കോട്ടയം- എ.ഐ ക്യാമറ ഇടപാട് ശിവശങ്കറിന്റെ ആശയമായതിനാൽ അതിനു പിന്നിലുള്ള ക്ലിഫ് ഹൗസ് ബന്ധം വ്യക്തമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇത്തരം തട്ടിക്കൂട് കമ്പനികളുമായുള്ള ബന്ധം എന്താണെന്ന് മനസ്സിലാവുന്നില്ല. മന്ത്രിമാർക്കു പോലും അധികാരം ഇല്ലാത്ത കാലഘട്ടമാണ്. എല്ലാ അധികാരവും മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന പുതിയ സംവിധാനം ജനാധിപത്യത്തിന് അപകടകരമാണ്. പൊതുഭരണ വകുപ്പിൽ അധികാരം കുന്നുകൂടുമ്പോൾ അത് ഏകാധിപത്യത്തിലേക്ക് നയിക്കുന്നു. മന്ത്രിസഭയെ നോക്കുകുത്തിയാക്കിയാണ് ജില്ലാ കലക്ടർമാരുടെ സ്ഥലംമാറ്റം. മന്ത്രിസഭ ചേരുന്നതിന്റെ തലേന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. സി.പി.ഐ ഉൾപ്പടെ ആർക്കും ഒരു പ്രതിഷേധവുമില്ല.
കേരളത്തിൽ ഇടനിലക്കാരും ബിനാമികളുമാണ് ഭരണം നടത്തുന്നത്. കേരളത്തിൽ ഒരേ രീതിയിലുള്ള അഴിമതിയാണ് നടക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇത് വ്യക്തമാണ്. സ്പ്രിംഗഌ അഴിമതി മുതൽ എ.ഐ ക്യാമറകളുടെ ഇടപാട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് തുടങ്ങിവെച്ചത്. ഇന്ന് അവതാരങ്ങളാണ് സെക്രട്ടേറിയേറ്റിന്റെ ഇടനാഴികളിൽ. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ക്യാമറ ഇടപാടിൽ ദുരൂഹത ഏറുമ്പോഴും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. കെൽട്രോണിന്റെ മേൽ പഴിചാരി രക്ഷപെടാനാണ് മന്ത്രി പി. രാജീവ് ശ്രമിക്കുന്നത്. എസ്.ഐ.ആർ.ടിക്ക് കരാർ കൊടുത്തത് എന്തിനാണ്. തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണ് എന്നാണ് ഇനി അറിയേണ്ടത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് അറിയാനാവും. എ.ഐ ക്യാമറയും ശിവശങ്കറിന്റെ ബുദ്ധിയും കുഞ്ഞുമാണ്. അന്വേഷണം പ്രഹസനമാണ്. ഇതുകൊണ്ട് തീരുമെന്ന് സർക്കാർ കരുതേണ്ട. പാവപ്പെട്ട ജനങ്ങളുടെ കൈയിൽനിന്നു പണം പിഴിയാനുള്ള ശ്രമം അനുവദിക്കില്ല.
കേരള സ്‌റ്റോറി സിനിമ കേരളത്തിലെ മതസൗഹാർദം തകർക്കാനുള്ളതാണ്. ഇതിനെതിരെ എല്ലാവരും ഒന്നിക്കണം. ഇ പോസ് മെഷീനുകൾ ഇന്ന് റേഷൻ കടകളുടെ പ്രവർത്തനം മുടക്കിയിരിക്കുകയാണ്. ഏറ്റവും നിലവാരം കുറഞ്ഞ മെഷീനുകളാണിത്. ഇതിലും ഒരു ഇടപാട് ഉണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
സോണിയ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കുന്നതിനും ജനമധ്യത്തിൽ താറടിച്ചു കാണിക്കുന്നതിനുമാണ് ബി.ജെ.പി എന്നും ശ്രമിച്ചിരുന്നത്. സോണിയ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും രാജ്യമാകെ വർധിച്ചു സ്വീകാര്യതയും പൊതുജനസമ്മതിയും കണ്ടു ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള ഒരു പ്രതിച്ഛായ തകർക്കൽ പ്രചാരണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ ഇതിന് ഉചിതമായ മറുപടി നൽകും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള ശ്രമം നടന്നിരുന്നു. ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ സിൻസ് എന്ന കമ്പനിയുമായി ധാരണയിലെത്തി. ഇതിന്റെ തെളിവായി പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ച ബോർഡ് അടുത്തകാലംവരെ അവിടെയുണ്ടായിരുന്നു. ഈ ഇടപാടിനെതിരേ പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ കടുത്ത വിമർശമാണ് നിയമസഭയിൽ ഉന്നയിച്ചത്. ഈ കമ്പനിയുമായുള്ള ധാരണ നിലനിൽക്കുന്നുണ്ടോയെന്നുപോലും നിശ്ചയമില്ലാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.
്