Sorry, you need to enable JavaScript to visit this website.

ഏത് കൊലകൊമ്പനും മുട്ടു മടക്കും ഈ ഡോക്ടർക്കു മുന്നിൽ

ഇടുക്കി- ഏത് കൊലകൊമ്പനേയും തേടിപ്പിടിച്ച് മയക്കുവെടി വെച്ച് പിടിച്ചുകെട്ടി വരുതിയിലാക്കും ഈ ഡോക്ടർ. ലക്ഷ്യം തെറ്റാതെയുള്ള മരുന്ന് നിറച്ച നിറയൊഴിക്കൽ. അതിൽ മയങ്ങി വീണത് പി.ടി സെവണും അരിക്കൊമ്പനുമുൾപ്പെടെ എത്രയോ കൊമ്പൻമാർ. ഇത് ഡോ.അരുൺ സക്കറിയ എന്ന മയക്കുവെടി വിദഗ്ധൻ. കാലങ്ങളോളം കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ കഴിവാണ്. കാടും മേടും കടന്ന് ജനവാസ മേഖലയിലെത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ തളയ്ക്കാൻ ഡോ.അരുൺ സക്കറിയയുടെ ടീം ചിന്നക്കനാലിൽ എത്തിയപ്പോൾ തന്നെ എല്ലാവരും ശുഭ പ്രതീക്ഷയിലായിരുന്നു.
ആ വിശ്വാസം പാലിക്കാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. ഏത് വന്യജീവി നാട്ടിലേക്കിറങ്ങിയാലും വനം വകുപ്പിന്റെ വാഹനം ഡോ.അരുൺ സക്കറിയയെ തേടിയെത്തും. ഇതിനകം നൂറിലധികം കാട്ടാനകൾ, അറുപത് പുള്ളിപ്പുലികൾ, ഇരുപതിലധികം കടുവകൾ, കരിമ്പുലികൾ ഇങ്ങനെ നീളുന്നു ഡോ.അരുൺ സക്കറിയ രക്ഷിച്ച മൃഗങ്ങളുടെ പട്ടിക. 
കേരള അഗ്രികൾച്ചർ സർവകലാശാലയുടെ കോളേജ് ഒഫ് ഫോറസ്ട്രിയിലും ലണ്ടൻ വെറ്ററിനറി കോളേജിലുമായി പഠനം പൂർത്തിയാക്കിയ ഡോ.അരുണിന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് വയനാട്ടിലെ മുത്തങ്ങയിൽ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസറായാണ്. മുൻ മാതൃകകൾ ഇല്ലാത്തതും മരുന്നുകളുടെ പ്രായോഗിക ഉപയോഗത്തിലെ പരിചയക്കുറവുമായിരുന്നു ആദ്യ കാലങ്ങളിൽ നേരിട്ട പ്രധാന വെല്ലുവിളികൾ. 
എന്നാൽ ഇന്ന് വന്യമൃഗങ്ങളുടെ ചികിത്സക്കായുള്ള മരുന്നുകളെക്കുറിച്ചുള്ള വിജ്ഞാന കോശമാണ് ഡോ.അരുൺ സക്കറിയ. ആനയേയോ കടുവയേയോ വെടിവയ്ക്കുമ്പോൾ ഹീറോ പദവിയാണ് ലഭിക്കുന്നത്. എന്നാൽ വെടി വയ്ക്കുന്നതല്ല വെല്ലുവിളി, മറിച്ച് മുറിവോ പരിക്കോ പറ്റിയ മൃഗത്തെ ചികിത്സിക്കുകയെന്നതാണ് പ്രധാനമെന്ന് ഡോ.അരുൺ മുമ്പ് പറഞ്ഞിട്ടുണ്ട്.
മൃഗശാലയിലെ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതു പോലെയല്ല കാട്ടിലെ മൃഗത്തെ ചികിത്സിക്കുന്നത്. മൃഗശാലയിൽ മൃഗത്തിന്റെ രോഗ പരിശോധനാ റിപ്പോർട്ട് അടക്കമുള്ള കേസ് ഹിസ്റ്ററി ലഭ്യമായിരിക്കും. എന്നാൽ കാട്ടിലെ മൃഗത്തിന് അങ്ങനെയല്ല. മൃഗത്തെക്കുറിച്ച് ഒന്നും അറിയാതെ പെട്ടെന്ന് തന്നെ അതിനെ ചികിത്സിക്കാൻ തുടങ്ങുകയാണ്. 
ഈ ചികിത്സ വിജയിക്കുമ്പോഴാണ് യഥാർഥത്തിൽ താനും വിജയിക്കുന്നതെന്ന് ഡോക്ടർ പറയുന്നു. കോഴിക്കോട് മുക്കം സ്വദേശിയാണ് ഈ 54 കാരൻ. കാടിനോടും കാട്ടു മൃഗങ്ങളോടുമുള്ള സ്നേഹമാണ് അരുൺ സക്കറിയയെ വെറ്ററിനറി രംഗത്തേക്കും പിന്നീട് ഏറെ വെല്ലുവിളി നിറഞ്ഞ വന്യമൃഗങ്ങളുടെ ചികിത്സാ രംഗത്തേക്കുമെത്തിച്ചത്. അരിക്കൊമ്പനെ തളയ്ക്കാൻ ഡോ.അരുൺ സക്കറിയക്കൊപ്പം ഡോ.നിഷ റെയ്ച്ചൽ (ഇടുക്കി), ഡോ.അനുമോദ് (കോട്ടയം), ഡോ.അനുരാജ് (തേക്കടി), ഡോ.സിദ്ധിക്ക് (കൊല്ലം), ഡോ.ശ്യാം (കോന്നി) എന്നിവരാണ് ഉണ്ടായിരുന്നത്.

Latest News