Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഹുക്ക പുകയിലയുടെ ഹോം ഡെലിവറി വിലക്കുന്നു

ജിദ്ദ - സൗദിയിൽ ഹുക്ക പുകയിലയുടെ ഹോം ഡെലിവറി വിലക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിന് നീക്കം. ഹുക്ക പുകയില വിൽപനയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്. ജനകീയ കോഫി ഷോപ്പുകളിലും ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ഹുക്ക വിൽപനക്ക് അനുമതിയുണ്ട്. 
മക്കയിൽ വിശുദ്ധ ഹറമിനും മദീനയിൽ മസ്ജിദുന്നബവിക്കും സമീപ പ്രദേശങ്ങളിൽ ഹുക്ക വിൽപന വിലക്കും. ഒന്നിലധികം ഹെഡുകളുള്ള ഹുക്ക ഉപയോഗിക്കാൻ അനുവദിക്കില്ല. ഹുക്ക പുകയിലകൾ കൂട്ടിക്കലർത്താനും പ്രത്യേക ഫ്‌ളേവറുകൾ ചേർക്കാനും ഹുക്ക പുകയിലക്ക് പ്രത്യേക പേരുകൾ നൽകാനും അനുവദിക്കില്ല. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന കരി ഹുക്കയിൽ ഉപയോഗിക്കുന്നത് വിലക്കും. 
ഓരോ ഉപയോക്താവ് ഉപയോഗിച്ച് കഴിഞ്ഞ ശേഷവും ഹുക്കയിലെ വെള്ളം മാറ്റൽ നിർബന്ധമായിരിക്കും. കുടിക്കാൻ പറ്റുന്ന വെള്ളമായിരിക്കണം ഹുക്കയിൽ ഉപയോഗിക്കേണ്ടത്. ഹുക്കയിലെ ഹെഡിനു പകരം പ്രകൃതിദത്ത പഴങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും. ഹുക്ക തയാറാക്കാനും വിതരണം ചെയ്യാനും നിയോഗിക്കപ്പെടുന്ന തൊഴിലാളികൾ ഭക്ഷണ, പാനീയങ്ങൾ തയാറാക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കും. ഒറ്റത്തവണ ഉപയോഗത്തിനുള്ള പൈപ്പുകളും മൗത്ത്പീസുകളുമായിരിക്കണം ഹുക്കയിൽ ഉപയോഗിക്കേണ്ടത് എന്ന വ്യവസ്ഥയും നിർബന്ധമാക്കും.
 

Latest News