തിരുവനന്തപുരം - സെമിത്തേരി ബില്ലിൽ അട്ടിമറി നടന്നതായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ്. യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കത്തിലാണ് മുൻ ചീഫ് സെക്രട്ടറിയുടെ വിവാദ വെളിപ്പെടുത്തൽ.
1934ലെ സഭാ ഭരണഘടന ഓർത്തഡോക്‌സ് വിഭാഗം കണ്ടിട്ടു പോലുമില്ലെന്നാണ് ടോം ജോസ് പറയുന്നത്. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തതായും അദ്ദേഹം ആരോപിച്ചു.
സെമിത്തേരി ബില്ലിൽ അട്ടിമറി നടന്നതായാണ് സംശയിക്കുന്നത്. താൻ ഡ്രാഫ്റ്റ് ചെയ്ത സെമിത്തേരി ബിൽ മാറ്റങ്ങളോടെയാണ് പുറത്തുവന്നത്. മരണാന്തര ചടങ്ങിൽ വൈദികരെ കൂടി പ്രവേശിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പക്ഷേ, ബിൽ പുറത്തുവന്നപ്പോൾ ചടങ്ങിൽ ബന്ധുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ബില്ലിൽ മാറ്റം വന്നത് എങ്ങനെയെന്ന് അറിയില്ല. സഭാ ഭരണഘടന ഓർത്തഡോക്‌സ് വിഭാഗം കണ്ടിട്ടു പോലുമില്ല. ഭരണഘടനയുടെ ഒറിജിനൽ ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരെ കേസെടുക്കുകയായിരുന്നു. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായും മലങ്കര ചർച്ച ബിൽ ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.