നാലു പതിറ്റാണ്ടിനിടെ സൗദിയിൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ പൊടിക്കാറ്റ് വീശിയത് ഖൈസൂമയിൽ.
ഇടിമിന്നലുണ്ടായത് അബഹയിൽ. ചൂട് മക്കയിലും മഴയുണ്ടായത് ഖമീസിലും
റിയാദ്- 1985 മുതൽ 2022 വരെയുള്ള കാലഘട്ടത്തിനിടയിൽ സൗദിയിൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ പൊടിക്കാറ്റ് വീശിയത് ഖൈസൂമയിലും ഇടിമിന്നലുണ്ടായത് അബഹയിലുമാണെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിനുള്ളിൽ സൗദി നഗരങ്ങൾക്കിടയിൽ 119 ദിവസം പൊടിക്കാറ്റിനു വിധേയമായി ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഖൈസൂമയാണ്. 99 ദിവസവുമായി റഫഹയും 69 ദിവസവുമായി അൽ ഖസീമും 66 ദിവസവുമായി ജിസാനുമാണ് തുടർന്നുള്ള നാലു സ്ഥാനങ്ങളിലുള്ളത്. 788 ദിവസം ഇടിമിന്നലുകൾക്ക് വിധേയമായി അബഹയാണ് സൗദി നഗരങ്ങളിൽ ആദ്യമുള്ളത്. 784 ദിവസങ്ങളുമായി തായിഫും 746 ദിവസങ്ങളുമായി അൽബാഹയും 528 ദിവസങ്ങളുമായി ഖമീസ് മുശൈത്തും 296 ദിവസങ്ങളുമായി ബീശയുമാണ് തുടർന്നുള്ള നാലു സ്ഥാനങ്ങളിലുള്ളത്. സൗദി നഗരങ്ങളിൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ മഴ ലഭിച്ചത് 363 ദിവസവുമായി ഖമീസ് മുശൈത്തിലാണ്. 320 ദിവസങ്ങളുമായി അൽബാഹയും 295 ദിവസങ്ങളുമായി തായിഫും 252 ദിവസങ്ങളുമായി അബഹയും 201 ദിവസങ്ങളുമായി ബീശയുമാണ് പിന്നീടു വരുന്നത്. 28 ദിവസം മഞ്ഞുമൂടിയ ദിവസങ്ങളോടെ അൽ വജിഹ് നഗരമാണ് കൂടുതൽ ദിവസങ്ങളിൽ മൂടൽ മഞ്ഞുണ്ടായ സൗദി നഗരം. 22 ദിവസുമായി യാമ്പുവും 11 ദിവസവുമായി ജിദ്ദയും 6 ദിവസങ്ങളിലായി അബഹയും 4 ദിവസങ്ങളിലായി അൽബാഹയുമുണ്ട്. 45 ഡിഗ്രിക്കു മുകളിൽ ചൂടു രേഖപ്പെടുത്തിയ ദിവസങ്ങളുണ്ടായതിൽ ആദ്യസ്ഥാനത്ത് മക്കയാണുള്ളത് 181 ദിവങ്ങളായിരുന്നു മക്കയിൽ ഈ കാലയളവിൽ 45 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തിയത്. അൽഹസയിൽ 197 ദിവസവും ഖൈസൂമയിൽ 59 ദിവസവും ദമാമിൽ 54 ദിവസവുമായിരുന്നു 45 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തിയത്. 2009 മെയ് 29 നായിരുന്നു സൗദിയിലെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ ദിനം 51 ഡിഗ്രി ചൂട് രേഖപ്പെടുത്തി സഹറാൻ സെന്ററായിരുന്നു അത്. ഈ കാലയാളവിൽ ഒരു ദിവസം ഏറ്റവും കൂടുതൽ മഴ വർഷിച്ചത് 2013 മെയ് 1 ന് 96 മില്ലീയോടെ ബീശയിലായിരുന്നു. 159 മില്ലീലിറ്റർ മഴ വർഷിച്ച് ഏറ്റവും ശക്തമായ മഴയുണ്ടായത് 2019 മെയ് മാസത്തിൽ ഖമീസ് മുശൈത്തിലുമായിരുന്നു.