ജിസാൻ - വാദി ജിസാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മരിച്ചയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് സംഘം കണ്ടെത്തി. വാദി ജിസാനിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായതായി സിവിൽ ഡിഫൻസിൽ വിവരം ലഭിക്കുകയായിരുന്നു. ശക്തമായ മലവെള്ളപ്പാച്ചലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.
മറ്റൊരു സംഭവത്തിൽ, അസീർ പ്രവിശ്യയിലെ താഴ്‌വരയിൽ ശക്തമായ ഒഴുക്കിൽ പെട്ട കാറിൽ കുടുങ്ങിയ ഡ്രൈവറെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ച് ഗതാഗത നിയമം ലംഘിച്ച ഡ്രൈവർക്ക് ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപനം നടത്തി പിഴ ചുമത്തിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കുന്നത് സമീപ കാലത്ത് ഗതാഗത നിയമ ലംഘനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് 5,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ലഭിക്കും.