തിരുവനന്തപുരം- രണ്ടാഴ്ച മുന്‍പ് കരടി കിണറ്റില്‍ വീണ് ചത്ത കണ്ണമ്പള്ളിക്ക് സമീപം വീണ്ടും കരടിയുടെ സാന്നിധ്യമെന്ന് സംശയം. വെള്ളനാട് ചെറിയ കൊണ്ണി സ്വദേശി പ്രമോദിന്റെ വീട്ടില്‍ കരടിയെ കണ്ടതായാണ് വിവരം. കരടിയുടെതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയെങ്കിലും വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീട്ടിലും സമീപപ്രദേശങ്ങളിലും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
വ്യാഴാഴ്ച രാത്രിയാണ് പ്രമോദിന്റെ വീട്ടിലെ കോഴികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോഴിയുടെ എല്ലിന് കഷണങ്ങള്‍ മാത്രമാണ് പ്രമോദും കുടുംബവും വെള്ളിയാഴ്ച രാവിലെ കണ്ടത്. ഒപ്പം ഭീതി ഉണര്‍ത്തുന്ന കാല്പ്പാടും.
കരടിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടതോടെ വിവരം വനം വകുപ്പിനെ അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കരടിയെന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കരടിയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.