Sorry, you need to enable JavaScript to visit this website.

അത് ഒരു ഒന്നൊന്നര ഗോളായിരുന്നു ക്രൂസ്

ഗാരി ലിനേക്കറുടെ പ്രസിദ്ധമായ ആ വാചകം  'ഫുട്‌ബോൾ ഒരു ലളിതമായ ഗെയിമാണ്. ഇരുപത്തിരണ്ട് ആണുങ്ങൾ 90 മിനുട്ട് പന്തിനു പിന്നാലെ ഓടുന്നു. ഒടുവിൽ എല്ലായ്‌പോഴും ജർമനി വിജയിക്കുന്നു'  സമ്മർദമേറിയ ഒരു ലോകകപ്പ് മൈതാനത്ത് അത്ഭുതകരമായി പലരും പുലരുന്നത് കാണാനുള്ള അവസരം കളികാണൽ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ്. ലോകകപ്പിലെ വൻമരമായ ജർമനി തോറ്റു കാണുന്നതിനു വേണ്ടിയായിരിക്കണം അവരുടേതല്ലാത്ത എല്ലാ ആരാധകരും ടെലിവിഷനു മുന്നിൽ ഉറക്കമിളച്ച് ഇരിപ്പുറപ്പിച്ചത്. അന്തിമ മിനുട്ടിൽ ടോണി ക്രൂസ് നേടിയ, സംശയലേശമന്യേ ഈ ലോകകപ്പിലെ ഏറ്റവും മികച്ച, ഗോളിൽ ജർമനി ജയിച്ചു. മാത്രവുമല്ല, ആ മത്സരം ജർമനി വിജയിച്ചില്ലായിരുന്നുവെങ്കിൽ ആലോചിച്ചു നോക്കൂ, എത്രമാത്രം വിരസവും ദുർബലവും ആവേശരഹിതവുമാകുമായിരുന്നു ഈ ലോകകപ്പിന്റെ ഇനിയുള്ള നാളുകൾ!

ഗ്രൂപ്പ് എഫിൽ സ്വീഡനെതിരായ ജീവന്മരണ പോരാട്ടത്തിന് ടീമിനെ ഒരുക്കുമ്പോൾ ജോക്കിം ലോയുടെ മനസ്സിൽ വാശിയേക്കാൾ പരാജിതനായി നാട്ടിലേക്ക് വിമാനം കയറുന്ന കോച്ചാകുമല്ലോ താൻ എന്ന ഭീതിയായിരിക്കണം ഉണ്ടായിരുന്നത്. ലിറോയ് സാനെയെ നിഷ്‌കരുണം ടീമിൽ നിന്ന് പുറത്താക്കാൻ കാണിച്ച മനസ്ഥൈര്യം ഇന്നലെ പ്ലെയിങ് ഇലവനെ നിശ്ചയിക്കുമ്പോഴും അയാൾ പുലർത്തി. മസൂദ് ഓസിൽ, സമി ഖദീറ, മാറ്റ് ഹമ്മൽസ് എന്നീ പ്രമുഖരെ പുറത്തിരുത്തി. ഡിഫൻസീവ് മിഡ്ഡിൽ ടോണി ക്രൂസിനൊപ്പം കളിക്കാൻ ഇൽകേ ഗുണ്ടോഹനെ ബെഞ്ചിലിരുത്തി ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത സെബാസ്റ്റ്യൻ റൂഡിക്ക് അവസരം നൽകി. ഇടതു ബാക്ക് വിങ്ങിൽ പ്ലേറ്റൻഹാർട്ടിനെ മാറ്റി യൊനാസ് ഹെക്ടറിനെ പരീക്ഷിച്ചതു മനസ്സിലാക്കാം; പക്ഷേ, ഓസിലിന്റെ പൊസിഷനിൽ മാർക്കോ റുയിസ് എത്രമാത്രം വിജയിക്കുമെന്നതിൽ സംശയമുണ്ടായിരുന്നു. പക്ഷേ, കളി തീർന്നപ്പോൾ ഈ രണ്ട് സംശയങ്ങളും  റൂഡി, റൂയിസ്  തകർന്നുതരിപ്പണമാക്കി.

നാലംഗ പ്രതിരോധത്തിന്റെ മർമഭാഗത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് താരം നിൽസൺ ലിൻഡലോഫിനെ പ്രതിഷ്ഠിച്ചതായിരുന്നു സ്വീഡിഷ് ഗെയിം പ്ലാനിലെ പ്രധാന മാറ്റം. കൊറിയക്കെതിരെ കളിച്ച 4-4-2 ഫോർമേഷൻ തന്നെയാണ് ചാമ്പ്യന്മാർക്കെതിരെയും അവർ അവലംബിച്ചത്. ഈ മത്സരത്തിൽ നിന്ന് ഒരു പോയിന്റെങ്കിലും സ്വന്തമാക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പക്ഷേ, മെക്‌സിക്കോ ഒന്നാം മത്സരത്തിൽ കാണിച്ചതുപോലെ ഒരു അത്ഭുതം അവർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് തുടക്കത്തിലെ കളിയിൽ നിന്നു വ്യക്തമായി. ജർമനി സ്ഥിരം ശൈലിയിൽ മൈതാനത്തിന്റെ വീതി ഉപയോഗപ്പെടുത്തി ആക്രമണം നയിച്ചപ്പോൾ പ്രത്യാക്രമണങ്ങളിലായിരുന്നു സ്വീഡന്റെ കണ്ണ്. പ്രതിരോധിക്കുമ്പോൾ പോലും തൊയ്‌വേനനും മാർക്കസ് ബർഗും മധ്യവട്ടത്തിനു ചുറ്റുവട്ടത്തുമായി നിൽക്കാൻ ശ്രദ്ധിക്കുന്നത് കാണാമായിരുന്നു.

തുടക്കംമുതൽ കളി നിയന്ത്രിച്ച ജർമനി പ്രതീക്ഷിച്ചതു പോലെ എതിർബോക്‌സിനു ചുറ്റും പഴുതുകൾ തേടി ആക്രമിച്ചു കൊണ്ടിരുന്നു. പലതവണ ലക്ഷ്യം കാണുന്നതിനു തൊട്ടടുത്തെത്തിയപ്പോൾ അവരുടെ പിൻനിരയും ആക്രമണത്തിൽ പങ്കുചേരാനുള്ള ആവേശം കാണിച്ച് മധ്യവര മുറിച്ചുകടന്നു. ജർമനി പ്രസ്സിങ് ശക്തമാക്കിയ അരമണിക്കൂർ സമയത്തിൽ തന്നെ അതുസംഭവിച്ചു; കളിയുടെ ഗതിക്ക് വിപരീതമായി സ്വീഡന്റെ ഗോൾ. പരിചയ സമ്പന്നനായ ടോണി ക്രൂസിന്റെ പിഴവാണ് അതിലേക്കുള്ള വഴിതുറന്നത്. മൈതാനമധ്യത്ത് ക്രൂസിന്റെ പാസ് ബ്രേക്ക് ചെയ്ത മാർക്കസ് ബെർഗ് പന്ത് തന്റെ മുന്നിലുള്ള ക്ലാസന് കൈമാറുന്നു. പിന്നോട്ടിറങ്ങിയ ക്രൂസിനും റൂഡിഗർക്കുമിടയിലൂടെ ഓടിക്കയറുന്ന തൊയ്‌വോനനെ കണ്ട ക്ലാസൻ ബോക്‌സിലേക്കൊരു ഹൈബോൾ കളിക്കുന്നു. ഉയരക്കാരനായ തൊയ്‌വോനനെ കൈകാര്യം ചെയ്യാൻ ഉയരക്കാരനായ റൂഡിഗർക്കു വിട്ടുകൊടുത്ത് ക്രൂസ് പിന്മാറുന്നു. പക്ഷേ, തൊയ്‌വോനന്റെ ഫസ്റ്റ് ടച്ചും സെക്കന്റ് ടച്ചും ലോകോത്തരമായിരുന്നു. ഏറെ സൂപ്പർതാരങ്ങളെ കൈകാര്യം ചെയ്തു പരിചയമുള്ള മാനുവൽ നോയറെ പോലും സ്തബ്ധനാക്കി രണ്ടാം ടച്ചിൽ തൊയ്‌വോനൻ പന്ത് വലയിലേക്ക് തൂക്കിയിറക്കി. രണ്ടാം ടച്ചിൽ തൊയ്‌വോനൻ പന്ത് കൺട്രോൾ ചെയ്യുമെന്നോ ഷോട്ടെടുക്കുമെന്നോ റൂഡിഗർ മുൻകൂട്ടിക്കണ്ടിരുന്നില്ല; അതിന് അയാളെ കുറ്റം പറയാനും കഴിയില്ല. പോസ്റ്റിലേക്കു നോക്കാതെ വായുവിൽ നിന്ന് പന്ത് ഉയർത്തിവിടാൻ തൊയ്‌വോനൻ കാണിച്ച സാമർത്ഥ്യത്തിനുള്ള പ്രതിഫലമായിരുന്നു ആ ഗോൾ.

ജർമൻ മിഡ്ഫീൽഡിൽ അതുവരെ എണ്ണയിട്ട യന്ത്രംപോലെ കളിച്ച റൂഡി തൊട്ടുമുമ്പായിരുന്നു പിന്മാറിയത്. പകരംവന്ന ഗുണ്ടോഹന് കളിയിൽ ഇടപെടാൻ കഴിയുംമുമ്പ് ജർമനി പിന്നിലായിക്കഴിഞ്ഞു. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളാകട്ടെ ആദ്യപകുതിയിൽ അവരെ ചകിതരാക്കി. സ്വീഡന് കിട്ടിയ മുൻതൂക്കമാകട്ടെ അവരുടെ ആത്മവിശ്വാസം ആകാശംമുട്ടേ ഉയർത്തി. ആദ്യപകുതിയുടെ ഇടവേള ഇല്ലായിരുന്നെങ്കിൽ ജർമനി കളി തോൽക്കുക തന്നെ ചെയ്‌തേനെ.

ഇടവേളയിൽ മനസ്ഥൈര്യം വീണ്ടെടുക്കാൻ ജോക്കിം ലോ തന്റെ ടീമിന് നൽകിയ ഉപദേശം എന്താണെന്നറിയില്ല. പക്ഷേ, രണ്ടാം പകുതിക്കിറങ്ങുമ്പോൾ അവസാനരക്തവും ചിന്തുംവരെ തങ്ങൾ പൊരുതുമെന്ന ഉറപ്പിലായിരുന്നു ജർമൻ താരങ്ങൾ. ഡ്രാക്സ്ലറെ മാറ്റി മരിയോ ഗോമസിനെ ഇറക്കിയപ്പോൾ തന്നെ, ബോക്‌സിൽ സ്വീഡന് തലവേദന ഒഴിയില്ലെന്നുറപ്പായി. അസാമാന്യമായ ഹൈപ്രസ്സ് ഗെയിമാണ് 46ാം മിനുട്ടു മുതൽ അവർ കളിച്ചത്. രണ്ടുമിനുട്ടിനുള്ളിൽ തന്നെ ഫലം ലഭിക്കുകയും ചെയ്തു. ഇടതുവിങിൽ നിന്ന് വെർനർ നൽകിയ ക്രോസിൽ, അബദ്ധത്തിൽ സംഭവിച്ചതായാൽ പോലും ഗോമസിന്റെ ഫുട്ട്‌വർക്കിനാണ് ആ ഗോളിന്റെ പകുതിമാർക്കും നൽകേണ്ടത്. പന്തിനെ ബോക്‌സിന്റെ കൃത്യം മധ്യത്തിലേക്ക് കടത്തിവിടുന്നതിനൊപ്പം അതുവരെ അചഞ്ചലനായി നിന്ന ഗ്രാൻക്വിസ്റ്റിനെ തനിക്കൊപ്പം നിലത്തുവീഴ്ത്താനും അയാൾക്കായി. റൂയിസിന്റെ ഫസ്റ്റ് ടൈം ഫിനിഷ് ഗോൾകീപ്പർക്ക് അനങ്ങാൻ പോലുമുള്ള സമയം ലഭിച്ചില്ല.

സമനില ഗോൾ വന്നതോടെ തന്നെ ജർമനി മാനസികമായി ജയിച്ചു കഴിഞ്ഞിരുന്നു. പിന്നീട് തുടരെ തുടരെ ആക്രമണങ്ങൾ; അതിനൊപ്പം അവസരങ്ങളും. ആദ്യപകുതിയിൽ സംഭവിച്ച പ്രതിരോധ അബദ്ധം ഇനിയുണ്ടാകാതിരിക്കാൻ അവർ ജാഗ്രത പുലർത്തി. എല്ലാവരെയും സ്വന്തം ഹാഫിലേക്കു വിളിച്ച് സമനിലക്കു വേണ്ടി പോരാടുക എന്ന സ്വീഡിഷ് കോച്ച് ആന്റേഴ്‌സന്റെ തന്ത്രം കാര്യങ്ങൾ ചാമ്പ്യന്മാർക്ക് എളുപ്പമാക്കി. തുടർച്ചയായ പ്രസ്സിങിനിടെ ജർമനിയിൽ നിന്ന് വീണ്ടെടുക്കുന്ന പന്തുകളിൽ അതിവേഗ പ്രത്യാക്രമണം നയിക്കാൻ പാകത്തിൽ സ്വീഡിഷ് കളിക്കാർ മൈതാനമധ്യത്തിലോ വശങ്ങളിലോ ഉണ്ടായിരുന്നില്ല. വല്ലപ്പോഴും കൗണ്ടർ അറ്റാക്കിനു കോപ്പുകൂട്ടുമ്പോഴാകട്ടെ, റീഗ്രൂപ്പ് ചെയ്യാൻ ജർമൻ ഡിഫൻസിന് ആവശ്യമായ സമയം ലഭിക്കുകയും ചെയ്തു. ജർമൻ നിരയിൽ ഇന്നലത്തെ മോശം പ്രകടനക്കാരിലൊരാളായ ബോട്ടങ് 82ാം മിനുട്ടിൽ ചുവപ്പുകാർഡ് കണ്ടതെങ്കിലും ഉപയോഗപ്പെടുത്താൻ സ്വീഡന് കഴിയേണ്ടിയിരുന്നു. പക്ഷേ, സമനില മോഹിച്ച് അവരതിന് മുതിർന്നില്ല.

അന്തിമ ഘട്ടത്തിലെ ടോണി ക്രൂസിന്റെ ആ ഗോൾ! ലോകകപ്പിലെ മികച്ച ഗോളായി ഞാനതിന് വോട്ട് ചെയ്യുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്. 1. ആ ആംഗിളിൽ കിട്ടുന്ന ഫ്രീകിക്ക് വലയിലെത്തിക്കാൻ കഴിയുമെന്ന ക്രൂസിന്റെ ആത്മവിശ്വാസം. 2. ആംഗിൾ കുറച്ചുകൂടി കൃത്യമായി കിട്ടുന്നതിനു വേണ്ടി റൂയിസുമായി നടത്തിയ ആസൂത്രണം. 3. അത്ര അടുത്തുനിന്ന് പ്രതിരോധക്കാരുടെ തലകൾക്കു മുകളിലൂടെ പന്തടിച്ചു കയറ്റാൻ ഒരേ ഒരിടമേ പോസ്റ്റിൽ ഒഴിഞ്ഞതായി ഉണ്ടായിരുന്നുള്ളൂ. അവിടേക്കു തന്നെ, പന്തിന് ആവശ്യമായ അളവിൽ മാത്രം വേഗതയും വളവും നൽകി ക്രൂസ് അടിച്ചുകയറ്റി. പ്രതിഭയും പരിചയ സമ്പത്തും ഭാഗ്യവും കൂടിച്ചേർന്ന അത്ഭുത ഗോൾ. അതും, ഒരു മിനുട്ട് കൂടി കഴിഞ്ഞിരുന്നെങ്കിൽ ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള പടിയിൽ നിൽക്കേണ്ടി വരുമായിരുന്ന സന്ദർഭത്തിൽ നേടിയ മില്യൺ ഡോളർ മൂല്യമുള്ള ഗോൾ.

അവസാനം ആലോചിക്കുമ്പോൾ ജർമനി രണ്ടാം പകുതിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണപദ്ധതിയാണ് അവരെ രക്ഷിച്ചത്. അതിനനുസൃതമായ കളിക്കാരും അവരുടെ സന്നദ്ധതയും ജോക്കിം ലോയ്ക്കുണ്ടായിരുന്നു. ഒരിക്കൽക്കൂടി, പ്രതിരോധത്തിലൂന്നാനുള്ള ഒരു ടീമിന്റെ പദ്ധതി അവസാന നിമിഷം പൊളിക്കാൻ ക്ഷമയോടെ, നന്നായി കളിച്ച ടീമിനായി. അതുകൊണ്ട് ഈ ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്ന് കാണാൻ ഫുട്‌ബോൾ പ്രേമികൾക്ക് കഴിയുകയും ചെയ്തു.
 

Latest News