തിരുവനന്തപുരം-എ ഐ കാമറ വിവാദത്തിനിടെ രേഖകള്‍ പ്രസിദ്ധീകരിച്ച് കെല്‍ട്രോണ്‍. കെല്‍ട്രോണ്‍ വെബ്‌സൈറ്റിലാണ് രേഖകള്‍ പ്രസിദ്ധീകരിച്ചത്. നിലവില്‍ പുറത്തുവന്ന രേഖകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുമതി രേഖകള്‍, ധാരണപത്രം, ടെണ്ടര്‍ വിളിച്ച രേഖകള്‍ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ഉപകരാര്‍ രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകള്‍ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനമധ്യത്തില്‍ വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയിരുന്നു.
എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.
എ ഐ ക്യാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കെല്‍ട്രോണ്‍ മുന്‍ എംഡി ഇപ്പോള്‍ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.