തൃശൂർ-ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ മത്സരം നടന്ന ഖത്തറിലെ ലൂസൈൽ സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ് ആർപ്പുവിളിച്ച കാണികളെക്കാൾ ആരവമുണ്ടായിരുന്നു തേക്കിൻകാട് മൈതാനിയിൽ മെസ്സി ലോകകപ്പ് ഉയർത്തിയപ്പോൾ. തൃശൂർ പൂരത്തിന്റെ ഏറ്റവും ആകർഷകമായ ചടങ്ങുകളിൽ ഒന്നായ കുടമാറ്റത്തിന്റെ ക്ലൈമാക്‌സിൽ തിരുവമ്പാടി വിഭാഗം ലോകകപ്പ് കൈകളിലേന്തിയ ലയണൽ മെസ്സിയെ ആനപ്പുറത്ത് അവതരിപ്പിച്ചപ്പോൾ തെക്കേഗോപുരനടയ്ക്ക് താഴെ നിറഞ്ഞു കവിഞ്ഞ പുരുഷാരം ആർപ്പുവിളികളോടെയാണ് പൂരത്തിന് എത്തിയ കാൽപന്തുകളിയുടെ മിശിഹായെ വരവേറ്റത്.
ആവേശക്കാഴ്ചകൾ നിമിഷനേരം കൊണ്ട് മാറിമറിഞ്ഞ കുടമാറ്റത്തിൽ തിരുവമ്പാടിയും പാറമേക്കാവും കട്ടക്ക് കട്ടക്ക് നിന്ന് കുടകൾ മാറ്റിയപ്പോൾ ആർത്തുവിളിച്ചും കയ്യടിച്ചും ഇരു വിഭാഗങ്ങളിലെയും ആരാധകർ തളർന്നു. പരമ്പരാഗതക്കുടകളിൽ തുടങ്ങി എൽഇഡി വിസ്മയങ്ങളിലേക്ക് പടർന്നു കയറി കാണികളെ ഇരു വിഭാഗവും ത്രില്ലടിപ്പിച്ചു.
കുടവയറൻമാരായ പുലികളും എൽ.ഇ.ഡി കുടകളും കുടമാറ്റത്തെ ആവേശക്കടലാക്കി. തൃശൂരിന്റെ സംസ്‌കാരിക നഗരിയുടെ മുഖമായ പുലിക്കളിയെ പാറമേക്കാവ് വിഭാഗമാണ് ആദ്യം സ്‌പെഷ്യൽ കുടയായി ഇറക്കിയത്. ഓരോ ആനപ്പുറത്തും അരയിൽ കൈകുത്തി നിൽക്കുന്ന പൂർണകായ പുലിക്കളിയുടെ രൂപം പൂരപ്രേമികൾക്കൊപ്പം പുലിപ്രേമികളെയും ത്രസിപ്പിച്ചു. കുടകൾക്കു മുകളിൽ ചതുർ പുലിമുഖങ്ങൾ ഉള്ള കുടകൾ അവതരിപ്പിച്ച് തിരുവമ്പാടി വിഭാഗം ഇതിനു മറുപടിയും നൽകി. സുഗന്ധ പൂരിതമായി രാമച്ചത്തിൽ നിർമിച്ച ഗണപതിയെ കുടയായി അവതരിപ്പിച്ച് ആനപ്പുറത്ത് മറ്റൊരു ഗജരൂപവും പാറമേക്കാവ് ഉയർത്തി. കുരുത്തോല കിരീടം അണിഞ്ഞ കരിങ്കാളിയുടെ രൂപം ആനപ്പുറത്തേറ്റി പാറമേക്കാവ് വിഭാഗമാണ് ആദ്യത്തെ സ്‌പെഷ്യൽ കുട പുറത്തെടുത്തത്. തിരുവമ്പാടിയവിഭാഗം തുടക്കത്തിൽ സാമ്പ്രദായിക പരമ്പരാഗതകുടകളിൽ ഒതുങ്ങി നിന്നപ്പോൾ പാറമേക്കാവ് വ്യത്യസ്ഥതയുള്ള കുടകൾക്കാണ് പ്രാധാന്യം നൽകിയത്. എന്നാൽ ഇരുട്ടുവീണപ്പോൾ കഥ മാറി. തുടരെത്തുടരെ ഇരുവിഭാഗവും എൽഇഡി സ്‌പെഷ്യൽ കുടകൾ ഉയർത്തി പൂര പറമ്പിൽ തടിച്ചു കൂടിയ പതിനായിരങ്ങളുടെ ആരവത്തിന് ആക്കം കൂട്ടി. ത്രിശൂലത്തിന്റെ പശ്ചാത്തലത്തിൽ നന്ദികേശര്വൻറെ പുറമേറിയ പരമശിവനെ അവതരിപ്പിച്ചാണ് തിരുവമ്പാടിടി ആദ്യ സ്‌പെഷ്യൽ കുട പുറത്തെടുത്തത്. തെയ്യം, പുരാണ കഥാ പശ്ചാത്തലങ്ങൾ, ദേവീദേവ സങ്കൽപ്പങ്ങൾ, ശിവതാണ്ഡവം തുടങ്ങിയവയെല്ലാം കുടകളായി ആവേശം വിതറി.