സുഡാനില്‍നിന്ന് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ജിദ്ദയിലെത്തിച്ചു

ജിദ്ദ- സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ച 15 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍നിന്ന് വിവിധ രാജ്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായാണ് ഈ കുഞ്ഞിനെ പോര്‍ട്ട് സുഡാനില്‍നിന്ന് ജിദ്ദയിലേക്ക് കൊണ്ടുവന്നത്.
തലസ്ഥാനമായ ഖാര്‍ത്തൂമിനു സമീപം കഫൗരിയിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചതെന്ന് മുത്തശ്ശി റാബിയ അല്‍ അദവിയ്യ അല്‍ അറബിയ ചാനലിനോട് പറഞ്ഞു. കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ആശുപത്രി ആക്രമിക്കപ്പെട്ടു. ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വലിയ തോതിലാണ് ഷെല്ലാക്രമണം നടന്നതെന്ന് റാബിയ പറഞ്ഞു. കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയില്‍നിന്ന് പുറത്തെത്തിക്കാനും ഇപ്പോള്‍ ജിദ്ദയില്‍ എത്തിക്കാനും കഴിഞ്ഞതില്‍ അവര്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ്.
പോര്‍ട്ട് സുഡാനില്‍നിന്ന് കുഞ്ഞിനെ ജിദ്ദയിലെത്തിക്കാന്‍ സഹായിച്ചതിന് സൗദിയുടെ ജീവകാരുണ്യ ദൗത്യത്തിന് അവര്‍ നന്ദി പറഞ്ഞു. ബന്ധപ്പെട്ടവര്‍ വളരെ കരുതലും സ്‌നേഹവും കാണിച്ചതിനാലാണ് കുഞ്ഞിനെ അതീവ ശ്രദ്ധ നല്‍കി ഇവിടെ എത്തിക്കാന്‍ കഴിഞ്ഞത്. തങ്ങളുടെ വീടും ആക്രമിക്കപ്പെട്ടതോടെയാണ് ഖാര്‍ത്തൂം വിടാന്‍ നിര്‍ബന്ധിതമായതെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News