തൃശൂർ-കേന്ദ്ര സർക്കാർ നടപടികൾ ചോദ്യം ചെയ്യുന്നവരെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കളെ ഇ.ഡിയും സി.ബി.ഐയും പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന നയമാണ് കേന്ദ്രസർക്കാരിൻ കീഴിൽ നടക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തിന്റെ വിളക്കായ പാർലമെന്റിൽ ചോദ്യം ചെയ്യുന്നവരെപോലും നടപടികൾക്ക് വിധേയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തൃശൂരിൽ സംഘടിപ്പിച്ച 'ജനാധിപത്യ ഇന്ത്യയുടെ ഭാവി' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വ ജനാധിപത്യ ഇന്ത്യയെ മാറ്റി മറിക്കുന്ന പ്രക്രിയയാണ് രാജ്യത്ത് അരങ്ങേറുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കുന്ന കാലഘട്ടത്തിൽ നാം ഒരേ മനസ്സോടെ വേണ്ടന്നുവച്ച മതരാഷ്ട്ര സംവിധാനത്തെ പുതിയ കാലഘട്ടത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാന തൂണുകളായ ജഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്, മാധ്യമങ്ങൾ എന്നതിൽ ഒരു തൂണ് തകർന്നാൽ ജനാധിപത്യം തകർച്ചയിലാകുമെന്ന് ഭരണഘടനാ ശിൽപ്പികൾതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്ന് ഈ നാലു തൂണുകളും അപകടത്തിലാക്കുന്ന പ്രവർത്തനമാണ് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ബി.ജെ.പി പുറത്തിറക്കിയ മാനിഫസ്‌റ്റോപോലും വർഗീയ ധ്രുവീകരണത്തിന് ഊന്നൽ നൽകുന്നതാണ്. ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്നതിന് പകരം ഏക സിവിൽകോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി മാനിഫെസ്‌റ്റോയുടെ കാതൽ.
ജനങ്ങളെ കൊള്ളയടിക്കുന്നതിനൊപ്പം, ചങ്ങാത്ത മുതലാളിത്തത്തിന് വിടുപണിചെയ്യുന്ന പ്രവർത്തനമാണ് പ്രധാനമായും നടക്കുന്നത്. കേന്ദ്രഭരണത്തിൽ കീഴിൽ പ്രകൃതിക്കുപോലും രക്ഷയില്ലാത്ത സ്ഥിതിയാണ്. വനാവകാശ സംരക്ഷണനിയമത്തിൽ വെള്ളം ചേർത്തുകഴിഞ്ഞു. ഖനനമേഖല സ്വകാര്യ കുത്തകകൾക്ക് കൈമാറുകയാണ്. ബി.ജെ.പിയുടെ ഇംഗിതത്തിനനുസരിച്ച് നൽക്കാത്ത സംസ്ഥാന സർക്കാറുകളെ ഗവർണർമാരെയും മറ്റു അന്വേഷണ ഏജൻസികളെയും വച്ച് നിഷ്‌ക്രിയമാക്കുന്നു. അർഹതപ്പെട്ട സാമ്പത്തിക സഹായം വെട്ടിക്കുറക്കുന്നു.
കേവലം 37 ശതമാനം മാത്രം വോട്ടുള്ള ബി.ജെ.പിയെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് യോജിച്ചുള്ള നീക്കത്തിലൂടെ താഴെയിറക്കണം. 1996 വാജ്‌പേയ് സർക്കാരിനെ മാറ്റി ദേവഗൗഡ അധികാരത്തിൽ വന്നതും പിന്നീട് മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ യുപിഎ അധികാരത്തിൽ വന്നതും തെരഞ്ഞെടുപ്പിലൂടെയുള്ള സഖ്യത്തിലൂടെയല്ല. അതേ രീതിയിൽ സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ബി.ജെ.പിക്കെതിരെയുള്ള വോട്ടുകൾ ഒന്നിപ്പിക്കണം. അടിയന്തരാവസ്ഥയെ തുടർന്ന് 1977ൽ കോൺഗ്രസിനെതിരെ പ്രതിപക്ഷ വിജയം നേടിയതിന് സമാനമായി മുഴുവൻ ജനങ്ങളും ചേർന്ന് ബി.ജെ.പിയെ താഴെയിറക്കണം. മതരാഷ്ട്രമെന്ന സംവിധാനം ഇല്ലാതാക്കി മികച്ച ഇന്ത്യയെ നിർമിക്കാൻ സാധാരണക്കാരും തൊഴിലാളികളും കർഷകരും ഒരേ മനസ്സോടെ രംഗത്തിറങ്ങണമെന്നും യെച്ചൂരി പറഞ്ഞു.
ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് അധ്യക്ഷനായി. സി. രവീന്ദ്രനാഥ് ആമുഖപ്രഭാഷണം നടത്തി. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, കോൺഗ്രസ് നേതാവ് എം. ലിജു, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. കെ. പ്രദീപ് കുമാർ, വി.ജി ഗോപി, അഡ്വ. വി.എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.