ജിദ്ദ - സൗദി അറേബ്യയും ഇറാനും ദിവസങ്ങൾക്കുള്ളിൽ ഇരു രാജ്യങ്ങളിലും തങ്ങളുടെ എംബസികൾ തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്‌യാൻ പറഞ്ഞു. ചൈനയുടെ മധ്യസ്ഥതയിൽ സൗദി അറേബ്യയും ഇറാനും ഒപ്പുവെച്ച കരാർ മേഖലയിൽ പുതിയ അധ്യായങ്ങൾ തുറന്നതായി ബെയ്‌റൂത്തിൽ പത്രസമ്മേളനത്തിൽ ഇറാൻ വിദേശ മന്ത്രി പറഞ്ഞു.
സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാൻ സന്ദർശനത്തിനുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ സന്ദർശിക്കാൻ തനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. സൗദി വിദേശ മന്ത്രിയുടെ ഇറാൻ സന്ദർശനത്തിന്റെയും തന്റെ സൗദി സന്ദർശനത്തിന്റെയും തീയതികളുടെ കാര്യത്തിൽ നയതന്ത്ര ചാനലുകളിലൂടെ പരസ്പര ധാരണയിലെത്തുമെന്നും ഇറാൻ വിദേശ മന്ത്രി പറഞ്ഞു.