Sorry, you need to enable JavaScript to visit this website.

വനിതാ ചാമ്പ്യന്‍ഷിപ്പ്: സൗകര്യങ്ങള്‍ വിലയിരുത്തി എ.എഫ്.സി സംഘം

റിയാദ് - ടുഗെദര്‍ ഫോര്‍ ഏഷ്യ എന്ന ശീര്‍ഷകത്തില്‍ 2026 എ.എഫ്.സി വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രതിനിധി സംഘം സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹലിന്റെയും സെക്രട്ടറി ജനറല്‍ ഇബ്രാഹിം അല്‍ഖാസിമിന്റെയും സാന്നിധ്യത്തിലാണ് സൗദി അറേബ്യയുടെ ഒരുക്കങ്ങള്‍ എ.എഫ്.സി സംഘം വിലയിരുത്തിയത്. ഏഷ്യയില്‍ ഏറ്റവും വലിയ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അസാധാരണമായ ഒരു പതിപ്പ് അവതരിപ്പിക്കാനും ഏഷ്യയില്‍ പൊതുവെയും മേഖലയിലും ഫുട്‌ബോളിന്റെ വികസനത്തിന് സഹായിക്കാനും സൗദി 2026 ഫയല്‍ ലക്ഷ്യമിടുന്നു.
റിയാദ്, ജിദ്ദ നഗരങ്ങളില്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ നാമനിര്‍ദേശം ചെയ്ത വിവിധ സ്റ്റേഡിയങ്ങള്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ എ.എഫ്.സി സംഘം പരിശോധിച്ചു. ഈ ഘട്ടത്തില്‍ എ.എഫ്.സി സംഘത്തിന്റെ സന്ദര്‍ശനം ലക്ഷ്യങ്ങള്‍ നേടിയതായി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും 2026 എ.എഫ്.സി വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘാടന ഫയല്‍ സി.ഇ.ഒയുമായ ലംയാ ബിന്‍ ബഹ്‌യാന്‍ പറഞ്ഞു. ഈ സന്ദര്‍ശനം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്തതാണ്. ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ ഫയലുകളുടെയും സമയബന്ധിത ഷെഡ്യൂളിലാണ് സൗദി സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 എ.എഫ്.സി വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ സമര്‍പ്പിച്ച ഫയലിന്റെ തുടര്‍ച്ചയാണിത്.
ഏഷ്യാ ഭൂഖണ്ഡത്തിന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ പ്രതിനിധി സംഘം കണ്ടു. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും, ഏഷ്യയിലും മേഖലയിലും വനിതാ ഫുട്‌ബോള്‍ പ്രയാണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്ന രീതിയെയും കുറിച്ച് കൂടുതല്‍ വിശദമായി എ.എഫ്.സി സംഘത്തിന് വിശദീകരിച്ചു നല്‍കിയിട്ടുണ്ട്.
വനിതാ സ്‌പോര്‍ട്‌സിന് പൊതുവെയും ഫുട്‌ബോളിന് വിശിഷ്യായും സൗദി ഭരണാധികാരികളില്‍ നിന്ന് നിര്‍ലോഭ പിന്തുണയാണ് ലഭിക്കുന്നത്. സൗദി വനിതാ ഫുട്‌ബോള്‍ ടീം സ്ഥാപിച്ച ആദ്യ ദിവസം മുതല്‍ ഇതാണ് നാം കാണുന്നതെന്നും ലംയാ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് 2026എ.എഫ്.സി വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഫയല്‍ മലേഷ്യയിലെ കുലാലംപൂരില്‍ വെച്ച് സൗദി അറേബ്യ ആദ്യമായി സമര്‍പ്പിച്ചത്. ജിദ്ദയിലെയും റിയാദിലെയും സ്റ്റേഡിയങ്ങളില്‍ വെച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള നിര്‍ദേശമാണ് സൗദി അറേബ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. റിയാദ് പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ്, അല്‍ശബാബ് ക്ലബ്ബ്, അല്‍അവ്വല്‍ പാര്‍ക്ക്, ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി, പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

 

Latest News