മലപ്പുറം - വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. കഴിഞ്ഞ ജനുവരി 31 ന് വേങ്ങര യാറംപടി പി കെ ക്വോര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പാസ്വാന്‍ കൊല്ലപ്പെട്ട കേസിലാണ് ബീഹാര്‍ സ്വാംപൂര്‍ സ്വദേശിയായ ജയ് പ്രകാശിനെ വേങ്ങര പൊലീസ് പിടികൂടിയത്. സന്‍ജിത് പാസ്വാന്റെ ഭാര്യ പൂനം ദേവിയാണ് ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ വഴി ജയ് പ്രകാശ് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പൂനം ദേവി നേരത്തെ അറസ്റ്റിലായിരുന്നു. വേങ്ങര പോലീസ് ബീഹാറിലെത്തിയാണ് ജയ് പ്രകാശിനെ പിടികൂടിയത്. യുവതി തനിച്ചല്ല കൃത്യം നടത്തിയതെന്ന കണ്ടെത്തലാണ് ബീഹാര്‍ സ്വാംപൂര്‍ സ്വദേശി ജയ് പ്രകാശിലേക്ക് അന്വേഷണം എത്തിച്ചത്. കൊലപാതകത്തിന് മുന്‍പ് ജയ്പ്രകാശുമായി പൂനം ദേവി ദീര്‍ഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോള്‍ ലിസ്റ്റില്‍ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.