- 'ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞാൽ ലാൻഡ് ജിഹാദ് ഉണ്ടെന്ന് പറയും. അതും ഇല്ലെന്ന് പറഞ്ഞാൽ ഹലാൽ ജിഹാദെന്നും തുപ്പൽ ജിഹാദെന്നും ഹിജാബ് ജിഹാദെന്നും പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങളുടെ മനസ്സിലെ വിഹ്വലതയാണിത്.'
കോഴിക്കോട് - ഹൈന്ദവരെ പേടിപ്പിച്ച് ഒന്നിപ്പിക്കാൻ തീവ്ര ഹിന്ദുക്കൾ ഉപയോഗിക്കുന്ന തന്ത്രമാണ് ലൗ ജിഹാദ്, ഹലാൽ ജിഹാദ് പോലുള്ള പ്രചാരണങ്ങളെന്ന് നിരീക്ഷകനും പ്രഭാഷകനുമായ രാഹുൽ ഈശ്വർ പറഞ്ഞു.
ഒരാൾ ആക്രമിക്കാൻ വരുന്നുവെന്ന് പറഞ്ഞാലേ ഞങ്ങളുടെ ആൾക്കാർക്ക് ഒരു 'ഗുമ്മ്' ഉള്ളൂ. അതിനാൽ, എപ്പോഴും ഒരു ശത്രുവിനെ സൃഷ്ടിക്കുകയും ആ ശത്രുവിനെ ചൂണ്ടിക്കാണിച്ച് അവർ ആക്രമിക്കാൻ വരുന്നുവെന്ന് വരുത്തിതീർത്ത് വളഞ്ഞ വഴിയിൽ ഹൈന്ദവ ഏകീകരണം സാധ്യമാക്കുകയുമാണ് അവർ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നുംദി കേരള സ്റ്റോറി വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം ചാനൽ ചർച്ചയിൽ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞാൽ ലാൻഡ് ജിഹാദ് ഉണ്ടെന്ന് പറയും. അതും ഇല്ലെന്ന് പറഞ്ഞാൽ ഹലാൽ ജിഹാദെന്നും തുപ്പൽ ജിഹാദെന്നും ഹിജാബ് ജിഹാദെന്നും പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങളുടെ മനസ്സിലെ വിഹ്വലതയാണിത്. മുസ്‌ലിംകൾക്ക് വെള്ളിയാഴ്ചയും ക്രൈസ്തവർക്ക് ഞായറാഴ്ചയും ആരാധനാലയങ്ങളിൽ ഒന്നിച്ചുചേരാൻ കഴിയുന്നതു പോലെ ഹൈന്ദവർക്ക് ഒരു അവസരമില്ല. അതുകൊണ്ട്, അവരെ ഒന്നിപ്പിക്കാൻ ഇതുപോലുള്ള ദുർവാദങ്ങൾ ഉന്നയിക്കുകയാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് മുസ്‌ലിമിനെ അപരനാക്കി നിർത്തും. അത് ഹിന്ദുക്കൾക്ക് സ്വത്വബോധവും ആത്മീയതയും ഇല്ലാത്തതുകൊണ്ടാണ്. ഈ ആത്മീയ ശൂന്യത മുസ്‌ലിം അപരത്വമായി പ്രതിഫലിക്കുകയാണ്. ഹിന്ദുവിന്റെ ആത്മീയ മൂല്യങ്ങൾ മുസ്‌ലിമിന്റെ മേൽ കുതിര കയറാൻ ഉപയോഗിക്കപ്പെടുകയാണ്.
മിതവാദ ഗാന്ധിയൻ ഹൈന്ദവതയിൽ നിന്ന് നെഹ്‌റുവിന്റെ ലെഫ്റ്റ് ലിബറൽ പാതയിൽ പോയതുകൊണ്ടാണ് തീവ്ര ഹിന്ദുത്വം വളരുന്നത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് മനസ്സിലാക്കാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. ഒന്നുരണ്ടു നിർബന്ധിത മതപരിവർത്തനങ്ങളുണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ മകൻ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. ഇതിന് ഇസ് ലാമോഫോബിയ അല്ല വേണ്ടത്, നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരുകയാണ് വേണ്ടതെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു.