പണ്ട് കാലത്ത് കർശനക്കാരായ ചില അധ്യാപകർ വികൃതി കുട്ടികളെ ശാസിക്കുകയും തല്ലുകയും ചെയ്യാറുണ്ട്. പരിധി വിട്ടാൽ ബെഞ്ചിൽ കയറ്റി നിർത്തുകയും ക്ലാസിൽ നിന്ന് പിടിച്ച് പുറത്താക്കുകയും ചെയ്യും. റിപ്പബ്ലിക് ടിവിയിൽ അർണാബ് ഗോസ്വാമി നയിക്കുന്ന ചർച്ചകൾ പലപ്പോഴും പഴയ കാല മാഷെ ഓർമിപ്പിക്കും വിധമാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ പാനലിസ്റ്റിനോട് ഗെറ്റ് ഔട്ട് പറയും. സ്റ്റുഡിയോ ഫ്‌ളോറിൽ നിന്ന് കടക്കൂ പുറത്ത് പ്രതീക്ഷിച്ചാണ് ചാർച്ചികന്മാർ എത്തുന്നത്. അർണാബിന് പണി കിട്ടുന്ന ഇടമാണ് സോഷ്യൽ മീഡിയ. ആൾട്ട് ന്യൂസിനെ ഫേക്ക് ന്യൂസാക്കിയതിന് അർണാബിനെ നിർത്തി പൊരിച്ചു. ബി.ജെ.പി വക്താവ് സംപീത് പത്ര അർണാബ് ഗുരുവിനെ കാണാനെത്തിയതും സോഷ്യൽ മീഡിയക്ക് രുചിയേറിയ വിഭവമായി. മോഡി സർക്കാരിന്റെ നാല് വർഷത്തെ നേട്ടങ്ങൾ അറിയിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് വക്താവ് എത്തിയത്. കേന്ദ്ര സർക്കാരിന് ഒരു വർഷമാണുള്ളത്. ഇതിനിടയ്ക്ക് നേട്ടങ്ങൾക്ക് പരമാവധി പ്രചാരണം നേടുകയെന്നതാണ് ആഗമന ഉദ്ദേശ്യം. നാലാൾ അറിയാതെ സന്ദർശിച്ചിട്ട് എന്ത് കാര്യം? സംപീത് പത്ര ചിത്രസഹിതം വിവരം ട്വീറ്റ് ചെയ്തു. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്ട്‌സപ്പിലും നിമിഷങ്ങൾക്കകം പരിഹാസത്തിന്റെ പേമാരിയാണ് കണ്ടത്. രാവും പകലും മോഡി സ്തുതി വർഷിക്കുന്ന അർണാബിനോട് സർക്കാരിന്റെ എന്ത് നേട്ടം പറയാനാണ് ചെന്നതെന്നായി ടിറ്ററാറ്റികളുടെ ചോദ്യം. ചായയിൽ മുക്കി ബിസ്‌ക്കറ്റ് കഴിക്കുന്നതിന്റെ മേന്മയെ പറ്റിയായിരിക്കും ചർച്ചയെന്നായി സമൂഹ മാധ്യമത്തിലെ വലിയ പങ്കും. കേന്ദ്രത്തിന്റെ വികസനത്തെ പറ്റി ബി.ജെ.പിയുടെ രണ്ട് വക്താക്കൾ തമ്മിൽ ഇത്രയ്ക്ക് ചർച്ച ചെയ്യാനെന്തിരിക്കുന്നുവെന്ന് ചോദിച്ചവരുമുണ്ട്. അർണാബിന്റെ ന്യൂസ് ബുള്ളറ്റിനുകളും സംപ്രീത് പത്ര കൈമാറിയ വികസന ബുക്ക്‌ലെറ്റും തമ്മിലെന്ത് വ്യത്യാസമെന്ന് വരെ ചോദ്യമുയർന്നു.
*** *** ***
എൺപതുകളിലാണ് മാതൃഭൂമി പത്രം അനന്തപുരിയിൽ എഡിഷൻ തുടങ്ങിയത്.
കോഴിക്കോട് ആസ്ഥാനമായ പത്രമെന്ന നിലയിൽ കായിക രംഗത്തിന് എന്നും മികച്ച പ്രാധാന്യം കൽപിച്ചിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സ്‌പോർട്‌സ് എഡിറ്ററുടെ സാന്നിധ്യം ഡെസ്‌കിലുണ്ടെന്നത് പ്രത്യേകം ശ്രദ്ധേയമായിരുന്നു. ആയിടക്കാണ് തലസ്ഥാന നഗരിയിൽ ഒരു പ്രമുഖ ഫുട്‌ബോൾ ടൂർണമെന്റ് വരുന്നത്. സ്റ്റേഡിയത്തിൽ കാണികൾ തീരെ കുറവ്. കാൽപന്ത് കളി കാണാൻ കോഴിക്കോടും കണ്ണൂരും മലപ്പുറത്തുമല്ലേ ആളെത്തുകയുള്ളുവെന്ന നിരീക്ഷണവും പത്രത്തിന്റേതായി വന്നു. കാലം കുറേ കഴിഞ്ഞ് റഷ്യയിൽ ലോക കപ്പ് ഫുട്‌ബോൾ നടക്കുമ്പോഴും മലയാളത്തിൽ ഏറ്റവും മികച്ച കവറേജ് മാതൃഭൂമി ന്യൂസിന്റേതാണ്. കോളജ് അധ്യാപകരുടെ ശമ്പളം യു.ജി.സി സ്‌കെയിലിലാക്കിയത് ഏവർക്കുമറിയാം. ജേണലിസത്തിലുമുണ്ട് ഒരു യു.ജി.സി. യൂസർ ജനറേറ്റഡ് കണ്ടന്റ്. കാണികളുടെ അഭിരുചിക്കനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റം വരുന്ന പ്രക്രിയ. മാതൃഭൂമി ന്യൂസ് വെള്ളിയാഴ്ച രാത്രി പത്ത് മുതൽ പന്ത്രണ്ട് വരെ തുടർച്ചായി സംപ്രേഷണം ചെയ്ത മൂന്ന് പ്രധാന പ്രോഗ്രാമുകളും ലോക കപ്പ് ഫുട്‌ബോളിനെ ആധാരമാക്കിയാണ്. ഞങ്ങൾക്കും പറയാനുണ്ടെന്നത് മുതൽ നമ്മളറിയണം വരെ. മലയാളിയ്ക്ക് ഫുട്‌ബോൾ എന്നാൽ അർജന്റീനയും ബ്രസീലുമായി ചുരുങ്ങുന്നതും ചർച്ചാ വിഷയമായി. ഒരു പ്രേക്ഷകനാണ് ഇതിന് ന്യായമായ വിശദീകരണം നൽകിയത്. 1986ലെ ലോകകപ്പിൽ വിജയിച്ചത് അർജന്റീനയാണ്. മലയാളികൾ ആദ്യമായി ടെലിവിഷനിൽ ആഗോള പന്ത് കളി മാമാങ്കം കണ്ടത് പ്രസ്തുത വർഷത്തിലാണ്. ഇതാണ് അർജന്റീന ഫാൻസ് കൂടാൻ കാരണമായത്. ഫുട്‌ബോളിന്റെ കട്ട ഫാൻ എന്നത് അവകാശവാദം മാത്രമല്ലെന്ന് കണ്ടിരിക്കുന്നവർക്കും ബോധ്യപ്പെട്ടു വരികയാണ്.
*** *** ***
റിപ്പോർട്ടർ ചാനലിലെ സെലിബ്രിറ്റി അഭിമുഖങ്ങൾ ഓൺലൈനിലും സോഷ്യൽ മീഡിയയിലും ചർച്ചയാവുന്നു. മീറ്റ് ദ എഡിറ്റേഴ്‌സിൽ ടോവിനോ തോമസ്, അനുശ്രീ എന്നീ താരങ്ങളുടെ അഭിമുഖമാണ് അടുത്തിടെ സംപ്രേഷണം ചെയ്തത്. എം.വി നികേഷ് കുമാർ ഉൾപ്പെടെ നാല് എഡിറ്റർമാരുടെ ചോദ്യങ്ങളെ അനുശ്രീ കൂളായി നേരിട്ടു. ബാലഗോകുലം നടത്തുന്നത് പോലുള്ള പരിപാടികൾ കോൺഗ്രസിനും സി.പി.എമ്മിനുമുണ്ടായിരുന്നുവെങ്കിൽ അവയുമായും സഹകരിക്കുമായിരുന്നുവെന്ന് താരം പറഞ്ഞു. നടൻ ദിലീപിനെ ഡിഫന്റ് ചെയ്തതും ശ്രദ്ധേയമായി. എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ വനിതാ താരങ്ങൾ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാൽ ഇതൊക്കെ ഇവർക്ക് തിരിച്ചെടുക്കാൻ പറ്റുമോ?- അനുശ്രീ ചോദിച്ചു
പറയാൻ നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പറയുക. കൂട്ടായ്മ എന്തുമാകട്ടെ, എന്നാൽ അതിൽ പറയുന്ന കാര്യങ്ങൾ പുറത്തു പറയരുത്.
കൂട്ടായ്മകൾ ഉണ്ടാകട്ടെ, സിനിമയിൽ സ്ത്രീകൾക്ക് ഉയർച്ച ഉണ്ടാകട്ടെ. പക്ഷേ അതിനകത്തെ ചീത്തയും പ്രശ്‌നങ്ങളും അതിനകത്ത് നിൽക്കണം. നമ്മുടെ വീട്ടിൽ ഒരുപ്രശ്‌നമുണ്ടായാൽ നമ്മളറിഞ്ഞാൽ പോരേ, അപ്പുറത്തെ വീട്ടുകാർ കേൾക്കുന്നുവെങ്കിൽ കതക് അടക്കണം. അതേപോലെ ഒരു പ്രശ്‌നമുണ്ടെങ്കിൽ, അത് അയാൾ ആണെന്ന് ഉറപ്പാണെങ്കിൽ മാത്രം കാര്യങ്ങൾ സംസാരിക്കുക.
അമ്മ സംഘടന തന്നെ ദിലീപേട്ടനെ പുറത്താക്കിയിരുന്നല്ലോ? ഇവർ അതിനിടയ്ക്ക് സംഘടനയുമായി മുന്നോട്ട് വന്നു. കുറെ കുറ്റം പറഞ്ഞു. എന്നിട്ട് എവിടെ? ഇപ്പോൾ അതേ കൂട്ടായ്മയോട് കൂടി ഇത് പിന്താങ്ങുന്നുണ്ടോ ഇവർ. ഇല്ല… വേറൊരു സംഭവം വരുമ്പോൾ അതിന് പുറകെ വരും. സിനിമയിൽ വനിത സംഘടനയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. നിലവിൽ സ്ത്രീസംഘടനയിൽ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയിലെ യുവനടന്മാരിൽ മിടുക്കനാണ് ടൊവിനോ തോമസ്.
ടൊവിനോയോട് വിവാദമായ ലിപ് ലോക്ക് സീനുണ്ടാക്കിയ കോലാഹലങ്ങളെ കുറിച്ചും എഡിറ്റർമാർ ചോദിച്ചറിഞ്ഞു.
*** *** ***
കനിഹയുടെ സിനിമാ ജീവിതം മാറ്റിമറിച്ച ചിത്രമാണ് 'പഴശ്ശിരാജ'. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ കനിഹയെ തേടി എത്തിയിരുന്നു. 'പഴശ്ശിരാജയിൽ നായികയായെത്തിയ എന്നെ ആദ്യം മടക്കിയയച്ചിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. മഴവിൽ മനോരമ ചാനലിലെ അഭിമുഖത്തിലായിരുന്നു കനിഹയുടെ ഈ വെളിപ്പെടുത്തൽ.
'മലയാള സിനിമയിൽ നായികയായി വിളിക്കുന്നു. കോടമ്പാക്കത്ത് ഓഫീസിൽ വരാനായിരുന്നു പറഞ്ഞത്. അവിടെ ചെന്നപ്പോൾ ഹരിഹരൻ സാർ ഉണ്ട്, എന്നെ കണ്ടു. എന്നാൽ അദ്ദേഹം അധികം ഒന്നും പറഞ്ഞില്ല. സത്യത്തിൽ എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. ഹരിഹരൻ സാർ ആരാണെന്നോ ഇത് ഇത്ര വലിയ ചരിത്ര പ്രാധാന്യമുള്ള ചിത്രമാണോ ഒന്നും തന്നെ. ഞാൻ ജീൻസും ടീഷർട്ടുമായിരുന്നു ധരിച്ചിരുന്നത്.എന്നെ കണ്ടതിന് ശേഷം ഒരു ഓൾ ദി ബെസ്റ്റ് മാത്രമാണ് ഹരിഹരൻ സാർ പറഞ്ഞത്. പിന്നീട് പൊയ്‌ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപോലെ. എനിക്കാണെങ്കിൽ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയതിന് ശേഷം അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ റിജക്ട് ചെയ്യുന്നത് ഓകെയാണ്. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ എന്ത് കഥാപാത്രമാണ് നിങ്ങൾ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. ആ സമയം ഞാൻ തമിഴിൽ അജിത്തിനൊപ്പം ഒരു ചിത്രം ചെയ്യുകയായിരുന്നു, വരളാരു. അതിൽ ഒരു പാട്ട് സീനിൽ ഞാൻ രാജ്ഞിയുടെ വേഷം ധരിക്കുന്നുണ്ട്. ആ ഭാഗം ഞാൻ സാറിന് മെയിൽ ചെയ്തു. അത് സാറിന് ഇഷ്ടപ്പെടുകയും ശേഷം ചെറിയൊരു സ്‌ക്രീൻ ടെസ്റ്റ് നടത്തി പഴശ്ശിരാജ എന്ന ചിത്രത്തിലേക്ക് നായികയായി എടുക്കുകയുമായിരുന്നു.
ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു. അതുകണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നു ദിവസത്തിന് ശേഷം ഓഫീസിൽ വന്ന് കോസ്റ്റ്യൂമിൽ കണ്ടു നോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെ വെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞു നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്‌ക്രീൻ ടെസ്റ്റ് ആയിരുന്നു. അതിൽ അദ്ദേഹം സംതൃപ്തനായതോടെ അവിടെ വെച്ച് തന്നെ പഴശിരാജയുടെ കരാറിൽ ഒപ്പിട്ടു-കനിഹ പറഞ്ഞു.
*** *** ***
മലയാളത്തിലെ പത്രങ്ങൾക്ക് ആഹ്ലാദിക്കാനും അൽപം അഹങ്കരിക്കാനുമുള്ള വേളയാണിത്. ഈ നൂറ്റാണ്ട് പിറന്ന ശേഷം ഇന്റർനെറ്റും സ്വകാര്യ ടെലിവിഷൻ ചാനലുകളും വ്യാപകമായതോടെ ദിനപത്രത്തിന് വായനക്കാർ കുറഞ്ഞു വരികയാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. കേരളത്തിൽ കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം എല്ലാ ടിവി ചാനലുകളേക്കാളും ഒരു ശതമാനം കൂടുതലാണ് മലയാള പത്രങ്ങളുടെ വായനക്കാരുടെ എണ്ണം. അതായത് അച്ചടിച്ച് വരുന്നതിന് ആളുകൾ കൽപിക്കുന്ന വിശ്വാസ്യത ഇപ്പോഴും ഇത്തിരി മുകളിലാണ്.