങളെയും സി.ഐ.സി സംവിധാനത്തെയും കൂടുതൽ സമ്മർദ്ദത്തിലാക്കാമെന്നാണ് സമസ്തയിലെ ഒരു വിഭാഗം കരുതുന്നത്. സമസ്തയിൽനിന്ന് ഇത്തരമൊരു തിരിച്ചടി സാദിഖലി തങ്ങളും പ്രതീക്ഷിച്ചതല്ല.
പുതിയ വിദ്യാഭ്യാസ വർഷം കൺമുമ്പിലെത്തി നിൽക്കേ, വഫി-വാഫിയ്യ സ്ഥാപനങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ഇടപെടലുകൾ ചിലരുടെ ഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കെ, സമസ്തയുടെ സമുന്നത നേതൃത്വത്തിന്റെ രാജി പ്രഖ്യാപനം അതിന് ആക്കം കൂട്ടുമെന്നാണ് സി.ഐ.സിക്കെതിരെ തന്ത്രം മെനയുന്നവരുടെ കണക്കുകൂട്ടൽ. എന്നാൽ ആര് കൈവിട്ടാലും സി.ഐ.സി സംവിധാനത്തെ പോറലേൽപ്പിക്കാതെ പൂർവ്വാധികം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് മാനേജിംഗ് കമ്മിറ്റിയും അലൂംനിയും മറുതന്ത്രം ആവിഷ്‌ക്കരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും പറയുന്നു.