Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലിൽനിന്ന് വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

(ഓമശ്ശേരി) കോഴിക്കോട് - വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിൽനിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫ-സൈനബ ദമ്പതികളുടെ മകൻ നഹൽ മുഹമ്മദ് ആണ് മരിച്ചത്. 
 കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത അമ്പലക്കണ്ടിയിലെ സ്‌നേഹതീരം ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

 

ഐ.എസ് തലവൻ അബൂ ഹുസൈൻ ഖുറേഷിയെ വധിച്ചതായി തുർക്കി പ്രസിഡന്റ്; പ്രതികരിക്കാതെ ഐ.എസ്
 ഇസ്തംബുൾ -
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവൻ അബു ഹുസൈൻ അൽ ഖുറേഷിയെ വധിച്ചതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ പറഞ്ഞു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ജൻദാരിയിലെ ഫാം ഹൗസിലായിരുന്നു സൈനിക നടപടിയെന്ന് അദ്ദേഹം ടർക്കിഷ് ടി.വിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തുർക്കി രഹസ്യാന്വേഷണ സംഘവും പ്രാദേശിക പോലീസും സംയുക്തമായാണ് നടപടി പൂർത്തിയാക്കിയതെന്നും പറഞ്ഞു.
 എന്നാൽ, ഐ.എസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ സിറിയയിൽ ഫ്രീ സിറിയൻ ആർമി കൊലപ്പെടുത്തിയ അബു അൽ ഹസൻ അൽ ഹാഷ്മി അൽ ഖുറൈഷിയുടെ മരണത്തെ തുടർന്നാണ് അൽ ഖുറേഷി ഐസിസ് തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

 

 

Latest News