Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായി ഗഫൂറിന്റെ മരണം; ഭീഷണി സന്ദേശവുമായി ആരോപണ വിധേയയായ യുവതി

കാസർകോട്- ഗൾഫിൽ വ്യാപാര ശൃംഖലയുള്ള പള്ളിക്കര കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ എം.സി അബ്ദുൽഗഫൂറി (55)ന്റെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി സന്ദേശവുമായി ആരോപണ വിധേയായ സ്ത്രീ. അബ്ദുൽ ഗഫൂറിന്റെ മരണത്തിന് കാരണം എന്താണെന്ന് കണ്ടെത്താൻ തനിക്കും ധൃതിയുണ്ടെന്ന് ആരോപണ വിധേയയായ മാങ്ങാട് കൂളിക്കുന്നിലെ സ്ത്രീ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. എന്നെ കുറ്റവാളിയാക്കി പ്രചരിപ്പിക്കുന്നതിന് പിന്നിൽ വലിയ കളിയുണ്ടെന്നും ഒരു തെറ്റും ചെയ്യാത്തതിനാൽ എനിക്ക് പേടിയിലെന്നും ഇവർ പറയുന്നു. ഞാനും കുടുംബവും നാടുവിട്ടൊന്നും പോയിട്ടില്ല. ആർക്കാണ് എന്താണ് അറിയേണ്ടത് അവർക്ക് എന്റെ പുരയിലേക്ക് വരാം. ഞാൻ എട്ട് വർഷമായി പൂച്ചക്കാട് നാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ്. എല്ലാ പുരയും എനിക്ക് പരിചിതമാണ്. എന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എനിക്ക് അറിയുന്ന സംഗതി ഞാൻ അവരോട് പറഞ്ഞു. മുട്ടന്തലയിൽ നിന്ന് നാല് ലക്ഷം വാങ്ങി, മറ്റൊരിടത്ത് നിന്ന് ഏഴ് ലക്ഷം വാങ്ങി കേസുണ്ട് എന്നൊക്കെയുള്ള പ്രചാരണം ശരിയല്ല. ആരാണ് പൈസ വാങ്ങിയതെന്ന് ഞാൻ പറഞ്ഞു തരാം.എന്നോട് നേരിട്ട് ചോദിക്കാതെ പ്രചാരണം നടത്തുന്നത് ശരിയല്ല. എല്ലാ തെളിവുകളും എന്റെ എടുത്തുണ്ട്. എന്റെ മോൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരുത്തനെയും ഞാൻ വെറുതെ വിടില്ലെന്ന ഭീഷണിയും മുഴക്കിയാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്. 
അതേസമയം, മരണ കാരണം അറിയാൻ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഖബറിടത്തിൽ നിന്ന് അബ്ദുൾ ഗഫൂറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ഏപ്രിൽ 27 ന് രാവിലെയാണ് കാഞ്ഞങ്ങാട് ആർ.ഡി.ഒ സൂഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എൻ മണിരാജ് എന്നിവരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കിട്ടിയെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് കിട്ടാതെ കൃത്യമായ കാരണം പറയാൻ കഴിയില്ലെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ബേക്കൽ ഇൻസ്പെക്ടർ യു.പി വിപിനെ അറിയിച്ചിട്ടുള്ളത്. ദിവസങ്ങളുടെ പഴക്കം ഉണ്ടായതിനാൽ മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. ഇതുകാരണം മരണം എങ്ങനെ നടന്നുവെന്ന് കണ്ടെത്തുക അസാധ്യമായിരുന്നുവെന്ന് പോലീസ് സർജൻ മൊഴി നൽകി. കണ്ണൂരിലെ ഫോറൻസിക് ലാബിലാണ് ആന്തരികാവയവങ്ങൾ പരിശോധനക്ക് നൽകിയിരുന്നത്. ഇതിന്റെ റിപ്പോർട്ട് വേഗത്തിൽ കിട്ടുമെന്നാണ് കരുതുന്നത്. ഏപ്രിൽ 14 ന് രാവിലെയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദൂരൂഹതയുണ്ടെന്ന് മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്ന പോലീസ് മരണത്തിലെ ദുരൂഹത അകറ്റാൻ. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനായി ആർ.ഡി.ഒക്ക്  അപേക്ഷ നൽകി. ഭാര്യയും മക്കളും തലേന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക  മരണമെന്ന നിലയിലാണ്  മൃതദേഹം കബറടക്കിയത്. മരണശേഷം വീട്ടിലുണ്ടായിരുന്ന 600 പവൻ സ്വർണം കാണാതായതിനെ തുടർന്നാണ് മരണവുമായി മറ്റു ചിലർക്ക് ബന്ധമുണ്ടോ എന്ന സംശയത്തിൽ വീട്ടുകാർ പരാതി നൽകിയത്. ഗഫൂർ മരണപ്പെട്ട ദിവസം വീട്ടിൽ എത്തിയ മാങ്ങാട് കുളിക്കുന്ന് സ്വദേശിനിയായ വ്യാജ മന്ത്രവാദിനി ഇദ്ദേഹത്തിന് ഒന്നര കോടി രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ വീട്ടിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന സ്ത്രീ മരിച്ച അബ്ദുൽ ഗഫൂറിനെ ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു എന്ന വിവരമാണ് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. 600 പവൻ നഷ്ടപ്പെട്ടതിന് ഈ സ്ത്രീക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഈ മന്ത്രവാദിനിയെ കുറിച്ച് നേരത്തെയും ധാരാളം പരാതികൾ ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. ഗൾഫിൽ വിവിധയിടങ്ങളിൽ പങ്കാളിത്തമായും അല്ലാതെയും ഒട്ടേറെ സൂപ്പർ മാർക്കറ്റുകളുടെ ഉടമയായ അബ്ദുൽഗഫൂർ മൂന്നു മാസത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്. ഈ സമയങ്ങളിലെല്ലാം മാങ്ങാട് സ്വദേശിനിയായ സ്ത്രീ അവരെ ചുറ്റിപറ്റി ഉണ്ടായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
 

Latest News