നെടുമ്പാശ്ശേരി- സൈന്യവും അർദ്ധസൈനികരും തമ്മിൽ ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിൽ നിന്നും 15 മലയാളികൾ കൂടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിൽ മടങ്ങിയെത്തി. വിവിധ ജില്ലകളിൽ നിന്നുള്ളവരായ ജിംഷത്ത് കരീം, വിജിത്ത് പനക്കപറമ്പിൽ, ഹസീന ഷെറിൻ, സജീവ് കുമാർ, സുബാഷ് കുമാർ, റജി വർഗീസ്, സന്തോഷ് കുമാർ, അനീഷ് നായർ, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാർ, വിൻസന്റ് ടിന്റെ, സെബിൻ വർഗീസ്, രാധാകൃഷ്ണൻ വേലായുധൻ, വേങ്ങന്നൂർ നാരായണ അയ്യർ കൃഷ്ണൻ എന്നിവരാണ് ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ബംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് ഇവർ എത്തിയത്. വിമാനത്താവളത്തിൽ നോർക്ക ഉദ്യോഗസ്ഥർ സ്വീകരിച്ചു. ജിദ്ദയിൽ നിന്നും വെള്ളിയാഴ്ച്ച ബംഗളുരുവിൽ എത്തിയ ശേഷം അവിടെ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുകയായിരുന്നു. 25 മലയാളികൾ അടക്കം 342 പേരാണ് ജിദ്ദയിൽ നിന്നും പ്രത്യേക വ്യോമസേന വിമാനത്തിൽ ബംഗളുരുവിൽ എത്തിയിരുന്നത്. സുഡാനിൽ നിന്നുള്ള ഒൻപത് മലയാളികൾ വ്യാഴാഴ്ച്ച ഡൽഹി വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു .