Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കല്‍  ഹോബിയാക്കിയ അദ്ധ്യാപകന് 29 വര്‍ഷം കഠിന തടവ് 

പെരിന്തല്‍മണ്ണ-രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അദ്ധ്യാപകന് 29 വര്‍ഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന എറണാകുളം നടമുറി മഞ്ഞപ്ര പാലട്ടി ബെന്നി പോള്‍ (50)നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി  അനില്‍കുമാര്‍ ശിക്ഷിച്ചത്. പഠിപ്പിച്ച സ്‌കൂളിലും, പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ സ്‌കൂളിലും, പ്രതി പോക്സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തു എന്ന രണ്ട് കേസുകളിലായാണ് ശിക്ഷ.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന സംഭവത്തില്‍ 13 വര്‍ഷം കഠിന തടവിനും 1,30,000രൂപ പിഴ അടക്കണമെന്നുമാണ് വിധി. ക്ലാസ് എടുക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മനഃപൂര്‍വം ലൈംഗികാതിക്രമത്തിന് ഇരയാക്കണമെന്ന ഉദ്ദേശത്തോടെ വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ പിടിച്ചും, ഉരസിയും അതിക്രമത്തിന് ഇരയാക്കി എന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മറ്റൊരു സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയപ്പോഴുള്ള കുറ്റകൃത്യമാണ് രണ്ടാമത്തെ കേസിന് ആധാരം. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍, കുട്ടിയുടെ കയ്യില്‍ പിടിച്ചും ദേഹത്ത് തട്ടിയും, അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ 16 വര്‍ഷം കഠിന തടവും, 1,20,000 പിഴയും അടക്കാനും വിധിച്ചു. പോക്സോ അടക്കമുള്ള വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം തുക അതിജീവിതകള്‍ക്ക് നല്‍കാനും വിധിച്ചു. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സാജു കെ എബ്രഹാം, ടി എസ് ബിനു എന്നിവരാണ് രണ്ട് കേസുകളും അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 
 

Latest News