കൊച്ചി - ബാർ കോഴ കേസ് സി ബി ഐ അന്വേഷിക്കുന്നതാണ് നല്ലതെന്നും, കേസിൽ പറഞ്ഞ കാര്യങ്ങളിൽ മരണം വരെ ഉറച്ചുനിൽക്കുമെന്നും കേരള ബാർ ഹോട്ടൽ ഓണേർസ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ്. ഇത് സംബന്ധിച്ച വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസ് സി ബി ഐ അന്വേഷിക്കുന്നതാണ് നല്ലത്. എന്താണ് യാഥാർഥ്യമെന്നത് ജനം അറിയട്ടെ. ശക്തരായ ഉദ്യോഗസ്ഥരെ പലരേയും മാറ്റിയിരുന്നു. കെ.എം മാണിയുടെ കേസ് സെറ്റിൽ ചെയ്തായിരുന്നു ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം. സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് സി ബി ഐ കൂട്ടിലടച്ച തത്തയാണെന്നാണ്. അങ്ങനെയാണെങ്കിൽ പോലും സത്യം പുറത്തുവരികയാണെങ്കിൽ എന്തിന് ഭയക്കണമെന്നും ബിജു രമേശ് ചോദിച്ചു.
സുപ്രീം കോടതി ആവശ്യപ്പെട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി ബി ഐ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ടി എൽ ജേക്കബ് എന്നയാൾ നൽകിയ ഹർജിയിലാണ് സി ബി ഐ കൊച്ചി യൂണിറ്റ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, കെ ബാബു, ജോസ് കെ മാണി എന്നീ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 2014 ൽ ധനമന്ത്രിയായിരുന്ന കെ എം മാണി സംസ്ഥാനത്ത് അടഞ്ഞുകിടന്ന ബാറുകൾ തുറക്കാനായി ഒരു കോടി രൂപകൈക്കൂലി വാങ്ങിയെന്ന ബാറുടമയായിരുന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിന് ആധാരം. രമേശ് ചെന്നിത്തല, വിഎസ് ശിവ കുമാർ, കെ ബാബു, എന്നിവരും പണം കൈപ്പറ്റിയെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ സി പി എം രംഗത്തെത്തിയിരുന്നു.