പത്രത്താളുകളിലെ വടിവൊത്ത അക്ഷരങ്ങൾ വായിക്കുമ്പോൾ നമ്മളാരും അതിനു പിന്നിലെ പ്രയത്‌നം ആലോചിക്കാറില്ല. ഈ അക്ഷരങ്ങൾക്ക് രൂപം നൽകിയ മലപ്പുറം നിലമ്പൂരുകാരൻ വീരാൻ കുട്ടിയെക്കുറിച്ചും ചിന്തിക്കാറില്ല. എന്നാൽ ഒന്നറിഞ്ഞോളൂ, പത്രമാസികകളിലെ ഈ അക്ഷര ലിപിക്ക് രൂപം നൽകിയത് വീരാൻ കുട്ടിയാണ്. ടൈപോഗ്രഫിയിലെ ഈ സുൽത്താൻ രൂപകൽപന ചെയ്ത ഫോണ്ടുകളാണ് ഇന്ന് പല പത്രങ്ങളിലും ഉപയോഗിക്കുന്നത്.
നിലമ്പൂരിനടുത്ത അകമ്പാടം ഗ്രാമത്തിലെ കളത്തിൽ കുഞ്ഞുമുഹമ്മദ് - അയിഷ ദമ്പതിമാരുടെ മകന് കുട്ടിക്കാലം തൊട്ടേ വരയിലായിരുന്നു കമ്പം. ഉമ്മയായിരുന്നു കാരണക്കാരി. അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ഉമ്മ നന്നായി മലയാളം വായിക്കും. കഥകൾ പറയും. ചിത്രം വരയ്ക്കും. ഇതെല്ലാം കണ്ട് വീരാൻ കുട്ടിയും വരച്ചുതുടങ്ങി. ഗവ. മാനവേദൻ സ്‌കൂളിലെ പഠന കാലത്ത് ഷീലയെയും കെ.പി. ഉമ്മറിനെയും പ്രേംനസീറിനെയുമെല്ലാം വരച്ച് കൂട്ടുകാർക്ക് സമ്മാനിക്കും. ആരുമറിയാതെ ക്ലാസിലെത്തുന്ന അധ്യാപകരെയും വരയ്ക്കും. നന്നായി എഴുതും.
മമ്പാട് എം.ഇ.എസ് കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നെങ്കിലും പൂർത്തിയാക്കാതെ ജീവിതായോധനത്തിനിറങ്ങുകയായിരുന്നു വീരാൻ കുട്ടി. കൂട്ടുകാരെല്ലാം പല തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും അവരിൽനിന്നെല്ലാം വിഭിന്നമായി വീരാൻ കുട്ടി എത്തിയത് നിലമ്പൂർ രജനി ആർട്‌സിലായിരുന്നു. ബാനറും ബോർഡുമെഴുതലായിരുന്നു തൊഴിൽ. ആദ്യകാലത്ത് അക്ഷരങ്ങൾക്ക് നിറം നൽകലായിരുന്നു ജോലി. രജനി ആർട്‌സ് നൽകിയ ആത്മവിശ്വാസത്തിൽ വരച്ചുതുടങ്ങിയ വീരാൻ കുട്ടി വൈകാതെ ചുങ്കത്തറയിൽ അർച്ചന ആർട്‌സ് തുടങ്ങുകയായിരുന്നു.
വീരാൻ കുട്ടിയുടെ അക്ഷര ഭംഗിയറിഞ്ഞ് കോഴിക്കോട് മൊയ്തീൻ പള്ളി റോഡിലെ ചിത്രാലയ ക്ഷണിച്ചു. അതോടെ അർച്ചന ആർട്‌സ് അടച്ചുപൂട്ടി വീരാൻ കുട്ടി കോഴിക്കോട്ടേയ്ക്ക് വെച്ചുപിടിച്ചു. യൂസഫ് ചിത്രാലയയുടെ കീഴിൽ എഴുത്തും വരയും തുടങ്ങി. 1983 ൽ തുടങ്ങി ഒരു വ്യാഴവട്ടക്കാലം അവിടെ കൂടി. കംപ്യൂട്ടറുകൾ കടന്നുവന്നിട്ടില്ലാത്ത അക്കാലത്ത് എഴുത്തും വരയും ഡിസൈനിങുമെല്ലാം കൈ കൊണ്ടായിരുന്നു. ബ്‌ളോക്ക് പ്രിന്റിങായിരുന്നു കൂടുതലും. കല്യാണക്കത്തുകളും വിസിറ്റിംഗ് കാർഡുകളും പുസ്തകക്കവറുകളുമെല്ലാം വെള്ളപേപ്പറിൽ ഇന്ത്യൻ ഇങ്ക് കൊണ്ടാണ് വരച്ചെടുക്കുന്നത്. അച്ചടിക്കാനുള്ളതുകൊണ്ട് അക്ഷരങ്ങൾക്ക് നല്ല ഷാർപ്പുണ്ടാകണം. പോരാത്തതിന് ഒരക്ഷരം ഒന്നിലേറെ തവണ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരുപോലെ എഴുതണം. ക്ഷമയോടെയും അതിലേറെ സൂക്ഷ്മതയോടെയും ഓരോ അക്ഷരവും എഴുതിയെഴുതി വീരാൻകുട്ടി നല്ലൊരു 'എഴുത്തുകാര'നായി.
കോഴിക്കോട്ടെ വാസക്കാലത്താണ് വാസു പ്രദീപിനെയും രചന രാമദാസിനെയുമെല്ലാം പരിചയപ്പെടുന്നത്. അക്ഷരങ്ങൾക്ക് നമ്മൾ കാണാത്ത പല ഭംഗികളുമുണ്ടെന്ന് മലയാളത്തിന് ആദ്യമായി കാണിച്ചുകൊടുത്തത് വാസു പ്രദീപായിരുന്നുവെന്ന് വീരാൻ കുട്ടി പറയുന്നു. രചന രാംദാസും പലതരത്തിലും സഹായിച്ചിട്ടുണ്ട്. പത്രങ്ങൾക്കും മാസികകൾക്കുമെല്ലാം എഴുതാൻ അന്ന് വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തിലൊരാളായിരുന്നു വീരാൻ കുട്ടി.
1995 ൽ കോഴിക്കോട് വിട്ട് നാട്ടിലേക്കു മടങ്ങിയ വീരാൻ കുട്ടിക്ക് പക്ഷേ, തൊഴിൽ സാധ്യതകൾ കുറവായിരുന്നു. വീണ്ടും പഴയ ബോർഡെഴുത്ത് തുടർന്നു. കരുളായിയിൽ ലയം ആർട്‌സ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയെങ്കിലും പച്ചപിടിച്ചില്ല. കംപ്യൂട്ടറും ഡിജിറ്റൽ പ്രിന്റിംഗും തുടങ്ങുന്ന കാലമായിരുന്നു അത്. ഓട്ടോ റിക്ഷകൾക്ക് നമ്പറെഴുതിക്കൊടുത്തും ജീവിച്ച വീരാൻ കുട്ടി പക്ഷേ, തോറ്റു പിന്മാറാൻ ഒരുക്കമല്ലായിരുന്നു.
ഇതിനിടയിലാണ് ഇളയ സഹോദരൻ നൗഷാദലി ഒരു കംപ്യൂട്ടർ വാങ്ങുന്നത്. അക്കാലത്ത് അതൊരു അത്ഭുത യന്ത്രമായിരുന്നു. ഉപയോഗിക്കാനറിയാത്തതുകൊണ്ട് ആരും തൊടാതെ അത് പൊടിപിടിച്ചുകിടന്നു.
ഒടുവിൽ മൂത്ത മകൻ പ്ലസ് ടു കഴിഞ്ഞ് മൾട്ടി മീഡിയ കോഴ്‌സിന് ചേർന്നപ്പോഴാണ് കംപ്യൂട്ടർ പ്രവർത്തിപ്പിച്ചുതുടങ്ങിയത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ വീരാൻ കുട്ടിയും കംപ്യൂട്ടറുമായി അടുത്തു. കംപ്യൂട്ടറിന്റെ വിശാല ലോകത്തേയ്ക്ക് പിച്ചവെച്ചു തുടങ്ങുകയായിരുന്നു. അവിടെ ഇംഗ്ലീഷ് അക്ഷരങ്ങൾ ധാരാളം. എന്നാൽ മലയാളം കുറവായിരുന്നു. ഉള്ളവയാകട്ടെ, ഇന്നുകാണുന്ന ലിപിയുടെ ആദിരൂപമായ ഐ.എസ്.എം ഫോണ്ടുകളും. ഈ അക്ഷരങ്ങൾ മാറ്റിയെടുക്കാനായിരുന്നു വീരാൻ കുട്ടിയുടെ ശ്രമം. എഡിറ്റ് ചെയ്തു നോക്കിയെങ്കിലും ശരിയായില്ല. വരച്ചുണ്ടാക്കി സ്‌കാൻ ചെയ്തു. ഫോണ്ട് സോഫ്റ്റ് വെയറിൽ ചെയ്തുണ്ടാക്കി. ചെരിച്ചും നീട്ടിയും കുറുക്കിയുമെല്ലാം ഫോണ്ടുകൾ മാറ്റിയെഴുതി. കംപ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ നീണ്ട തപസ്സ് വീട്ടുകാർക്ക് അലോസരമായി. ഒടുവിൽ മൗനം ഭൂഷണമാക്കി ഇന്റർനെറ്റിനെ കൂട്ടുപിടിച്ച് വീരാൻ കുട്ടി ആദ്യത്തെ ഫോണ്ടിന് രൂപം നൽകി. ചന്തമുള്ള വളവുതിരിവുകളും ചതുരവടിവുമെല്ലാമുള്ള ആ അക്ഷരങ്ങൾക്ക് തന്റെ പേരിന്റെ ചുരുക്കവും ഉമ്മയുടെ പേരും ചേർത്ത് എം.എൽ.കെ.വി ആയിഷ എന്ന പേരും നൽകി.
അതോടെ വീരാൻ കുട്ടി അക്ഷരങ്ങൾക്കു പിറകെയായി. ഉമ്മയുടെ പേരിൽ മാത്രമല്ല, ഭാര്യ സക്കീനയുടെയും മക്കളായ ഷമിൽ ജാവിദ്, ഷജിൽ, ഷഹന, ഷമിത ഷെറിൻ എന്നിവരുടെ പേരുകളിലെല്ലാം ഫോണ്ടുകളുണ്ടാക്കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമാക്കാരുടെയുമെല്ലാം പേരുകളിൽ ഫോണ്ടുകൾ നിർമ്മിച്ചുകൊണ്ടിരുന്നു. ഫോണ്ട് നിർമ്മാണത്തിനായി വൻകിട കമ്പനികൾ ആഴ്ചകളും മാസങ്ങളും ചെലവഴിക്കുമ്പോൾ വീരാൻ കുട്ടി മണിക്കൂറുകൾക്കുള്ളിൽ ഫോണ്ടുകൾ നിർമ്മിച്ചുകൊണ്ടിരുന്നു.
മൂന്നു ദിവസം കൊണ്ടാണ് വീരാൻ കുട്ടി ഒരു ഫോണ്ട് നിർമ്മിക്കുന്നത്. ചിലർ മാസങ്ങളെടുക്കാറുണ്ട്. പഴയ മലയാളം ഫോണ്ടുകൾ രൂപകൽപന ചെയ്യണമെങ്കിൽ അഞ്ഞൂറിലേറെ ഗ്ലിഫുകൾ വേണമെന്ന് വീരാൻ കുട്ടി പറയുന്നു. തന്റേതായ മാർഗങ്ങളിലൂടെയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഫോണ്ടുകൾ നിർമിച്ചുനൽകി തുടങ്ങിയപ്പോഴാണ് ഈ രംഗത്തെ കച്ചവടതന്ത്രം വീരാൻ കുട്ടി മനസ്സിലാക്കുന്നത്. ഓരോ സ്ഥാപനങ്ങളും പുതിയ ഫോണ്ടിനായി കാത്തിരിക്കുന്ന സമയവും പ്രതിഫലവും കേട്ട് വീരാൻ കുട്ടി ഞെട്ടി. അങ്ങനെയാണ് ഫോണ്ടുകളുടെ ജനകീയവൽക്കരണത്തിലേയ്ക്ക് കടക്കുന്നത്. നിർമ്മിച്ച അക്ഷരങ്ങൾ വിവിധ സെറ്റുകളാക്കി ആവശ്യക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകി. വീരാൻ കുട്ടിയുടെ എം.എൽ.കെ.വി ഫോണ്ടുകൾ ഹിറ്റാവുകയായിരുന്നു. എന്നാൽ ഈ ഫോണ്ടുകൾ ആരാണ് നിർമ്മിച്ചതെന്ന് പലർക്കുമറിയില്ലായിരുന്നു.
വീരാൻ കുട്ടി തയ്യാറാക്കിയ ഫോണ്ടുകൾ പലതും പേരുകൾ മാറ്റി പലരും മറിച്ചുവിറ്റു. കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ തന്റെ ഫോണ്ടുകൾ ഉപയോഗിച്ചുണ്ടാക്കിയ ബോർഡുകളും ബാനറുകളും കാണുമ്പോൾ വീരാൻ കുട്ടി സന്തോഷിക്കും. അല്ലാതെന്തു ചെയ്യാൻ. ആരോടും പരാതി പറയാതെ നിയമത്തിന്റെ വഴിയിലേക്ക് നീങ്ങാതെ വിധിയെന്നോർത്ത് സമാധാനിച്ചിരിക്കും. വിൻഡോസുകൾ പോലും പകർത്തിയെടുത്ത് ഉപയോഗിക്കുന്നിടത്ത് ഫോണ്ടിന് എന്തു പ്രസക്തി?
ഒരിക്കൽ 86 ഫോണ്ടുകളടങ്ങിയ പാക്കേജ് തയ്യാറാക്കി ആവശ്യക്കാരെ സമീപിച്ചു. വാങ്ങാനാളെത്തിയപ്പോഴാണ് മുൻപ് പരിചയപ്പെടുത്തിയ ആൾ അത് മറിച്ചുവിറ്റ വിവരമറിയുന്നത്. മറ്റൊരിക്കൽ എറണാകുളത്തുള്ള ഒരാൾ ഫോണ്ട് വാങ്ങാൻ നൽകിയ 10,000 രൂപയുടെ ചെക്ക് പണമില്ലാതെ മടങ്ങി. അയാൾ കൊണ്ടുപോയ ഫോണ്ടുകൾ പലയിടത്തും ഉപയോഗിക്കുന്നത് വീരാൻ കുട്ടി കണ്ടു. സിനിമകളുടെ പോസ്റ്ററുകളിൽ പോലും വീരാൻകുട്ടി അറിയാതെ അദ്ദേഹത്തിന്റെ ഫോണ്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായാൽ എല്ലാ പാർട്ടിക്കാരുടെ ബോർഡുകളിലും വീരാൻ കുട്ടിയുടെ ഫോണ്ടുണ്ടാകും. ഇപ്പോഴും പുതിയ ഫോണ്ടുകൾ രൂപകൽപന ചെയ്യുന്ന വീരാൻ കുട്ടി അവ പുറത്തിറക്കിയിട്ടില്ല. ആവശ്യക്കാർ വന്നാൽ നൽകാമെന്നാണ് കരുതുന്നത്.
എറണാകുളത്ത് പാടിവട്ടത്ത് പ്രമുഖ ഡിസൈനറായ സൈനുൽ ആബിദീന്റെ ഉദഅകച എന്ന സ്ഥാപനത്തിലാണ് വീരാൻ കുട്ടി ഇപ്പോൾ ജോലി നോക്കുന്നത്. മലയാളത്തിലെ ചില പ്രമുഖ പത്രങ്ങൾക്കും ബഹ്‌റൈനിലെ ഡെയിലി ട്രിബ്യൂൺ പോലുള്ള പത്രങ്ങൾക്കുമെല്ലാം പുതിയ രൂപകൽപന തയ്യാറാക്കിയത് ഈ സ്ഥാപനമാണ്. കുറച്ചുകാലം ടെക്‌നോപാർക്കിലും ജോലി നോക്കി. പലരും ഉന്നത വേഷധാരികളായെത്തുമ്പോൾ മുണ്ടും ഷർട്ടുമണിഞ്ഞെത്തുന്ന ഈ സാധാ ടെക്കി ഒരു പുതിയ കാഴ്ച തന്നെയായിരുന്നു.
വീരാൻ കുട്ടിയുടെ സഹോദരന്മാർ രണ്ടുപേരും ഡിസൈനർമാരാണ്. സൗദിയിലെ മദീന റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ ഗ്രാഫിക് ഡിഡൈനറാണ് ഇളയ സഹോദരൻ നൗഷാദലി അകമ്പാടം. മറ്റൊരു സഹോദരനായ കമാൽ, പുസ്തകങ്ങളുടെ ഇല്ലസ്‌ട്രേഷൻ ജോലികൾ നടത്തി വരുന്നു.
വീരാൻ കുട്ടിയുടെ മൂത്ത മകൻ ഷമിൽ ജാവിദ് പഞ്ചായത്ത് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിൽ ജോലി നോക്കുകയാണ്. ഇളയവൻ ഷജിൽ പെയിന്റിംഗ് ജോലിയിലാണ്. പെൺമക്കളിൽ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ഷമിത ഒൻപതാം ക്ലാസിൽ പഠിക്കുന്നു.
അക്ഷര വിൽപനക്കാർ മണിമാളികകൾ പണിത് സസുഖം വാഴുമ്പോൾ ഈ അമ്പത്താറുകാരൻ കഴിവുകളേറെയുണ്ടായിട്ടും ഇന്നും പ്രാരാബ്ധങ്ങളിൽ സമരസപ്പെട്ടു കഴിയുന്നു. എങ്കിലും വീരാൻ കുട്ടി തളരുന്നില്ല. മലയാള അക്ഷരങ്ങൾക്ക് പുതുമകൾ സമ്മാനിക്കാൻ തന്റെ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു. വീരാൻ കുട്ടിയുടെ ഫോൺ നമ്പർ: 9400266011.
വീരാൻകുട്ടി