Sorry, you need to enable JavaScript to visit this website.

കോന്നി സുരേന്ദ്രൻ, അരിക്കൊമ്പൻ മിഷനിലെ ക്യാപ്ടൻ

പത്തനംതിട്ട- ശബരിമല പാതയിലെ ളാഹ വനപ്രദേശം. അവിടെ ഒരു തള്ളയാന ചരിഞ്ഞു കിടക്കുന്നതായി വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർ അറിയിച്ചതനുസരിച്ച് വനപാലകരും നാട്ടുകാരും  എത്തുമ്പോൾ കാണുന്ന രംഗം കണ്ണു നനയിപ്പിക്കുന്നതായിരുന്നു. അമ്മ മരിച്ചതറിയാതെ ഒരു കുട്ടി കൊമ്പൻ അമ്മയുടെ മുലപ്പാൽ കുടിക്കുന്ന രംഗം. ആ കുട്ടി കൊമ്പനെ നെഞ്ചോട് ചേർത്ത് കോന്നി ആനത്താവളത്തിലേക്ക് കൊണ്ടുവന്നു. ആദ്യം നാമകരണം -സുരേന്ദ്രൻ.
1999ൽ വനം വകുപ്പിന്റെ ജീപ്പിൽ കോന്നി ആനക്കൂടിന്റെ കവാടം കയറുമ്പോൾ സുരേന്ദ്രന് പ്രായം ഏഴ് മാസം. കുട്ടിയാനകളെ പരിചരിക്കാൻ അന്നേ മിടുക്കരായ ഹനീഫയും ഷംസുദ്ദീനും ചേർന്ന് സുരേന്ദ്രനെ പൊന്നുപോലെ നോക്കി. പഞ്ഞിപ്പുല്ലും കുപ്പിപ്പാലും നൽകി കൂടെ കിടന്ന് സുരേന്ദ്രനെ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങി അവർ അവനെ വളർത്തി എടുത്തു. സുരേന്ദ്രനെ കാണാൻ അക്കാലത്ത് കോന്നി ആനക്കൂട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു.
2017ൽ മുതുമല ക്യാമ്പിൽ താപ്പാന പരിശീലനത്തിനായി സുരേന്ദ്രനെ അയക്കാൻ വനം വകുപ്പ് തീരുമാനിച്ചു. പക്ഷെ തദ്ദേശീയമായ എതിർപ്പുണ്ടായെങ്കിലും സുരേന്ദ്രനെ മുതുമലയിലേക്ക് കൊണ്ടുപോയി.
അടുത്തിടെ ധോണി എന്ന പി.ടി. സെവനെ പിടികൂടിയപ്പോഴാണ് കോന്നി സുരേന്ദ്രൻ പിന്നീട് വാർത്തകളിൽ ഇടം നേടിയത്. കൊമ്പനെ കൂട്ടിലാക്കാൻ മുൻപന്തിയിൽ നിന്ന സുരേന്ദ്രൻ എന്ന കുങ്കിയാന ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ചു. കോന്നി ആനത്താവളത്തിലെ സുരേന്ദ്രനാണ് പി.ടിയെ തുരത്താനുള്ള കുങ്കിയാന സംഘത്തിന്റെ 'ക്യാപ്റ്റൻ' ആയത്. ആദ്യം പി.ടി 7 നെ പിടികൂടാൻ രൂപവത്കരിച്ച സ്‌ക്വാഡിൽ കുങ്കിയാനകളുടെ കൂട്ടത്തിൽ സുരേന്ദ്രൻ ഇല്ലായിരുന്നു. മുത്തങ്ങ ക്യാമ്പിൽനിന്നുള്ള ഭരതൻ, വിക്രം എന്നീ ആനകളെയാണ് ഉൾപ്പെടുത്തിയിരുന്നത്. സുരേന്ദ്രനും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ അതിനെയും ഉൾപ്പെടുത്തുകയായിരുന്നു.
വയനാട്, പാലക്കാട് ജില്ലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങുമ്പോൾ അവയെ തുരത്താൻ സുരേന്ദ്രൻ ഒരു ആവശ്യമായി മാറിക്കഴിഞ്ഞിരുന്നു. അവിടുത്തെ നാട്ടുകാർക്കൊക്കെ സുരേന്ദ്രൻ പരിചിതനാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കൂടിയതോടെയാണ് വനം വകുപ്പ് നാട്ടാനകളെ തെരഞ്ഞെടുത്ത് കുങ്കി പരിശീലനം നടത്താൻ തീരുമാനിച്ചത്. അക്കൂട്ടത്തിലാണ് കോന്നിയിലെ സുരേന്ദ്രനും ആദ്യ ബാച്ചിൽ ഉൾപ്പെട്ടത്. കോടനാട്, മുത്തങ്ങ എന്നീ ക്യാമ്പുകളിൽനിന്നു ഓരോ നാട്ടാനകളെ കുങ്കി പരിശീലനത്തിനായി അയച്ചിരുന്നു. തമിഴ്‌നാട്ടിലെ മുതുമല ക്യാമ്പിൽ ആയിരുന്നു കുങ്കി പരിശീലനം. ആദ്യ പരിശീലനത്തിൽ തന്നെ സുരേന്ദ്രൻ മികവ് തെളിയിച്ചു.
10 കുങ്കി ആനകൾ വനംവകുപ്പിന് ഇപ്പോഴുണ്ട്. സുരേന്ദ്രനാണ് കാട്ടാനകളെ തുരത്താനും അവയെ പിടിക്കാനും മുന്നിൽ. അടുത്തിടെ വയനാട്ടിൽ ഇറങ്ങിയ കാട്ടാനയെ കുടുക്കാൻ സുരേന്ദ്രനാണ് പ്രധാന പങ്ക് വഹിച്ചത്. ഇപ്പോൾ അരിക്കൊമ്പനെ പൂട്ടാൻ എത്തിയ സുരേന്ദ്രൻ മലയാളി ആനപ്രേമികളുടെ ഇഷ്ടതാരമാണ്. 1998 ൽ പിറന്ന സുരേന്ദ്രന്റെ 25-ാം വയസ്സിലാണ് തന്നെക്കാൾ 12 വയസ്സ് മൂപ്പള്ള അരി കൊമ്പനെ തളയ്ക്കാൻ നിയോഗം ഉണ്ടായത്.

 

Latest News